102 ഇന്ത്യൻ സ്ഥാപനങ്ങൾക്ക് കയറ്റുമതിക്ക് അനുമതി
കൊച്ചി: അമേരിക്കയുടെ 50 ശതമാനം തീരുവയിൽ വലയുന്ന സമുദ്രോത്പന്ന കയറ്റുമതിക്കാർക്ക് യൂറോപ്പിൽ പുതിയ അവസരങ്ങളൊരുങ്ങുന്നു. യൂറോപ്യൻ യൂണിയനിലേക്ക് സമുദ്രോത്പന്നങ്ങൾ കയറ്റി അയക്കാൻ 102 ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ് പുതുതായി അനുമതി ലഭിച്ചത്. ഇതോടെ യൂറോപ്യൻ യൂണിയന്റെ അംഗീകാരമുള്ള സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം 604ൽ എത്തി.
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും(എം.പി.ഇ.ഡി.എ) എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ കൗൺസിന്റെയും(ഇ.ഐ.സി) ഇടപെടലാണ് അനുമതിക്ക് സാഹചര്യമൊരുക്കിയത്.
ബെൽജിയം, സ്‌പെയിൻ, ഇറ്റലി എന്നിവയാണ് യൂറോപ്യൻ യൂണിയനിലെ ഇന്ത്യയുടെ പ്രധാന വിപണികൾ. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലാകുന്ന സ്വതന്ത്ര വ്യാപാരക്കരാറിലൂടെ നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലേക്കും വിപണി വികസിപ്പിക്കാനാകും.
മൂന്നാമത്തെ വലിയ വിപണി
യു.എസ്.എയും ചൈനയും കഴിഞ്ഞാൽ ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണിയാണ് യൂറോപ്യൻ യൂണിയൻ. മൊത്തം കയറ്റുമതിയിൽ 15.10 ശതമാനമാണ് വിഹിതം. 2024-25ൽ യൂറോപ്യൻ യൂണിയനിലേക്ക് 9,429.56 കോടി രൂപയുടെ 2,15,080 ടൺ സമുദ്രോത്പന്നങ്ങൾ കയറ്റി അയച്ചു. ചെമ്മീൻ, കണവ, കൂന്തൽ എന്നിവയാണ് പ്രധാനം.
ഗുണമേന്മയുള്ള ഉത്പന്നങ്ങളിലൂടെ യൂറോപ്യൻ വിപണിയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ പുതിയ കരാർ അവസരം നൽകും
ഡി.വി. സ്വാമി
ചെയർമാൻ
എം.പി.ഇ.ഡി.എ
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കയറ്റുമതി
62,408.45 കോടി രൂപയുടെ 16,98,170 ടൺ സമുദ്രോത്പന്നങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |