പാലക്കാട്: വിജനമായ സ്ഥലത്ത് പ്ളസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മുതലമട കള്ളിയമ്പാറയിൽ പരേതനായ കലാധരന്റെയും ഷീബയുടെയും മകൾ ഗോപിക (17) ആണ് മരിച്ചത്. കൊല്ലങ്കോട് ബി എസ് എസ് എച്ച്‌എസ്‌എസിലെ വിദ്യാർത്ഥിനിയാണ്. രാവിലെ സ്‌കൂളിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു കുട്ടി. പിന്നീട് വീടിന് അര കിലോമീറ്റർ അകലെയുള്ള പാറമേട്ടിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്‌കൂളിൽ നിന്ന് തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ സാധാരണയായി ഗോപിക ഇരിക്കാറുള്ള പാറമേട്ടിലേയ്ക്ക് അമ്മ ഷീബ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് ഷീബയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. പിന്നാലെ നാട്ടുകാർ വിവരമറിയിച്ചതിനനുസരിച്ച് പഞ്ചായത്തംഗം ബി മണികണ്ഠൻ പൊലീസിനെ അറിയിച്ചു.
കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തുനിന്നായി ബാഗ്, മൊബൈൽ ഫോൺ, ഡയറി എന്നിവ കണ്ടെടുത്തു. മണ്ണെണ്ണ തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം ഡയറിയിലും സമീപത്തെ പാറയിലും എഴുതിയിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |