SignIn
Kerala Kaumudi Online
Friday, 12 September 2025 7.46 PM IST

'വിവാഹത്തിന് ആര് സ്വർണം വാങ്ങുന്നു, ആ പണം മകൾക്ക് ക്യാഷായി കൊടുക്കാം'; വരുമോ കേരളത്തിൽ പുതിയ ട്രെൻഡ്?

Increase Font Size Decrease Font Size Print Page
gold-price-kerala

സ്വർണമെന്നാൽ പകിട്ട് മാത്രമല്ല, ഒരു ഉറപ്പു കൂടിയാണ്. കരുതൽ ധനത്തിന് തുല്യം. ഒരു സ്വർണമോതിരം വിരലിൽ ഉണ്ടെങ്കിൽ എവിടേയും ധൈര്യമായി പോകാമെന്ന് പലരും പറയാറുണ്ട്. പഴ്‌സ് പോക്കറ്റടിച്ചു നഷ്ടപ്പെട്ടാലോ, പോയ കാര്യത്തിന് പൈസ തികഞ്ഞില്ലങ്കിലോ മോതിരം സഹായിക്കും. പണയം വച്ചാൽ എവിടെ നിന്നും പണം കിട്ടുമെന്നതാണ് കാരണം. ലോകത്ത് ഏറ്റവും സ്വർണാഭരണ ഭ്രമുള്ള നാട് കേരളമായിരിക്കും. വില കുതിച്ചുയരുന്നത് ഈ പ്രിയം കുറച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പുതുതലമുറയ്ക്ക് സ്വർണാഭരണങ്ങളോട് അത്ര താത്പര്യമില്ല. അവർക്ക് ഫാഷൻ വസ്ത്രങ്ങളിലും ഗാഡ്ജറ്റുകളിലുമാണ് ഭ്രമം. എങ്കിലും സ്വർണ വില റോക്കറ്റ് പോലെ ഉയരുകയാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മാത്രമല്ല ഇതിന് കാരണം. മഞ്ഞലോഹം ഒരു കരുതൽ നിക്ഷേപമാണെന്നതു കൂടിയാണ്. രാജ്യങ്ങൾ പോലും ഖജനാവിലെ കരുതൽ നിക്ഷേപമായി സ്വർണം സംഭരിക്കുന്ന പതിവ് രാജഭരണകാലം മുതലുണ്ട്. വ്യക്തികളും ഈ ശൈലി പിന്തുടരുന്നു. ഇന്ത്യക്കാരുടെ സ്വർണ ആസ്തി 250 ലക്ഷം കോടി കവിഞ്ഞുവെന്ന പുതിയ വാർത്തയും ഇതോടു ചേർത്തു വായിക്കണം.


കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ്

100 വർഷം മുമ്പ് സ്വർണ വില പവന് 15 രൂപയിൽ താഴെയായിരുന്നുവെന്ന് പഴമക്കാർ പറഞ്ഞറിവുണ്ട്. അന്ന് അണാ, പൈസാ നിരക്കിൽ കൂലി കിട്ടിയിരുന്ന കാലമാണ്. സാധാരണക്കാരെ സംബന്ധിച്ച് അന്നും പിടികിട്ടാത്ത വിലയായിരുന്നു സ്വർണത്തിന്. എങ്കിലും വിവാഹാവശ്യങ്ങൾക്കുള്ളത് കരുതി വയ്ക്കുമായിരുന്നു. താലി മാലയിലും മോതിരത്തിലും ഒതുങ്ങുന്നതായിരുന്നു ചടങ്ങുകൾ. നൂറു പവൻ വാരിക്കോരി കൊടുക്കുന്ന രീതിയൊക്കെ പിന്നീട് വന്നതാണ്. നികുതി സമ്പ്രദായങ്ങളും മാറി വന്നു. സ്വർണം വിലയേറിയ ലോഹമായതിനാലാണ് ഇതിന്റെ പേരിലുള്ള സ്ത്രീധന പീഡനങ്ങളും കശപിശകളും വ്യാപകമായത്. സ്ത്രീധനത്തിനെതിരേ പ്രത്യേക നിയമം തന്നെ വേണ്ടി വന്നു.


എന്നിട്ടും കേരളത്തിലെ വിവാഹങ്ങളിലും ആഘോഷങ്ങളിലും സ്വർണപ്പകിട്ട് കുറഞ്ഞില്ല. ആഭരണ വിൽപ്പനശാലകൾ എല്ലാ പട്ടണങ്ങളിലും പ്രത്യക്ഷപ്പെട്ടു. സ്വർണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളും വർദ്ധിച്ചു. സ്വർണക്കടത്തു സംഘങ്ങളും അത് പൊട്ടിക്കാനിറങ്ങുന്ന ഗുണ്ടകളും നാടുവാഴുന്ന സ്ഥിതി വന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ സംശയനിഴലിൽ നിറുത്തുന്ന സംഭവങ്ങളുണ്ടായി.

എന്നാൽ കഴിഞ്ഞ 5 വർഷമായി സ്വർണ വിലയിലുണ്ടാകുന്ന അന്യായ കുതിപ്പും ന്യൂ ജെൻ പിള്ളേരുടെ താത്പര്യക്കുറവും വിൽപ്പനയിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്. 2010 ൽ 12,000 രൂപയായിരുന്ന പവൻ വില ഇപ്പോൾ 81,000 രൂപയ്ക്ക് മുകളിലാണ്. ഗ്രാമിന് 10,000 രൂപയ്ക്ക് മുകളിലും. വരാനിരിക്കുന്ന ദീപാവലി മുഹൂർത്തക്കച്ചവടം കൊഴുക്കുന്നതോടെ വില കുറേക്കൂടി ഉയരുമെന്നാണ് സൂചന. ആഗോളതലത്തിലും ഇതേ ട്രെൻഡ് തുടരുകയാണ് അതിന് കാരണങ്ങളുണ്ട്.


കടിഞ്ഞാണില്ലാത്ത കയറ്റം

യു.എസ് ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന വാർത്തകളാണ് സ്വർണ വില കുറയ്ക്കാൻ ഒരു കാരണം. പലിശ കുറയുമ്പോൾ കടപ്പത്രങ്ങളുടേയും ഡോളറിന്റെയും മൂല്യമിടിയുമെന്ന ആശങ്കയാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്. ട്രംപിന്റെ തീരുവ പ്രശ്‌നങ്ങൾ മുൻനിറുത്തി, ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ 'കറൻസി'യായി മാറുന്നുവെന്ന സൂചനയുമുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക ശീതസമരങ്ങൾ, ആഗോള തൊഴിലവസരങ്ങളിലെ ഇടിവ് എന്നിവയെല്ലാം സ്വർണത്തെ ഒരു സുരക്ഷ നിക്ഷേപമായി കാണാൻ ജനതയ്ക്ക് പ്രേരണയാകുന്നു. യുദ്ധ വ്യാപനത്തിന്റെ സാദ്ധ്യതകൾ പരിഗണിച്ച് വിവിധ കേന്ദ്ര ബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെല്ലാം വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടിയതോടെ വില തുടർച്ചയായി മുന്നോട്ട് നീങ്ങി.

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ എട്ട് ടണ്ണിലധികം സ്വർണത്തിന്റെ വർദ്ധനയാണുണ്ടായത്. വൻകിട ആഗോള ഫണ്ടുകളും വാങ്ങൽ കൂട്ടിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില റെക്കാഡിട്ടു. അമേരിക്കൻ ഡോളറിനെതിരേ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതും ആഭ്യന്തര വിപണിയിൽ സ്വർണവില കൂടാൻ കാരണമായി. രൂപ ദുർബലമാകുന്നതോടെ ഇറക്കുമതി ചെലവ് ഉയരുന്നതാണ് വില വർദ്ധനയുടെ വേഗം കൂട്ടുന്നത്. രാജ്യാന്തര സ്വർണ വിപണിയിൽ ഊഹക്കച്ചവടക്കാരും മുമ്പില്ലാത്ത വിധം സജീവമാണ്. സാമ്പത്തിക സാഹചര്യങ്ങൾ ഇങ്ങനെ തുടർന്നാൽ ഉടനേയൊന്നും സ്വർണ വിലതാഴാൻ ഇടയില്ല.


''മകളുടെ വിവാഹത്തിന് സ്വർണം വാങ്ങാൻ വച്ചിരുന്ന പണം ഇനി ക്യാഷായി കൊടുക്കാം.'' പവൻ വില 80,000 കടന്ന ദിവസം സ്വർണക്കടയിൽ നിന്ന് മടങ്ങിപ്പോയ ഒരു പിതാവ് പറഞ്ഞതാണിത്. പണിക്കൂലിയും ജി.എസ്.ടിയുമെല്ലാം ചേർത്ത് ആഭരണത്തിന്റെ വില കണക്കുകൂട്ടിയപ്പോൾ ഇദ്ദേഹത്തിന്റെ കണ്ണിൽ പൊന്നീച്ച പറന്നു. തുടർന്ന് മടങ്ങിപ്പോവുകയായിരുന്നു. സ്വർണം വാങ്ങാനെത്തുന്നവരുടെ ഗതി ഇതാണ്. എന്നാൽ പൊന്ന് സ്റ്റോക്കുള്ളവർക്ക് സന്തോഷിക്കാൻ വകയുണ്ട്. അണിഞ്ഞിരിക്കുന്നതും അലമാരയിൽ സൂക്ഷിച്ചിരിക്കുന്നതുമായ ആഭരണങ്ങൾക്ക് മൂല്യമേറിയിരിക്കുന്നു. റിക്കാർഡ് തകർത്ത സ്വർണമെഡൽ നേടുകയെന്നത് കായികതാരങ്ങളുടെ സ്വപ്നമാണ്. അത് ട്രാക്കിലെ കാര്യം. റെക്കാഡുകൾ തിരുത്തി സ്വർണം തന്നെ കുതിക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്.

TAGS: KERALA, LATEST NEWS, GOLD PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.