ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒമാനെ തകര്‍ത്ത് പാകിസ്ഥാന്‍. 93 റണ്‍സിനാണ് പാകിസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ 16.4 ഓവറില്‍ 67 റണ്‍സിന് എല്ലാവരും പുറത്തായി. 27(23) റണ്‍സെടുത്ത ഹമ്മദ് മിര്‍സയാണ് ഒമാന്റെ ടോപ് സ്‌കോറര്‍.
ഞായറാഴ്ച ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. തങ്ങളുടെ ആദ്യ മത്സരത്തില്‍ യുഎഇയെ തകര്‍ത്താണ് ഇന്ത്യയുടെ വരവ്.
മത്സരത്തിന്റെ ഒരു ഘട്ടത്തിലും പാകിസ്ഥാനെ വെല്ലുവിളിക്കാന്‍ ഒമാന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഓപ്പണര്‍മാരായ ആമിര്‍ കലീം 13(11), ക്യാപ്റ്റന്‍ ജതീന്ദര്‍ സിംഗ് 1(3) എന്നിവരാണ് ആദ്യം മടങ്ങിയത്. മുഹമ്മദ് നദീം 3(7), സൂഫിയാന്‍ മെഹ്‌മൂദ് 1(5), വിനായക് ശുക്ല 2(4), സിക്രിയ ഇസ്ലാം 0(8), ഷാ ഫൈസല്‍ 1(3), ഹസ്‌നെയിന്‍ ഷാ 1(2), ഷക്കീല്‍ അഹമ്മദ് 10(23) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന.
സമയ് ശ്രീവാസ്തവ 5*(11) റണ്‍സ് നേടി പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി ഫഹീം അഷ്‌റഫ്, സുഫിയാന്‍ മുഖീം, സയീം അയൂബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദി, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. 43 പന്തുകളില്‍ നിന്ന് 66 റണ്‍സുമായി അര്‍ദ്ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് ആണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഫഖര്‍ സമന്‍ പുറത്താകാതെ 23*(16), ഓപ്പണര്‍ സഹിബ്സദാ ഫര്‍ഹാന്‍ 29(29) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
മുഹമ്മദ് നവാസ് 19(10), ഹസന്‍ നവാസ് 9(15) ഫഹീം അഷ്റഫ് 8(4) റണ്‍സ് വീതം നേടി പുറത്തായപ്പോള്‍ ഓപ്പണര്‍ സയീം അയൂബ്, ക്യപ്റ്റന്‍ സല്‍മാന്‍ അലി ആഗ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി. ഷഹീന്‍ അഫ്രീദി 2*(1) പുറത്താകാതെ നിന്നു. ഒമാന് വേണ്ടി ഷാ സൈല്‍സ ആമിര്‍ കലീം എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും മുഹമ്മദ് നദീം ഒരു വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |