SignIn
Kerala Kaumudi Online
Thursday, 11 September 2025 4.41 AM IST

നേപ്പാളിലെ കലാപവും ജെൻ- സി പൊട്ടിത്തെറിയും

Increase Font Size Decrease Font Size Print Page

neppal

നേപ്പാളിൽ സമൂഹ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് യുവജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം തുടങ്ങിയ സംഭവം പെട്ടെന്ന് ഒരുദിവസംകൊണ്ട് ഉണ്ടായതല്ല. കുറച്ചു വർഷങ്ങളായി പല വിഷയങ്ങളിലായി നടക്കുന്ന പ്രതിഷേധങ്ങൾ ഉരുണ്ടുകൂടിയുണ്ടായ 'സ്ഫോടന"മാണ് ഇപ്പോഴത്തേത്!

രാഷ്ട്രീയമായി വളരെയേറെ അസ്ഥിരമായ രാജ്യമാണ് ഇപ്പോൾ നേപ്പാൾ. അതിന്റേതായ പ്രശ്നങ്ങൾ അവിടെയുണ്ട്. രണ്ടാമത്തേത്, ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതിയും സ്വജനപക്ഷപാതവും അതിരൂക്ഷമാണ് എന്നതാണ്. നേപ്പാളിലെ അഴിമതി അതിരൂക്ഷമായ പ്രശ്നമെന്ന നിലയിൽ അവിടെ വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനെല്ലാമെതിരായി ഒരു ക്യാമ്പയിൻ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ടായിരുന്നു. 'നെപ്പോ കിഡ്സ്" എന്ന ഹാഷ്‌ടാഗുമായി ബന്ധിപ്പിച്ചുകൊണ്ട്,​ നേപ്പാൾ സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള ക്യാമ്പയിൻ ആയിരുന്നു അത്.

രാഷ്ട്രീയ നേതാക്കളും അധികാരത്തിലിരിക്കുന്നവരും അവരുടെ മക്കൾക്കും സ്വന്തക്കാർക്കും വേണ്ടി അധികാരം ദുരുപയോഗം ചെയ്യുകയും,​ രാഷ്ട്രത്തിന്റെ സമ്പത്ത് ധൂർത്തടിക്കുകയുമാണെന്നാണ് പ്രക്ഷോഭകാരികളുടെ ആക്ഷേപം. സാധാരണ ജനങ്ങൾക്ക് ജീവിക്കാനാവുന്നില്ലെന്നും അധികാരികൾ ആഡംബര ജീവിതം നയിക്കുന്നുവെന്നുമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. തൊഴിലില്ലായ്മ അതിരൂക്ഷമായ നേപ്പാളിൽ യുവജനങ്ങളും മറ്റും ഈ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു.

നെപ്പോ കിഡ്സ് ക്യാമ്പയിൻ വ്യാപകമായി ഉയർന്നുവരുന്നതിനിടെയാണ് 26 സോഷ്യൽ മീഡ‌ിയാ ആപ്പുകളെ വിലക്കി സർക്കാർ ഉത്തരവിറക്കിയതും,​ ജെൻ- സി എന്ന് വിളിപ്പേരുള്ള പ്രക്ഷോഭം വ്യാപകമായി പടർന്നുപിടിച്ചതും. തൊഴിലില്ലായ്മ അത്രയധികം രൂക്ഷമായ അവസ്ഥയിലാണ് നേപ്പാൾ. പണ്ട് കേരളത്തിൽ നിന്ന് സാധാരണക്കാർ ഗൾഫ് രാജ്യങ്ങളിലേക്കു പോയി പണമുണ്ടാക്കിയതു പോലെ,​ നേപ്പാളി ചെറുപ്പക്കാർ വരുമാനം തേടി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. സ്വന്തം നാട്ടിലെ അരക്ഷിതാവസ്ഥ യുവജനങ്ങളെ വലിയ തോതിൽ രോഷാകുലരാക്കിയിരുന്നു. രാഷ്ട്രീയക്കാർക്കും അധികാരികൾക്കുമെതിരായ രോഷം ഇത്ര കടുത്ത രീതിയിൽ പ്രകടിപ്പിക്കപ്പെടുന്നതും,​ അതിന് ഒരു കലാപത്തിന്റെ സ്വഭാവം കൈവന്നതും അതുകൊണ്ടാണ്.

നേപ്പാൾ സമൂഹം സാങ്കേതിക വിദ്യയിലും വിദ്യാഭ്യാസത്തിലും വളരെ മുന്നിലാണെന്നതും ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. 48 ശതമാനം ആളുകളാണ് നേപ്പാളിൽ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഇത് 33 ശതമാനം മാത്രമേയുള്ളൂ. അത്തരമൊരു രാജ്യത്ത് ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും എക്സും പോലെ യുവജനങ്ങൾക്കു പ്രിയങ്കരമായ 26 പോപ്പുലർ ആപ്പുകൾ വിലക്കിയതിന്റെ പ്രത്യാഘാതമാണ് ഈ തിരിച്ചടിക്കു കാരണമായത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയുണ്ടായ പ്രതിഷേധങ്ങളും അതേത്തുടർന്നുണ്ടായ പ്രക്ഷോഭവുമാണ് നേപ്പാളിലേത് എന്നതാണ് മറ്റു രാജ്യങ്ങളിലുണ്ടായ അട്ടിമറികളിൽ നിന്ന് ഇതിനെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നത്.

അമേരിക്കയുടെ ഇടപെടൽ?
അമേരിക്കയുടെ ഇടപെടലുകൾ പ്രക്ഷോഭത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. നേപ്പാൾ സർക്കാരിന് ചൈനയുമായി അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. ചൈനയുമായി അടുക്കുന്നത് തടയാൻ അമേരിക്ക നടത്തിയ ഇടപെടലുകളാണ് പ്രക്ഷോഭത്തിനു കാരണമായതെന്ന് ചില അനലിസ്റ്റുകൾ പറയുന്നുണ്ട്. അതിനെ അനുകൂലിക്കാനും എതിർക്കാനും ഇപ്പോഴാവില്ല. നേപ്പാളിൽ നിലവിലുള്ള സർക്കാർ ആദ്യംമുതലേ ചൈനയുമായി അടുപ്പത്തിലാണ്. ഇന്ത്യയുമായി ആദ്യം അടുപ്പമുണ്ടായിരുന്നില്ലെങ്കിലും,​അടുത്തിടെയായി ഇന്ത്യയുമായി സൗഹൃദം അനിവാര്യമാണെന്ന രീതിയിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്.

കരുതലോടെ ഇന്ത്യ

നേപ്പാളിലെ സംഭവ വികാസങ്ങൾ ഇന്ത്യ വളരെ കരുതലോടെയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുമായി ചേർന്നുകിടക്കുന്ന രാജ്യമായതിനാൽ അവിടെയുണ്ടാകുന്ന പ്രശ്നങ്ങൾ നമ്മളെയും സാരമായി ബാധിക്കും. നേപ്പാളുമായി ഇന്ത്യയ്ക്കുള്ളത് 'തുറന്ന അ‌തിർത്തി" (ഓപ്പൺ ബോർഡർ) ആയതുകൊണ്ട് പ്രക്ഷോഭവും കലാപവും ഇനിയും രൂക്ഷമായാൽ,​ ഇന്ത്യയിലേക്ക് അവിടെ നിന്ന് ആളുകളുടെ കടന്നുകയറ്റത്തിനും സാദ്ധ്യതയുണ്ട്. നേപ്പാളിൽ സമാധാനത്തിനും സ്ഥിരതയ്ക്കുമായുള്ള ശ്രമങ്ങൾക്കായിരിക്കും ഇന്ത്യ മുൻതൂക്കം നല്കുക. ഇന്ത്യയെ സംബന്ധിച്ച് സ്ഥിരതയുള്ള ഒരു ഭരണകൂടം നേപ്പാളിൽ നിലനിൽക്കണമെന്നാണ് താത്പര്യം.

നിലവിലെ സംഭവവികാസങ്ങൾ ഏതു രീതിയിൽ മുന്നോട്ടുപോകുമെന്ന് ഇപ്പോൾ തീർത്തു പറയാനാവില്ല. കാരണം, പ്രക്ഷോഭമുണ്ടായിരിക്കുന്നത് നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും എതിരായാണ്. മുമ്പുണ്ടായിരുന്ന രാജഭരണത്തെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ആളുകൾ നേപ്പാളിൽ ഇപ്പോഴുമുണ്ട്. എന്നിരുന്നാലും സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണ മുന്നേറ്റമായതിനാൽ ഒരു വിമത ഐക്യം രൂപപ്പെടുന്നതിനും മറ്റും സമയം വേണ്ടിവരും. പ്രക്ഷോഭകാരികളെ നേരിടാൻ സൈന്യവും പൊലീസും രംഗത്തുണ്ടെങ്കിലും വലിയതോതിലുള്ള അടിച്ചമർത്തലുകൾക്ക് സൈന്യം മുതിർന്നിട്ടില്ല. എന്തായാലും വലിയൊരു മാറ്റത്തിന്റെ വാതിൽപ്പടിയിലേക്കാണ് നേപ്പാളിന്റെ സഞ്ചാരമെന്ന് കരുതാം.

TAGS: NEPPAL, GENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.