കീവ് : യുക്രെയിനിൽ റഷ്യൻ ആക്രമണം ശക്തമായി തുടരുന്നതിനിടെ, വ്യോമാതിർത്തി ലംഘിച്ച 4 റഷ്യൻ ഡ്രോണുകൾ വെടിവച്ച് വീഴ്‌ത്തി പോളണ്ട്. ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെയാണ് സംഭവം. 19 ഡ്രോണുകൾ വ്യോമാതിർത്തി ലംഘിച്ചെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പറഞ്ഞു. 2022ൽ യുക്രെയിൻ സംഘർഷം തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു നാറ്റോ രാജ്യത്തിന്റെ പ്രദേശത്ത് റഷ്യൻ ഡ്രോണിനെ വെടിവച്ചു വീഴ്ത്തിയത്. പോളണ്ടിന്റെ വ്യോമാതിർത്തി താത്കാലികമായി അടച്ചെങ്കിലും പിന്നീട് തുറന്നു. റഷ്യൻ നടപടിയെ ശക്തമായ വിമർശിച്ച് നാറ്റോ രാജ്യങ്ങൾ രംഗത്തെത്തി. ഒരു നാറ്റോ അംഗരാജ്യത്തിന് നേരെ ബോധപൂർവം ആക്രമണം നടത്തിയാൽ, നാറ്റോയിലെ യു.എസ് ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളും ഒരുമിച്ച് പ്രതിരോധ നടപടി സ്വീകരിക്കുമെന്നാണ് ചട്ടം.
അതേസമയം, പോളണ്ടിനെ ആക്രമിക്കേണ്ട കാര്യം തങ്ങൾക്കില്ലെന്ന് റഷ്യ പ്രതികരിച്ചു. 415 ഡ്രോണുകളാണ് റഷ്യ ഇന്നലെ യുക്രെയിന് നേരെ വിക്ഷേപിച്ചത്. ചൊവ്വാഴ്ച കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിലുണ്ടായ റഷ്യൻ ബോംബാക്രമണത്തിൽ പെൻഷൻ വാങ്ങാൻ ക്യൂ നിന്ന 24 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |