തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാനത്തൊട്ടാകെ ശോഭയാത്ര ഉൾപ്പെടെയുളള വിവിധ ആഘോഷങ്ങളാണ് നടക്കാൻ പോകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളുമായി വിവിധ ആഘോഷങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.
വൻഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാദ്ധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ചടങ്ങുകൾ തുടങ്ങിയിരിക്കുകയാണ്. 200ൽ അധികം കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിഐപി, സ്‌പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും അഷ്ടമിരോഹിണിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുളളത്. രാവിലെ പത്തരയ്ക്ക് സമൂഹസദ്യ ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 52 പള്ളിയോടക്കരകളിൽ നിന്നുള്ളവരും ക്ഷേത്രാങ്കണത്തിൽ എത്തും. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വിഭവങ്ങൾ ചേർത്താണ് സദ്യ ഒരുക്കുന്നത്. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്ത് ഭക്തർക്കുമാണ് സദ്യ വിളമ്പുന്നത്. സദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് പരമ്പരാഗത ശൈലിയിൽ ക്ഷേത്രത്തിൽ ഘോഷയാത്രയായി എത്തിച്ചു.
അതേസമയം, തലസ്ഥാന നഗരിയിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുട്ടികൾ കൃഷ്ണവേഷത്തിൽ നിറയുന്ന മഹാശോഭായാത്ര ഇന്ന് നടക്കും. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട വിവിധ വേഷങ്ങളിൽ പലപ്രായത്തിലുള്ള കുട്ടികൾ നിരന്ന് നീങ്ങുന്ന കൗതുകക്കാഴ്ചയാണിത്. വൈകിട്ട് നാലിന് എട്ട് കേന്ദ്രങ്ങളിൽ നിന്നാണ് ശോഭായാത്രകൾ തുടങ്ങുക. ഇതെല്ലാം പാളയത്ത് മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ സംഗമിക്കും. തുടർന്ന് മഹാശോഭായാത്രയായി സ്റ്റാച്യു,സെക്രട്ടേറിയറ്റ്, ഓവർബ്രിഡ്ജ് വഴി കിഴക്കേകോട്ടയിലെ പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലെ പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. തുടർന്ന് അവിടെ മഹാആരതി സമ്മേളനം നടക്കും. കോർപ്പറേഷൻ ഓഫീസ്, മസ്കറ്റ് ഹോട്ടൽ ജംഗ്ഷൻ, നന്ദാവനം റോഡ്, റിസർവ് ബാങ്ക് ജംഗ്ഷൻ, ജൂബിലി ആശുപത്രി ജംഗ്ഷൻ, എം.എൽ.എ.ഹോസ്റ്റൽ, യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് മുന്നിലെ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് ശോഭായാത്രകൾ തുടങ്ങുക.
മഹാശോഭായാത്ര അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും.ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകും.ശോഭായാത്ര സമാപനസ്ഥലത്ത് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയ അവൽപ്പൊതിയും ഉണ്ണിയപ്പവും കുട്ടികൾക്ക് പ്രസാദമായി നൽകും. ശോഭായാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ജനറൽ കൺവീനർ കെ.വി.രാധാകൃഷ്ണൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |