പുണ്യനഗരമായ ഹരിദ്വാറിലെ ഗലിയിൽ നിന്നാൽ ശരണംവിളികളുടെ മുഴക്കം കേൾക്കാം. അയ്യപ്പ ഭക്തിഗാനങ്ങളും ശരണംവിളികളും മുഴങ്ങുന്നത് കേരളത്തിനു പുറത്തുള്ള ആദ്യ അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ്! കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ അവിടെയെത്തിയപ്പോൾ ഭജന നടക്കുകയായിരുന്നു. അത്താഴ പൂജയും ശരണം വിളിയുമായി അന്തരീക്ഷം ഭക്തിസാന്ദ്രം. ക്ഷേത്രത്തിനുള്ളിലും പരിസരത്തും വിഭൂതിയുടെയും പുഷ്പങ്ങളുടെയും കർപ്പൂരത്തിന്റെയും സുഗന്ധം.
ശബരിമലയ്ക്ക് സമാനമായി, പതിവുപോലെ ഹരിവരാസനത്തോടെ ഇവിടെയും നടയടച്ചു. ഹരിദ്വാറുകാർക്ക് ഈ അനുഭവം പുതുമയുള്ളതല്ല. ഇവിടെ അയ്യപ്പ ക്ഷേത്രം സ്ഥാപിക്കപ്പെട്ടിട്ട് എഴുപത് വർഷം പിന്നിട്ടിരിക്കുന്നു. ശബരിമല അയ്യപ്പ വിഗ്രഹത്തിന്റെ അതേ അളവിലുള്ളതാണ് ഇവിടത്തെയും പ്രതിഷ്ഠ. ഹരിദ്വാറിലെ ജനതയ്ക്ക് പരിചിതവും ഏറെ പ്രിയപ്പെട്ടതുമായ ഇടമാണ് ഹരിദ്വാർ അയ്യപ്പക്ഷേത്രം. റിക്ഷ ചവിട്ടി ഉപജീവനം നടത്തുന്നവരും പാവപ്പെട്ടവരും അടക്കം ഇവിടെ അന്നപ്രസാദം കഴിക്കാനെത്തുന്നു.
പ്രതിജ്ഞയുടെ സഫലീകരണം
ഹരിദ്വാറിലെ അയ്യപ്പക്ഷേത്രം സ്ഥാപിച്ചത് സ്വാമി വിമോചനാനന്ദയാണ്. തിരുവന്തപുരത്ത്, നെയ്യാറ്റിൻകരയിലെ കുഞ്ഞുകൃഷ്ണൻ പിള്ളയുടെ മകൻ. പൂർവാശ്രമത്തിലെ പേര് കെ. ഗോവിന്ദൻ നായർ. വിവാഹം കഴിച്ച് നാലു കുട്ടികളുമായി ജീവിക്കുന്നതിനിടെ 1936- ൽ ഇരുപത്തിയെട്ടാം വയസിൽ കന്നിമല ചവിട്ടി. ശബരിമലയിലേക്കുള്ള ആ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. ഗോവിന്ദൻ നായരുടെ മനസ് അയ്യപ്പ ചൈത്യത്തിന്റെ ആനന്ദത്തിൽ ആറാടി. വീട്ടിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ച് നിത്യപൂജ തുടങ്ങി. റവന്യു വകുപ്പിലെ ജോലി രാജിവച്ച അദ്ദേഹം 1948-ൽ ശബരിമലയിലേക്കു പുറപ്പെട്ട്, അവിടെ സ്ഥിരതാമസമാക്കി. നിബിഡ വനമാണ്.
മകരവിളക്കു കഴിഞ്ഞാൽ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ഏറുമാടം കെട്ടിയായിരുന്നു താമസവും ധ്യാനവും. 1949-ൽ അയ്യപ്പന്റെ തിരുനടയ്ക്കു മുന്നിൽ, ശബരിമല മേൽശാന്തിയിൽ നിന്ന് കാഷായ വസ്ത്രം സ്വീകരിച്ച് വിമോചനാനന്ദയായി സന്യാസത്തിലേക്ക്! 1950- ജൂലായിലാണ് ശബരിമലയിൽ തീപിടിത്തമുണ്ടാകുന്നത്. അയ്യപ്പ വിഗ്രഹം അഗ്നിക്കിരയായി. വിവരമറിഞ്ഞ സ്വാമി വിമോചനാനന്ദ, കേരളത്തിനു പുറത്ത് അയ്യപ്പ ക്ഷേത്രം സ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ആ പ്രതിജ്ഞയുടെ പൂർത്തീകരണമാണ് ഹരിദ്വാറിലെ അയ്യപ്പക്ഷേത്രം.
സ്വാമി വിമോചനാനന്ദ ഹിമാലയത്തിലേക്ക് തീർത്ഥാടനത്തിന് പോകുമായിരുന്നു. ഹരിദ്വാറിലും താമസിക്കും. ഇവിടെ അയ്യപ്പ ക്ഷേത്രമെന്ന ആഗ്രഹം മനസിലുണ്ട്. ഇതിനിടെയാണ് ഹരിദ്വാറിലെ ഗംഗാ കനാൽ പ്രൊജക്ടിൽ എൻജിനിയർ ആയിരുന്ന ഹരപ്രസാദ് ശർമ്മയെ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. ശർമ്മയുടെ മകന് സംസാരശേഷിയില്ലായിരുന്നു. മകനെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സ്വാമി ഉപദേശിച്ചു. ഇരുമുടിക്കെട്ടുമായി മല കയറുന്നതിനിടെ സംസാര ശേഷിയില്ലാത്ത കുട്ടിയും മറ്റു ഭക്തർക്കൊപ്പം ഉച്ചത്തിൽ ശരണം വിളിച്ചു. മകന് സംസാര ശേഷി ലഭിച്ചത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഹരപ്രസാദ് ശർമ്മയുടെ ഉറച്ച വിശ്വാ സം.പകരം എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ, അയ്യപ്പന് ക്ഷേത്രം നിർമ്മിക്കാൻ ഹരിദ്വാറിൽ സ്ഥലം വേണമെന്ന് സ്വാമി വിമോചനാനന്ദ ആവശ്യപ്പെട്ടു. ഹരപ്രസാദ് ശർമ്മയ്ക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലം അദ്ദേഹം അയ്യപ്പക്ഷേത്രത്തിനായി ദാനം ചെയ്തു. അയ്യപ്പസ്വാമി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, ശബരിമലയിലേതു പോലുള്ള വിഗ്രഹം ഹരിദ്വാറിലും സ്ഥാപിക്കണമെന്ന് സ്വാമി വിമോചനാനന്ദയോട് ആവശ്യപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ശബരിമലയിലെ വിഗ്രഹം നിർമ്മിച്ച ചെങ്ങന്നൂരിലെ ശില്പികളാണ് ഹരിദ്വാറിലെ അയ്യപ്പ വിഗ്രഹവും നിർമ്മിച്ചത്.
1955 മേയ് 23ന് മകയിരം നക്ഷത്രത്തിലായിരുന്നു പ്രതിഷ്ഠ. ശബരിമലയിൽ മേൽശാന്തിമാരായിരുന്ന അംബ്ളി കൃഷ്ണൻ നമ്പൂതിരിയെയും, വി. ഈശ്വരൻ നമ്പൂതിരിയെയും ഹരിദ്വാറിൽ കൊണ്ടുവന്നായിരുന്നു ചടങ്ങുകൾ. ബ്രഹ്മശ്രീ ചേറ്റൂർ വിഷ്ണു കൃഷ്ണൻ നമ്പൂതിരി എല്ലാ സഹായവുമായി കൂടെ നിന്നു. ഇന്നും അംബ്ളി കൃഷ്ണൻ നമ്പൂതിരിയുടെ കുടുംബത്തിൽ നിന്നാണ് ഈ ക്ഷേത്രത്തിലെ തന്ത്രിമാർ. ഹരിദ്വാറിലെ ആർ.ബി. ജെസാറാം റോഡ്, ശിവ് മൂർത്തി ഗലിയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം തുടക്കത്തിൽ കാവ് പോലെയായിരുന്നു.
എങ്ങനെ എത്താം?
ഹരിദ്വാർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് ഈ അയ്യപ്പക്ഷേത്രം. എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ഹരിദ്വാറിലേക്ക് ട്രെയിനുകളുണ്ട്. ബസ് സർവീസുകളുമുണ്ട്. ഡെറാഡൂണിലെ ജോളി ഗ്രാൻഡ് വിമാനത്താവളമാണ് അടുത്തുള്ള എയർപോർട്ട്. ക്ഷേത്രത്തിൽ താമസ സൗകര്യം ലഭിക്കും. ഫോണിലൂടെയും ഓൺലൈനായും മുൻകൂട്ടി ബുക്ക് ചെയ്യാനാകും. കേദാർനാഥ്, ബദ്രിനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലെ ചാർധാം യാത്രയ്ക്കെത്തുന്ന മലയാളികളുടെ അടക്കം ഇടത്താവളമാണ് . ഋഷികേശ്, ദേവപ്രയാഗ്, ഗൗമുഖ് എന്നിവിടങ്ങളിൽ തീർത്ഥാടനത്തിന് എത്തുന്നവരും ഇവിടെ താമസിക്കുന്നു. കുംഭമേളയുടെ അനുഗ്രഹവും, ഗംഗയുടെ പുണ്യവും ആരതിയും നുകരാൻ ഹരിദ്വാറിലെത്തുന്ന മലയാളികൾ വന്നു തൊഴുന്നു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അനിവാര്യമായിരിക്കുന്ന സാഹചര്യമാണെന്ന് ക്ഷേത്രം മാനേജർ വിഷ്ണു നമ്പൂതിരി പറയുന്നു. 12 വർഷം കൂടുമ്പോൾ അഷ്ടബന്ധ കലശവും നടത്തേണ്ടതുണ്ട്. ഭക്തജനങ്ങളിൽ നിന്ന് ഇതിനെല്ലാമുള്ള സമ്പത്ത് സ്വരൂപിക്കാനുള്ള ശ്രമമാണ് ഇപ്പോൾ. 27 വർഷമായി ക്ഷേത്രവളപ്പിൽ താമസിക്കുകയാണ് പയ്യന്നൂർ പിലാത്തറ തെക്കേ ചേറ്റൂർ ഇല്ലത്തെ വിഷ്ണു നമ്പൂതിരി. ചേറ്റൂർ വിഷ്ണു കൃഷ്ണൻ നമ്പൂതിരി വല്യച്ഛനാണ്. അച്ഛൻ ഗോവിന്ദൻ നമ്പൂതിരിയും ഇവിടെത്തന്നെ പൂജാരിയായിരുന്നു. കർക്കടക വാവുബലി അടക്കം അർപ്പിക്കാനും ഇവിടെ സൗകര്യമുണ്ട്. തൊട്ടടുത്ത ഭാട്ടിയ ഘാട്ടിൽ കോട്ടയം കുടമാളൂർ കിഴക്കില്ലത്തെ മഹാദേവൻ നമ്പൂതിരിയാണ് ബലിയിടൽ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.പുലർച്ചെ നാലരയ്ക്കാണ് നട തുറക്കുക. 10-ന് നടയടച്ചാൽ വൈകുന്നേരത്തെ പൂജകൾക്കായി തുറക്കുന്നത് അഞ്ചരയ്ക്ക്. രാത്രി എട്ടരയ്ക്ക് അടയ്ക്കും. തണുപ്പുകാലമായാൽ രാത്രിയിൽ അരമണിക്കൂർ നേരത്തേ ക്ഷേത്രം അടയ്ക്കും. എല്ലാ ശനിയാഴ്ചയും ഭജനയുണ്ട്. നീരാഞ്ജനം, അർച്ചന,അവിൽ നിവേദ്യം, ഗണപതി ഹോമം, മഹാപൂജ, അന്നദാനം, മഹാപൂജ, ഒരുദിവസത്തെ പൂജകൾ, തുലാഭാരം, ഉദയാസ്തമന പൂജ തുടങ്ങിയവയാണ് ഇവിടത്തെ വഴിപാടുകൾ. മകരവിളക്ക് ദിവസം ഹരിദ്വാറിൽ നഗര പ്രദക്ഷിണ ഘോഷയാത്രയും സംഘടിപ്പിക്കാറുണ്ട്.
(ഹരിദ്വാർ അയ്യപ്പ ക്ഷേത്രത്തിലെ ഫോൺ : 01334-227842, 94129 03162, 86306 35995. ഇ-മെയിൽ: ayyappatempleharidwar@gmail.com)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |