ന്യൂഡൽഹി: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിക്ക് (73) ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആശംസ പങ്കുവച്ചത്. ആഭ്യന്തര കലാപത്തെത്തുടർന്ന് സർക്കാരിനെ അട്ടിമറിച്ച നേപ്പാളിൽ ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സുശീല കാർകി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നേപ്പാളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്.
'നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സുശീല കാർക്കിക്ക് ആശംസകൾ നേരുന്നു. നേപ്പാളിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഇന്ത്യ എക്കാലവും ഉറച്ചുനിൽക്കും'- മോദി എക്‌സിൽ കുറിച്ചു. നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ സുശീലയെ കണ്ട് ആശംസയറിയിച്ചിരുന്നു. 'അടുത്ത അയൽക്കാർ, സഹ ജനാധിപത്യ രാജ്യം, ദീർഘകാല വികസന പങ്കാളി എന്നീ നിലകളിൽ, രണ്ട് രാജ്യങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യ നേപ്പാളുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരും'- വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇന്നലെ പ്രസിഡന്റിന്റെ വസതിയിൽ യുവജന (ജെൻ-സി) പ്രക്ഷോഭകരും രാഷ്ട്രീയ പാർട്ടികളും പങ്കെടുത്ത മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രധാനമന്ത്രിയുടെ നിയമനത്തിൽ തീരുമാനമുണ്ടായത്. സുശീലയെ തന്നെ പ്രധാനമന്ത്രിയാക്കാമെന്ന് ഇന്നലെ പുലർച്ചെ തന്നെ ധാരണയായിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മുന്നേ പാർലമെന്റ് പിരിച്ചുവിടണമെന്ന് സുശീല ഉറച്ച നിലപാടെടുത്തു. പ്രക്ഷോഭ നേതാവായ സുദൻ ഗുരുംഗും ആദ്യം പാർലമെന്റ് പിരിച്ചുവിടണമെന്ന് നിലപാടെടുത്തു. ഭരണഘടന പ്രകാരം, പ്രധാനമന്ത്രിയുടെ ശുപാർശയ്ക്കും പ്രസിഡന്റിന്റെ അംഗീകാരത്തിനും ശേഷം മാത്രമേ പാർലമെന്റ് പിരിച്ചുവിടാൻ കഴിയൂ. എന്നാൽ പാർലമെന്റ് പിരിച്ചുവിട്ടില്ലെങ്കിൽ രാഷ്ട്രപതിയുടെ വസതി വളയുമെന്ന് പ്രക്ഷോഭകർ ഭീഷണി മുഴക്കി. സമ്മർദ്ദം ശക്തമായതോടെ ആവശ്യം പ്രസിഡന്റ് അംഗീകരിക്കുകയായിരുന്നു. പ്രസിഡന്റ് റാം ചന്ദ്ര പൗഡൽ പാർലമെന്റ് പിരിച്ചുവിട്ടു. മൂന്നംഗ ക്യാബിനറ്റ് അടിയന്തരമായി രൂപീകരിക്കും. 2026 മാർച്ച് അഞ്ചിന് പൊതുതിരഞ്ഞെടുപ്പ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |