
ഉദിയൻകുളങ്ങര: തെക്കൻ കേരളത്തിലെ പ്രധാന മത്സ്യത്തൊഴിലാളി ഗ്രാമമായ പൊഴിയൂരിലെ തെക്കേ കൊല്ലങ്കോട്, പരുത്തിയൂർ മേഖലയിലെ കടലാക്രമണം തടയുന്നതിനായി തീരസംരക്ഷണ പദ്ധതിയിൽ 43.65 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം ജില്ലയുടെ പൊഴിയൂർ പ്രദേശത്തെ തെക്കൻ കൊല്ലങ്കോട്, പരുത്തിയൂർ മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് പുതിയ പദ്ധതി.
പരുത്തിയൂരും തെക്കേ കൊല്ലങ്കോടും കഴിഞ്ഞ നാലു വർഷക്കാലമായി കടലാക്രമണ ഭീഷണിയിലാണ്. തെക്കേ കൊല്ലങ്കോടിനോടു ചേർന്ന തമിഴ്‌നാടിന്റെ ഭാഗത്ത് പുലിമുട്ട് നിർമാണം ആരംഭിച്ചതിനു പിന്നാലെയാണ് പൊഴിയൂരിൽ കടലാക്രമണം ശക്തമായത്. തമിഴ്നാടിന്റെ ഭാഗത്ത് പുലിമുട്ട് നിർമ്മിച്ചാൽ പൊഴിയൂരിന് ഭീഷണിയാകുമെന്ന് മത്സ്യത്തൊഴിലാളികൾചൂണ്ടിക്കാണിച്ചിട്ടും ഫിഷറീസ് വകുപ്പ് അവഗണിക്കുകയായിരുന്നു. എന്നാൽ തമിഴ്‌നാടിന്റെ ഭാഗത്ത് നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപേ പൊഴിയൂർ തെക്കേ കൊല്ലങ്കോട് മേഖലയിൽ കടലാക്രമണം ആരംഭിച്ചു. ഇതോടെ തെക്കേ കൊല്ലങ്കോട് മേഖലയിലെ തീരം പൂർണമായും നഷ്ടമായി.
നീരോടി റോഡ് തകർന്നിരുന്നു
ജനവാസ മേഖലകളിലേക്ക് കടൽ കയറിത്തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ മറ്റിടങ്ങളിലേക്കു മാറാൻ നിർബന്ധിതരായി. ശക്തമായ കടലാക്രമണത്തിൽ പരുത്തിയൂർ തെക്കേ കൊല്ലങ്കോട് നീരോടി റോഡ് പൂർണമായും തകർന്നു. തെക്കേ കൊല്ലങ്കോടിനു പിന്നാലെ പരുത്തിയൂരും ശക്തമായ കടലാക്രമണമുണ്ടായി.
പുതിയ പദ്ധതി
കഴിഞ്ഞ രണ്ടുവർഷത്തിനിടെയുണ്ടായ ശക്തമായ കടലാക്രമണത്തിൽ പരുത്തിയൂരിൽ ഒരു കിലോമീറ്ററിലധികം കടൽകയറി. ഓഖി സ്മാരകമടക്കം തകർന്നു. നിലവിലുള്ള കടൽഭിത്തി പൊളിച്ചുമാറ്റിയ ശേഷം പുതിയ രൂപകൽപ്പനയിൽ പുനർനിർമ്മിക്കുന്നതാണ് പുതിയ പദ്ധതി. കഴിഞ്ഞ കടൽക്ഷോഭ കാലത്ത് പ്രദേശത്ത് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ഇറങ്ങാൻ കഴിയാതെ വൻ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നിരുന്നു.
പുതിയ കടൽഭിത്തി നിർമ്മാണം
മത്സ്യത്തൊഴിലാളികൾക്ക് പൂർണ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് പുതിയ കടൽഭിത്തി നിർമ്മിക്കുക. ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |