വിജ്ഞാപനമിറക്കി സംസ്ഥാന സെക്രട്ടറി,
നോമിനികളെ അയോഗ്യരാക്കി ജില്ലാ പ്രസിഡന്റ്
തിരുവനന്തപുരം : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിന് വരണാധികാരിയായ സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ കായിക സംഘടനകളുടെ നോമിനികളായി തിരഞ്ഞെടുത്ത 13പേരെ അയോഗ്യരാക്കി തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ. ഇതോടെ ജില്ലാ കൗൺസിൽ പ്രസിഡന്റും സംസ്ഥാന കൗൺസിലും തമ്മിൽ നാളുകളായി തുടരുന്ന അധികാര വടംവലി അടുത്ത ഘട്ടത്തിലേക്കെത്തി. സംസ്ഥാന സ്പോർട്സ് കൗൺസിൽ രണ്ട് തവണ പുറത്താക്കിയെങ്കിലും കോടതിയെ സമീപിച്ച് അനുകൂല വിധി നേടി വീണ്ടും പ്രസിഡന്റായ ആളാണ് സുധീർ.
കായികനിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് 13കായിക അസോസിയേഷനുകളുടെ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തി ജില്ലാ കൗൺസിലിലേക്കുള്ള നോമിനികളെ തിരഞ്ഞെടുത്തതെന്നും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചാണ് ഇവരെ അയോഗ്യരാക്കുന്നുവെന്നും ഇന്നലെ സുധീർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കായിക അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിന്നുള്ള നോമിനികളാണ് ജില്ലാ സ്പോർട്സ് കൗൺസിൽ ജനറൽ ബോഡിയിൽ വോട്ടർമാരായുള്ളത്. സുധീറിന്റെ ഉത്തരവ് വന്നതോടെ തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. അതേസമയം ഇത്തരത്തിൽ ഉത്തരവിടാൻ ജില്ലാ പ്രസിഡന്റിന് അധികാരമില്ലെന്ന നിലപാടിലാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ.
ഒക്ടോബറിൽ തിരഞ്ഞെടുപ്പ്
ജില്ലാ സ്പോർട്സ് കൗൺസിലിലെ തദ്ദേശസ്ഥാപന പ്രതിനിധികൾക്കും പുതിയ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിക്കും വേണ്ടിയുള്ള തിരഞ്ഞെടുപ്പുകളുടെ തീയതി അറിയിച്ചാണ് വ്യാഴാഴ്ച വരണാധികാരിയ പി.വിഷ്ണുരാജ് വിജ്ഞാപനമിറക്കിയത്.ഒക്ടോബർ ആറിനാണ് ഗ്രാമപഞ്ചായത്ത്/ബ്ളോക്ക്/ജില്ലാ പഞ്ചായത്ത്/മുൻസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴു പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.ഒക്ടോബർ 14ന് ജനറൽ ബോഡിയിൽ നിന്ന് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും സംസ്ഥാന പ്രതിനിധിയേയും ഒക്ടോബർ 22ന് ജില്ലാ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുക്കുമെന്നായിരുന്നു വിജ്ഞാപനത്തിൽ.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ്
തദ്ദേശ പ്രതിനിധികൾ
സംസ്ഥാനത്ത് ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ അതിന് ദിവസങ്ങൾക്ക് മുമ്പ് ജില്ലാ സ്പോർട്സ് കൗൺസിലിലേക്കുള്ള തദ്ദേശ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിലുള്ള സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നു. ഇപ്പോൾകൗൺസിലിലേക്ക് തിരഞ്ഞെടുക്കുന്നവർ അടുത്ത തവണ തദ്ദേശപ്രതിനിധികളാകുമെന്നതിൽ ഉറപ്പില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കൗൺസിലിലേക്ക് പ്രതിനിധികളെ എടുത്താലേ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിക്ക് പ്രതിനിധ്യം ലഭിക്കൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വീണ്ടും കോടതികയറും ?
തിരഞ്ഞെടുപ്പിലെ അപാകതകളുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ചില കായിക സംഘടനകൾ.വിജ്ഞാപനത്തിന് 45 ദിവസം മുമ്പ് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന മാനദണ്ഡം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |