ഓണം വന്നാലും കഴിഞ്ഞുപോയാലും കുറേയധികം പരമ്പരാഗത തൊഴിലാളികളുടെ കീശ നിറഞ്ഞിട്ടുണ്ടാവില്ല. തുണികളും സ്വർണാഭരണങ്ങളും പലചരക്കുകളുമെല്ലാം ഓണവിപണിയിൽ കോടികൾ മറിക്കുമ്പോൾ ഒട്ടനവധി കുലത്തൊഴിലുകാർക്ക് ഓണക്കാലവും പതിവുപോലെ തന്നെയാണ്. അക്കൂട്ടത്തിൽ ഒരു വിഭാഗമാണ് കളിമൺ പാത്രങ്ങളും അലങ്കാര വസ്തുക്കളും പൂക്കളത്തിൽ വയ്ക്കുന്ന തൃക്കാക്കരയപ്പൻമാരെയുമെല്ലാം നിർമ്മിക്കുന്ന കുംഭാരൻമാർ. ആന്ധ്രപ്രദേശിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെയെത്തി സ്ഥിരതാമസമാക്കിയ കുംഭാരൻമാരുടെ പുതിയ തലമുറ അതുകൊണ്ടു തന്നെ ഈ കുലത്തൊഴിലിൽ നിന്ന് അകന്നു പോയിത്തുടങ്ങി. ഈ ഓണക്കാലം കഴിഞ്ഞുപോകുമ്പോൾ അവരുടെ വേദനകളും കേൾക്കുക.
''എല്ലാറ്റിന്റേം വെല കേറീല്ലേ?. പത്തുകൊല്ലം മുൻപത്തെ വിലയേ ഞങ്ങൾ ഉണ്ടാക്കുന്ന തൃക്കാരപ്പന്മാർക്കുള്ളൂ..."" മൺപാത്ര നിർമ്മാണത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാത്രമംഗലത്തെ തൊഴിലാളിയുടെ വേദനയാണിത്. വൻവില കൊടുത്ത് മണ്ണുവാങ്ങി കുഴച്ചെടുത്ത് ചൂളയിൽ വച്ച് ഉണക്കിയെടുക്കുന്ന തൃക്കാക്കരയപ്പന്മാർക്ക് മുപ്പതോ നാൽപ്പതോ രൂപ മാത്രമാണ് അന്നും ഇന്നുമുള്ളത്.
പ്ലാസ്റ്റിക്കും മരവും ഒഴിവാക്കി മണ്ണിൽ തീർത്ത തൃക്കാക്കരയപ്പന്മാരെ ആവശ്യപ്പെടുന്നവർ ഏറെയുണ്ടെങ്കിലും വില കൂട്ടിയാൽ ആരും വാങ്ങില്ല. പ്രളയവും കൊവിഡുമെല്ലാം അവരെ തകർത്തു കളഞ്ഞെങ്കിലും കുംഭാരകോളനികൾ കുലത്തൊഴിൽ കൈവിട്ടില്ല. രണ്ടുമാസത്തെ അദ്ധ്വാനം കൊണ്ട് ആയിരത്തോളം തൃക്കാക്കരയപ്പന്മാരെ ഉണ്ടാക്കുന്ന തൊഴിലാളിക്ക്, വിറ്റാൽ പതിനായിരം രൂപ പോലും ലാഭമില്ല. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നടക്കം ലോഡിന് 14,000 രൂപ നൽകിയാണ് തൊഴിലാളികൾ മണ്ണ് വാങ്ങുന്നത്. പ്രളയകാലത്തിന് ശേഷം കളിമണ്ണ് കിട്ടാൻ ജിയോളജി വകുപ്പിന്റെ തടസം വന്നു. കുലത്തൊഴിലായതിനാൽ മണ്ണെടുക്കാൻ തൊഴിലാളിക്കുണ്ടായിരുന്ന അനുമതി നിഷേധിച്ചു. കരാറുകാർ ജിയോളജി വകുപ്പിന്റേയും തദ്ദേശസ്ഥാപനത്തിന്റേയും പാസെടുത്ത് മണ്ണ് വിതരണം ചെയ്യുമ്പോൾ പണം കൂടുതൽ കൊടുക്കേണ്ടി വരും.
പണിക്കുള്ള
പണമില്ല
ഉരുളയായി കൊണ്ടുവരുന്ന മണ്ണ് ആദ്യം അരയ്ക്കും. ബലം കൂട്ടാൻ വ്യത്യസ്ത മണ്ണുകളും കൂട്ടിച്ചേർക്കും. അച്ചിലിട്ട് വാർത്തെടുത്ത് മണലും ചേർത്ത് മൂന്നുദിവസം വെയിലത്തുണക്കും. കരവിരുതാണ് പ്രധാനം. മിഴിവും ഉറപ്പും ഇല്ലെങ്കിൽ ആരും വാങ്ങില്ല. ആളൂർ, കുമ്പിടി എന്നിവിടങ്ങളിലെ കറുപ്പും ചുവപ്പും കലർന്ന മണ്ണാണ് ഉപയോഗിക്കുന്നത്. വിപണിയിലെ വില ചെറുതിന് (7ഇഞ്ച് നീളം) 40-60 രൂപ വരും. ഇടത്തരം (9 ഇഞ്ച്) 60-80 രൂപയും. വലുതിന് (11 ഇഞ്ച്) 80-90 രൂപ മാത്രം. കത്തിക്കാനുളള ചകിരിയുടെ വില പോലും കൂടി. 100 എണ്ണത്തിന് 120 രൂപയാണ്. ഒരു ചൂളയിൽ വേണ്ട വിറക് 10 കി.ഗ്രാമാണ്. ചകിരി 1500 എണ്ണവും.
സമൃദ്ധിയുടെ
പ്രതിരൂപം, പക്ഷേ...
ഓണത്തിന് തൃക്കാക്കരയപ്പന്മാരെ പൂജിച്ചാൽ സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. പക്ഷേ, ഇത് നിർമ്മിക്കുന്ന നിർദ്ധനരായ ആയിരക്കണക്കിന് കുംഭാര തൊഴിലാളികൾക്ക് യാതൊരു സമൃദ്ധിയുമില്ലെന്നതാണ് യാഥാർത്ഥ്യം. ധർമ്മത്തിനായി നിലകൊണ്ട മഹാബലിയുടെ രൂപമെന്ന സങ്കൽപ്പത്തിലാണ് തൃക്കാക്കരയപ്പന്മാരെ ആരാധിക്കുന്നത്. ചിലയിടങ്ങളിൽ വാമനന്റെ പ്രതീകമാണെന്നും വിശ്വാസമുണ്ട്. മണ്ണ് ലഭിക്കാൻ കരാറുകാർക്ക് നൂലാമാലകളുണ്ട്. അതുകൊണ്ട് അവർ കൂടുതൽ പണം വാങ്ങും. സ്വയം തൊഴിൽ എന്ന നിലയിൽ മണ്ണ് കൊണ്ടുവരാനുള്ള അനുമതി ലഭിച്ചാലേ കഷ്ടപ്പാടുകൾ തീരൂവെന്ന് പുതിയ തലമുറയിലെ തൊഴിലാളി ബിനീഷ് പാത്രമംഗലം പറയുന്നു.
കളിമൺ
റിംഗുകൾക്കും വിലയില്ല
കൊടുംചൂടിൽ നാടും നഗരവും വറ്റി വരളുമ്പോൾ കേരളത്തിലെ കിണറുകളിൽ നിറഞ്ഞത് ആയിരക്കണക്കിന് കളിമൺ റിംഗുകൾ. പക്ഷേ, അതിനും അദ്ധ്വാനത്തിന് അനുസരിച്ചുള്ള പണം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റിംഗുകൾ നിർമ്മിക്കുന്നത് തൃശൂരിലെ പാത്രമംഗലത്തും ആളൂരും ചൂണ്ടലിലുമെല്ലാമാണ്. ആവശ്യത്തിന് മണ്ണ് കിട്ടാത്തതും തൊഴിലാളികളെ ലഭിക്കാത്തതും സ്ഥല സൗകര്യമില്ലാത്തതുമാണ് പ്രതിസന്ധി. മറ്റ് ജില്ലകളിലേക്കും കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വരെ ഇവയെത്തിക്കുന്നു. ശുദ്ധജലം ലഭിക്കാത്ത ഇടങ്ങളിലാണ് ആവശ്യക്കാരേറെ. മാലിന്യം കിണറിലേക്ക് എത്തുന്നതിനാൽ നഗരപ്രദേശത്തുള്ളവരും റിംഗ് തേടി വന്നു. പാത്രമംഗലത്തെ കുംഭാര കോളനിയിലെ കളിമൺ പാത്ര നിർമ്മാണത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇവിടെയാണ് നാലുപതിറ്റാണ്ട് മുമ്പ് കളിമൺ റിംഗ് ആദ്യം ഉണ്ടാക്കിയതെന്നാണ് അവർ അവകാശപ്പെടുന്നത്.
മണ്ണാണ് പ്രശ്‌നം
ഖനനം നിരോധിച്ചതിനാൽ ജിയോളജി വകുപ്പിൽ നിന്ന് പാസ് വാങ്ങിയ ശേഷമാണ് മണ്ണ് ശേഖരിക്കുന്നത്. പലപ്പോഴും മണ്ണിന് ക്ഷാമമുണ്ടാകും. ഭാരതപ്പുഴയോരത്തും മറ്റ് സ്ഥലങ്ങളിലുമുള്ള വ്യത്യസ്ത തരം മണ്ണ് കൂട്ടിച്ചേർത്ത് ചവിട്ടിക്കുഴച്ചും അരച്ചും ഡൈയിൽ തേച്ചുപിടിപ്പിക്കും. മൂന്നുദിവസം ചൂളയിൽ വേവുന്നതോടെ റിംഗ് പാകമായി. റിംഗുകൾ തമ്മിൽ ഉറപ്പിക്കുന്നതും കളിമണ്ണിലാണ്. ശുദ്ധമായ തണുത്ത വെള്ളമാണ് കളിമൺ റിംഗ് കൊണ്ടുള്ള പ്രധാന ഗുണം. റിംഗുകൾക്ക് ചുറ്റും ചെറിയ ദ്വാരങ്ങളുണ്ട്. ചുറ്റും ബേബി മെറ്റലിടും. അടിയിലെ റിംഗിന് ചുറ്റും ചിരട്ടക്കരി നിറയ്ക്കും. ഇതിലൂടെ വെള്ളം അകത്തേക്ക് ഫിൽറ്റർ ചെയ്തിറങ്ങും. മാലിന്യങ്ങൾ ഒരു പരിധി വരെ വെള്ളത്തിൽ കലരില്ല. കളിമണ്ണിന്റെ തണുപ്പ് എത്ര കൊടുംചൂടിലുമുണ്ടാകും. മുപ്പതുവർഷം മുൻപ് വച്ച റിംഗുകൾക്ക് ഒരു പോറൽ പോലുമുണ്ടാകില്ല. സിമന്റാണെങ്കിൽ നശിക്കും, കമ്പി പുറത്തുവരും, ചെളിയുമുണ്ടാകും. രാസവസ്തുക്കൾ ചേർക്കാത്തതിനാൽ പ്രകൃതി സൗഹൃദവുമാണ്. ആവശ്യത്തിന് മണ്ണ് ലഭ്യമാക്കുകയും സർക്കാർ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ ഈ തൊഴിൽ നിലനിൽക്കും. കുറെ കുടുംബങ്ങൾ സമൃദ്ധമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |