ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാൻ മത്സരം ഞായറാഴ്ച
ദുബായ് : ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ യു.എ.ഇയെ നിസാരമായി കീഴടക്കിയ ഇന്ത്യയ്ക്ക് യഥാർത്ഥ മത്സരം ഞായറാഴ്ചയാണ്; ചിര വൈരികളായ പാകിസ്ഥാനെതിരെ. ഒരു പരിശീലനമത്സരം പോലെയാണ് ഇന്ത്യ യു.എ.ഇയ്ക്ക് എതിരായ മത്സരത്തെ എടുത്തത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇയെ വെറും 57 റൺസിന് ആൾഔട്ടാക്കിക്കളഞ്ഞു. 27 പന്തുകൾ കൊണ്ട് ചേസിംഗും പൂർത്തിയാക്കി.
ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യൻ ആരാധകരുടെ മനസിലുണ്ടായിരുന്ന സംശയങ്ങൾക്കും മറുപടി നൽകാനായി എന്നതാണ് ഈ വിജയത്തിലെ മറ്റൊരു കാര്യം. സഞ്ജു സാംസൺ കളിക്കാനുണ്ടാകുമോ എന്നതായിരുന്നു ഏറെചർച്ചചെയ്യപ്പെട്ട ചോദ്യം. സഞ്ജു കളിക്കാൻ ഉണ്ടാവുമെന്ന് മാത്രമല്ല ഏത് പൊസിഷനിലായിരിക്കും കളിക്കുകയെന്നും ഈ മത്സരത്തിലൂടെ വ്യക്തമായി. ഓപ്പണിംഗിലല്ല അഞ്ചാമനായാകും സഞ്ജു ഇറങ്ങുക. അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലുമാകും ഓപ്പണർമാർ. തിലക് ഫസ്റ്റ് ഡൗണും സൂര്യ സെക്കൻഡ് ഡൗണുമാകും. വിക്കറ്റ് കീപ്പർ ആരെന്നതിൽ മറ്റൊരു ഓപ്ഷൻ വേണ്ടാത്ത രീതിയിലായിരുന്നു സഞ്ജുവിന്റെ രണ്ട് ക്യാച്ചുകളും. ഒരു റൺഔട്ടുകൂടി ഉണ്ടാകേണ്ടിയിരുന്നതാണെങ്കിലും ബൗളിംഗിനിടയിൽ ശിവം ദുബെയുടെ ടവ്വൽ താഴെവീണ് ശ്രദ്ധമാറിപ്പോയെന്ന് ബാറ്റർ പരാതിപ്പെട്ടതോടെ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ അപ്പീൽ പിൻവലിച്ചു.
പാാകിസ്ഥാന് ഇന്ന് ആദ്യ മത്സരം
പാകിസ്ഥാൻ ഇന്ന് ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ്.എ ഗ്രൂപ്പിലെ മറ്റൊരു ദുർബല ടീമായ ഒമാനാണ് പാകിസ്ഥാന്റെ എതിരാളികൾ. ഇന്ത്യയ്ക്ക് എതിരായ മത്സരത്തിന് മുമ്പുള്ള പരിശീലനമാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നതെങ്കിലും അട്ടിമറി വിജയത്തിനായി കച്ചകെട്ടുകയാണ് ഒമാൻ.
കളി നടക്കട്ടേയെന്ന് കോടതിയും
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി കോടതി തള്ളി. നാളെത്തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജിയെത്തിയപ്പോൾ ഇക്കാര്യത്തിൽ തിടുക്കമെന്തെന്ന് ആരാഞ്ഞ കോടതി, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കളി നടക്കട്ടേയെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |