കൊച്ചി: അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക ബന്ധത്തിനായി പണം നൽകുന്നയാളുടെ പേരിൽ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാളെ ഉപഭോക്താവായി കാണാനാകില്ലെന്നും അങ്ങനെ കാണണമെങ്കിൽ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണമെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം പേരൂർക്കട പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്.
ലൈംഗികത്തൊഴിലാളി ഒരിക്കലും ഒരു ഉത്പന്നമല്ല. അവർ പലപ്പോഴും മനുഷ്യക്കടത്തിന്റെ ഇരകളും മറ്റുള്ളവരുടെ ശാരീരികസുഖത്തിനായി സ്വന്തംശരീരം നൽകാൻ നിർബന്ധിതരാകുന്നവരുമാണ്. സുഖംതേടുന്നവർ നൽകുന്ന പണത്തിലേറെയും പോകുന്നത് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരുടെ കൈകളിലേക്കായിരിക്കും. അതിനാൽ അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗികബന്ധത്തിനായി പണം നൽകിയയാളുടെ പേരിൽ അനാശാസ്യപ്രവർത്തന നിരോധന നിയമത്തിലെ വകുപ്പ് 5(1) ഡി പ്രകാരമുള്ള പ്രേരണക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |