ചെന്നൈ: തെന്നിന്ത്യൻ നടി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്‌ൽ' വീണ്ടും നിയമക്കുരുക്കിൽ. നെറ്റ്‌ഫ്ലിക്‌സ് പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചെന്നാണ് പുതിയ പരാതി.
2005ൽ പുറത്തിറങ്ങിയ രജനീകാന്ത് നായകനായ ചിത്രത്തിൽ നയൻതാരയായിരുന്നു ഒരു നായിക. സിനിമയുടെ നിർമാതാക്കളായ എബി ഇന്റർനാഷണൽ നൽകിയ കേസിൽ ഡോക്യുമെന്ററി ഒരുക്കിയ ടാർക് സ്റ്റുഡിയോസിനോട് മറുപടി നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള നീക്കം നടക്കുകയാണെന്നാണ് ടാർക് സ്റ്റുഡിയോസ് വ്യക്തമാക്കിയത്. എന്നാൽ അത്തരത്തിലൊരു നീക്കമില്ലെന്ന് എബി ഇന്റർനാഷണൽ പറയുന്നു. ചന്ദ്രമുഖി സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് അഞ്ചുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
ധനുഷ് നിർമ്മിക്കുകയും വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുകയും ചെയ്‌ത "നാനും റൗഡി താൻ" സിനിമയിലെ ഭാഗങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കുന്നതിനെച്ചാെല്ലി നടൻ കേസ് കൊടുത്തതിന് പിന്നാലെയാണ് പുതിയ പരാതി. കേസിൽ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. നയൻതാരയാണ് നാനും റൗഡി താൻ സിനിമയിൽ നായിക.
ഡോക്യുമെന്ററിക്കായി 'നാനും റൗഡി താൻ' എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെക്കുറിച്ച് ധനുഷിനെതിരെ തുറന്ന കത്തുമായി നയൻതാര രംഗത്തെത്തിയിരുന്നു. ഇത് കോളിവുഡിൽ വലിയ ചർച്ചയായി. പിന്നീടാണ് ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററി റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |