പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡ് നേതൃത്വം നൽകുന്ന ആഗോള അയ്യപ്പ സംഗമം ഈ മാസം 20ന് പമ്പാ നദീതീരത്ത് വച്ച് നടക്കുകയാണ്. സർക്കാർ പിന്തുണയോടെ നടത്തുന്ന അയ്യപ്പ സംഗമം ദേവസ്വംബോർഡ് പ്രഖ്യാപിച്ചതുമുതൽ അനുകൂലിച്ചും എതിർത്തും നിരവധി അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം കൊട്ടാരം സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നും ചോദ്യങ്ങളുയർന്നിരുന്നു.
പന്തളം കൊട്ടാരം പ്രതിനിധികൾ ഔദ്യോഗികമായി സംഗമത്തിൽ പങ്കെടുത്തേക്കില്ല എന്നാണ് നിലവിലെ സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നും ഞായറാഴ്‌ച തീരുമാനമെടുക്കും എന്നാണ് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ ശങ്കർ വർമ്മ പ്രതികരിച്ചത്. 'ഞായറാഴ്‌ച കമ്മിറ്റി അംഗങ്ങൾ ചേർന്ന് വലിയ തമ്പുരാൻ തിരുവോണം നാൾ ആർ.രാമവർമ്മ രാജയെ കണ്ട ശേഷമാകും അന്തിമ തീരുമാനമെടുക്കുക.' എന്നാണദ്ദേഹം പറഞ്ഞത്.
അതേസമയം, കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്ന് അശുദ്ധിയായതിനാൽ പമ്പയിലെത്തി അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ രാജകുടുംബാംഗങ്ങൾക്ക് സാദ്ധ്യമല്ല. മരണാനന്തരചടങ്ങുകൾ സെപ്‌തംബർ 22നാണ്. 20ന് പമ്പയിലാണ് അയ്യപ്പസംഗമം എന്നതിനാൽ ഇതിനെത്തിച്ചേരുക ആചാരപരമായും ബുദ്ധിമുട്ടാണെന്ന് ചില മുതിർന്ന അംഗങ്ങൾ സൂചിപ്പിച്ചു.
അയ്യപ്പസംഗമത്തിനെതിരെ ഹിന്ദുഐക്യവേദിയും ശബരിമല കർമ്മസമിതിയും ചേർന്ന് പന്തളത്ത് സെപ്‌തംബർ 22ന് 'ശബരിമല സംരക്ഷണ സംഗമം' സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ കൊട്ടാരം കുടുംബാംഗങ്ങൾ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സെപ്‌തംബർ നാലിന് കുമ്മനം രാജശേഖരൻ കൊട്ടാരം സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഇതിലും പങ്കെടുക്കുമോ എന്ന് കൊട്ടാരം ഭരണ സമിതി അറിയിച്ചിട്ടില്ല. എന്നാൽ ശബരിമല സംരക്ഷണ സംഗമത്തിൽ പന്തളം കൊട്ടാരം കുടുംബാംഗങ്ങളിൽ ചിലർ വ്യക്തിപരമായി പങ്കെടുത്തേക്കുമെന്നാണ് വിവരം.
ദേവസ്വംബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പന്തളം കൊട്ടാരം സന്ദർശിച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ സമയം ശബരിമല പ്രക്ഷോഭ കാലത്തെ കേസുകളെല്ലാം പിൻവലിക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന ഉറപ്പ് ദേവസ്വം പ്രസിഡന്റ് ഇവർക്ക് നൽകി. പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി എസ് പ്രശാന്ത് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രതികരിച്ചു.
സെപ്‌തംബർ 20ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നതുകൊണ്ട് സാധാരണ ഭക്തന്മാർക്ക് എന്ത് ഗുണമാണ് ഉണ്ടാകുകയെന്ന് ഭക്തരോട് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്ന് നേരത്തെ പന്തളം കൊട്ടാരം നിർവാഹകസംഘം ആവശ്യപ്പെട്ടിരുന്നു. '2018ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കുമേൽ സ്വീകരിച്ച നടപടികൾ, പൊലീസ് കേസുകൾ എന്നിവ എത്രയും വേഗം പിൻവലിക്കണം. ഇനി ഒരിക്കലും ഭക്തജനങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കുമേൽ 2018ൽ സ്വീകരിച്ചതുപോലുള്ള നടപടികൾ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങൾക്ക് നൽകാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണം.' കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം കർശന ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.സംഗമത്തിനായി പിരിച്ചെടുക്കുന്ന തുക ഓഡിറ്റിംഗിന് വിധേയമായിരിക്കണം. സംഗമം കഴിഞ്ഞ് 45 ദിവസത്തിനകം കണക്കുകൾ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മുഖേന ഹൈക്കോടതിയിൽ സമർപ്പിക്കണം എന്നിങ്ങനെ കോടതി ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. സംഗമത്തിന് തുക കണ്ടെത്തുന്നത് സ്‌പോൺസർഷിപ്പിലൂടെയാണെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ അതിൽ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചിരുന്നു.
ശബരിമല തീർത്ഥാടനത്തിന്റെ മഹിമ ആഗോള ശ്രദ്ധയിൽപ്പെടുത്തുക, 1,300 കോടിയുടെ ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് ഫണ്ട് കണ്ടെത്തുക, തത്ത്വമസി പ്രചരിപ്പിക്കുകയും അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്യുക എന്നിവയാണ് അയ്യപ്പസംഗമത്തിന്റെ മുഖ്യ ലക്ഷ്യമെന്ന ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. സംഗമനടത്തിപ്പിൽ പങ്കില്ലെന്നും സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ച ദേവസ്വം ബെഞ്ച്, അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കി.
അയ്യപ്പസംഗമം കൊണ്ട് സാധാരണക്കാരായ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിർദ്ദേശിച്ച കോടതി മറ്റ് ചില കാര്യങ്ങളും നിർദ്ദേശിച്ചു.
1. സ്‌പോൺസർമാർക്ക് ദർശനത്തിനും മറ്റും പ്രത്യേക പ്രിവിലേജ് കാർഡ് നൽകരുത്.
2. മുഖ്യമന്ത്രിയടക്കമുള്ള വി.ഐ.പികളുടെ സുരക്ഷാ ക്രമീകരണം തീർത്ഥാടനത്തെ ബാധിക്കരുത്.
3. സംഗമത്തിനുള്ള താത്കാലിക, സ്ഥിരം നിർമ്മിതികൾ പരിസ്ഥിതി സൗഹൃദമായിരിക്കണം.
4. പ്ലാസ്റ്റിക് പാടില്ല. മാലിന്യങ്ങൾ ഉടനടി നീക്കംചെയ്ത് സംസ്‌കരിക്കണം.
5. ജനക്കൂട്ട നിയന്ത്രണം ഫലപ്രദമായിരിക്കണം, ദൈനംദിന കാര്യങ്ങൾക്കു തടസമുണ്ടാകരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |