ന്യൂഡൽഹി: 27 ലക്ഷത്തിന്റെ പുതിയ മഹീന്ദ്ര ഥാർ സ്വന്തമാക്കാൻ ഷോറൂമിലെത്തിയ യുവതി അവസാനം എത്തിപ്പെട്ടത് ആശുപത്രിയിൽ. പണിപ്പറ്റിച്ചത് ഒരു നാരങ്ങയും. ഥാർ റോഡിലേയ്ക്ക് ഇറക്കുന്നതിന് മുൻപായി പൂജ ചെയ്തത് അവസാനം അപകടത്തിൽ കലാശിക്കുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് രാജ്യതലസ്ഥാനത്തെ മഹീന്ദ്ര ഷോറൂമിലാണ് സംഭവം നടന്നത്. 29കാരിയായ മാനി പവാറിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തന്റെ പുതിയ മഹീന്ദ്ര കാറിന്റെ ഡെലിവറിക്കായി ഡൽഹി നിർമൻ വിഹാറിലുള്ള ഷോറൂമിൽ തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെ എത്തിയതായിരുന്നു ഗസിയാബാദ് ഇന്ദിരാപുരം സ്വദേശിനിയായ മാനി പവാർ. ഭർത്താവ് പ്രദീപും ഒപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം വാഹനം പുറത്തിറക്കുന്നതിന് മുൻപായി പൂജ ചെയ്യാൻ യുവതി തീരുമാനിച്ചു. സാധാരണയായി എല്ലാവരും ചെയ്യുന്നതുപോലെ നാരങ്ങ തറയിൽ വച്ചതിനുശേഷം അതിലൂടെ ഥാറിന്റെ ടയർ കയറ്റിയിറക്കാനായിരുന്നു പ്ളാൻ. ഷോറൂമിന്റെ ഒന്നാം നിലയിലായിരുന്നു സംഭവം. യുവതിക്കൊപ്പം ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തിൽ കയറി.
തുടർന്ന് പതിയെ നാരങ്ങയ്ക്ക് മുകളിലൂടെ വാഹനം ഓടിക്കുന്നതിനിടയിൽ അബദ്ധത്തിൽ മാനി ആക്‌സിലേറ്ററിൽ കാൽ അമർത്തുകയായിരുന്നു. പിന്നാലെ ഒന്നാം നിലയുടെ ഗ്ളാസ് തകർത്ത് വാഹനം താഴെ പതിച്ചു. കാർ പറന്നുവീഴുന്നതിന്റെയും തലകീഴായി കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമാണ്.
അപകടത്തിന് തൊട്ടുപിന്നാലെ എയർ ബാഗുകൾ തുറന്നതിനാൽ വലിയ പരിക്കുകൾ ഒഴിവായി. യുവതിയെയും ജീവനക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകൾക്കുശേഷം വിട്ടയയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |