കൊച്ചി: അക്ഷയ കേന്ദ്രങ്ങളുടെ സർവീസ് ചാർജ് വർദ്ധനയുമായി ബന്ധപ്പെട്ട് സംരംഭകരുടെ സംഘടനകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അക്ഷയ കേന്ദ്രങ്ങൾ ജനസേവനത്തിനുള്ളതാണെന്നും ലാഭമുണ്ടാക്കാനുള്ള ബിസിനസ് കേന്ദ്രങ്ങളല്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.
പുതിയ നിരക്ക് നിശ്ചയിച്ച് കഴിഞ്ഞമാസം ആറിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ നിലവിലുള്ള ആനുകൂല്യങ്ങളും നഷ്ടമായെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിരക്ക് പുതുക്കുന്നതിനായി അക്ഷയകേന്ദ്രം ഡയറക്ടറുടെ നേതൃത്വത്തിൽ സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. അക്ഷയ പ്രതിനിധികളുമായി ചർച്ച ചെയ്തുവേണം തീരുമാനമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ സർക്കാരുമായുള്ള കരാർ പ്രകാരമാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ നിശ്ചയിക്കുന്ന നിരക്കാണ് ബാധകം. മറിച്ചാണെങ്കിൽ ജനങ്ങൾക്ക് സർക്കാർ സൗജന്യമായി നൽകേണ്ട സേവനങ്ങളാണിവ. വ്യവസ്ഥകൾ സ്വീകാര്യമല്ലെങ്കിൽ പിന്മാറാൻ സംരംഭകർക്ക് അവകാശമുണ്ട്. പക്ഷേ സേവന നിരക്ക് നിഷ്കർഷിക്കാനോ ആവശ്യപ്പടാനോ നിയമപരമായ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |