കോഴിക്കോട്: പാതയോരത്തുനിന്ന് ചൂട് ചായയുടെയും കല്ലുമ്മക്കായ പൊരിച്ചതിന്റെയും രുചി നുകരാം. 'ദില്ലി ടീ' ചായവണ്ടി നിങ്ങൾക്കരികിലെത്തും. സുഹൃത്തുക്കളായ വടകര ചോറോട് സ്വദേശിയായ അസ്ലം പി.പിയും മലപ്പുറം അയ്ക്കരപ്പടി സ്വദേശിമുജീബ് റഹ്മാനുമാണ് ചൂട് ചായയ്ക്കൊപ്പം മലബാറിന്റെ തനത് രുചികളും സഞ്ചരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിൽ ജനങ്ങളുടെ മുമ്പിലേക്കെത്തിക്കുന്നത്.
പ്രത്യേകമായി രൂപപ്പെടുത്തിയ മൂന്ന് ചക്ര ഇലക്ട്രിക് വാഹനത്തിലാണ് ഭക്ഷണമൊരുക്കുന്നത്. പ്രത്യേക കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന സ്പെഷ്യൽ ചായയാണ് 'ദില്ലി ടീ' യുടെ മുഖ്യ ആകർഷണം. കൂടാതെ വീടുകളിൽ നിന്നുണ്ടാക്കുന്ന മലബാർസ്പെഷ്യൽ ചായക്കടികളും വാഹനത്തിലുണ്ടാകും. മിതമായ നിരക്കിലാണ് ഇവ നൽകുന്നത്. ഭക്ഷണം തയ്യാറാക്കാനും സൂക്ഷിച്ചുവയ്ക്കാനുമുള്ള ഇടവും വണ്ടിയിലുണ്ട്.
ബീച്ച്, ബേപ്പൂർ, മാനാഞ്ചിറ, സരോവരം പോലെ ടൂറിസം സാദ്ധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ വെെകുന്നേരങ്ങളിലാണ് ദില്ലി ടീ' ചായവണ്ടി എത്തുക. അസ്ലമിനും മുജീബ് റഹ്മാനുമൊപ്പം ഭക്ഷണം നൽകാനും ചായയുണ്ടാക്കാനും അയ്ക്കരപ്പടിക്കാരനായ യാസിറും കൂടെയുണ്ട്. ഭക്ഷണത്തോടുള്ള പ്രിയവും ജനങ്ങൾക്ക് വൃത്തിയുള്ള ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തിലാണ് ദില്ലി ടീ ചായവണ്ടി നിരത്തിലിറക്കുന്നതെന്ന് അസ്ലമും മുജീബും പറയുന്നത്. ട്രയൽ റണ്ണെന്നോണം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ചായവണ്ടിയ്ക്ക് സ്വീകാര്യതയേറിയതോടെ കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.
''വൃത്തിയോടെ ഭക്ഷണം വിളമ്പുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൂടുതൽ വാഹനങ്ങൾ ഈ മാസം അവസാനത്തോടെ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്''
- അസ്ലം പി.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |