എം.ആർ.ഐ സ്കാനിൽ ആ സത്യം അയാൾ അറിഞ്ഞു. അമ്മയുടെ തലച്ചോറിനു സമീപത്തായി ഒരു മുഴ വളരുന്നുണ്ട്. അത് സർജറി ചെയ്ത് മാറ്റണം. ഡോക്ടർ ശ്രീചിത്രയിലേക്ക് റഫർ ചെയ്തു. അവിടെ ന്യൂറോ സംബന്ധമായ രോഗങ്ങളെല്ലാം മാറുമെന്നായിരുന്നു വിശ്വാസം. പരിചയമുള്ള ഡോക്ടറും അവിടെയുണ്ട്. വീൽ ചെയറിൽ അമ്മയുമായി നിരവധി തവണ ഒ.പിയിൽ കയറിയിറങ്ങി. പരിശോധനകളെല്ലാം നടത്തി. രണ്ടുമാസം കഴിഞ്ഞുള്ള സർജറി ഡേറ്റാണ് ലഭിച്ചത്. പരിചയക്കാരനായ ഡോക്ടറെ കണ്ട്, സർജറി നേരത്തെ ആക്കണമെന്ന് അഭ്യർത്ഥിച്ചു. ഒരു വ്യാഴാഴ്ച 13-ാം നമ്പർ മുറിയിലെത്താൻ പറഞ്ഞു. അവിടെയത്തി. ഡോക്ടർ വരാൻ പറഞ്ഞതാണെന്നു പറഞ്ഞു. 'പുറത്തു നിൽക്കൂ വിളിക്കാം" എന്ന് മറുപടി.
ധാരാളം പേർ കാത്തു നിൽപ്പുണ്ട്. സൗകര്യമില്ലാത്ത ഇടനാഴിയിൽ ചിലർക്ക് മാത്രമേ ഇരിക്കാൻ കസേരയുള്ളൂ. പേര് വിളിക്കുന്നതിനനുസരിച്ചാണ് പ്രവേശനം. ഊഴം എത്തിയപ്പോൾ അയാളും അകത്തേക്ക്. ഉടൻ ചോദിച്ചത് 'കണ്ണിന്റെ ടെസ്റ്റ് നടത്തിയോ" എന്ന്. അങ്ങനെയൊരു ടെസ്റ്റ് നടത്താൻ ഡോക്ടർ പറഞ്ഞില്ലെന്ന് മറുപടി നൽകി. ബാക്കി ടെസ്റ്റ് നടത്തിയതിന്റെ വിവരങ്ങൾ കൈമാറി. 'ഊണു കഴിച്ചിട്ടു കാത്തിരിക്കൂ വിളിക്കാം" എന്നുപറഞ്ഞ് പുറത്തേക്കയയ്ച്ചു.
അവിടെ വന്നവർക്കെല്ലാം ഇതേ മറുപടിയാണ് നൽകിയത്. അഡ്മിഷൻ തേടി പലവട്ടം വന്നവരുമുണ്ട് കൂട്ടത്തിൽ. എല്ലാവരെയും വൈകിട്ടുവരെ ഇരുത്തി ക്ഷമപരീക്ഷിക്കലാണ് അവിടത്തെ പരിപാടി. ഒടുവിൽ ഏതാനും പേരുകൾ വായിക്കും. അവർക്ക് മാത്രമാണ് അഡ്മിഷൻ. ബാക്കിയുള്ളവരെ എന്തെങ്കിലുമൊക്കെ ടെസ്റ്റ് നടത്തിയിട്ട് അടുത്തയാഴ്ച വരാൻ നിർദ്ദേശിക്കും. അടുത്തയാഴ്ച വന്നാലും തനിയാവർത്തനം തന്നെ.
വ്യാഴം, തിങ്കൾ ദിവസങ്ങളിലായി പലവട്ടം ആ മുറിക്കു മുന്നിൽ വന്ന് തപസിരുന്നാലേ അഡ്മിഷൻ ശരിയാകൂ. ഒടുവിൽ അയാളുടെ അമ്മയെ അഡ്മിറ്റു ചെയ്തു. അപ്പോൾ നേരത്തെ ചെയ്ത എല്ലാ ടെസ്റ്രും ഒന്നുകൂടി ചെയ്തു. അപ്പോൾ മുമ്പു ചെയ്തതോ? അതിനുത്തരമില്ല.
'സർജറിയാണ് ചെയ്യാൻ പോകുന്നത് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പാടില്ല"... ആരോ പറഞ്ഞു. പ്രധാന ഡോക്ടർ എത്തി. 'പത്തു വർഷം മുമ്പുള്ള അമ്മയുടെ ആരോഗ്യത്തിലേക്ക് എത്തിക്കാനാകില്ല". 'ഒരുവർഷം മുമ്പുള്ള അമ്മയെ മതി". അയാൾ നിസഹായനായി മറുപടി നൽകി. സർജറി കഴിഞ്ഞു. അമ്മയുടെ മാനസികനില തകരാറിലായതുപോലെ അയാൾക്ക് തോന്നി. അതൊക്കെ ശരിയാകുമെന്ന് ഡോക്ടർ. ഡിസ്ചാർജ് ചെയ്തപ്പോഴും അമ്മയുടെ അവസ്ഥ മോശമാണെന്ന് അയാൾ പറഞ്ഞു. 'സർജറി വിജയമാണ്" എന്നാണ് ആ പ്രഗത്ഭ ഡോക്ടർ പറഞ്ഞത്. ഒരാളുടെ സഹായത്തോടെ നടന്നിരുന്ന അമ്മ രണ്ടുപേർ പിടിച്ചാൽപോലും നടക്കാൻ ബുദ്ധിമുട്ടുകയാണെന്ന് റിവ്യൂവിന് എത്തിയപ്പോഴും അയാൾ പറഞ്ഞു. സർജറി വിജയം എന്നാണ് ഡോക്ടർ ആവർത്തിച്ചത്. രക്തപരിശോധനയിൽ ഗുരുതരമായ കുറവുകൾ ഉണ്ടായിരുന്നു. അതു ചൂണ്ടിക്കാട്ടിയപ്പോൾ സ്വകാര്യ ആശുപത്രിയിൽ കാണിക്കാൻ നിർദ്ദേശിച്ചു.
സ്വകാര്യ ആശുപത്രിയിൽ അമ്മയെ കാണിച്ചു. പക്ഷെ അധികം വൈകാത അമ്മ മരിച്ചു. ശ്രീചിത്രയിലെ രേഖകളിൽ അമ്മയുടെ സർജറി വിജയകരമെന്നാകും രേഖപ്പെടുത്തിയിട്ടുണ്ടാകുക.
(കേരളകൗമുദിയുടെ ഒരു വായനക്കാരൻ നേരിട്ട ദുരനുഭവം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |