പുകയും പടലവുമൊക്കെ ഉണ്ടാകുമെന്നും ഒടുവിലത് പൊട്ടിത്തെറിയിൽ കലാശിക്കുമെന്നും പലരും പ്രവചിച്ചിരുന്നെങ്കിലും തികച്ചും സമാധാനപരമായിട്ടാണ് ആലപ്പുഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സി.പി.ഐയുടെ സംസ്ഥാന സമ്മേളനം സമാപിച്ചത്. പാർട്ടി സെക്രട്ടറിയായി എതിരില്ലാതെ ബിനോയ് വിശ്വത്തെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. 103 അംഗ സംസ്ഥാന കൗൺസിലിനെയും 11 കാൻഡിഡേറ്റ് അംഗങ്ങളെയും ഒൻപത് അംഗ കൺട്രോൾ കമ്മിഷനെയും ഇതോടൊപ്പം തിരഞ്ഞെടുത്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങളിൽ പൊതുവേയുണ്ടാകുന്ന ചില്ലറ അസ്വാരസ്യങ്ങളല്ലാതെ ജനാധിപത്യസ്വഭാവം പരിപൂർണമായി പാലിക്കാൻ സമ്മേളനത്തിലുടനീളം കഴിഞ്ഞു. പാർട്ടി നേതൃത്വം അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിനെ തലനാരിഴകീറി പരിശോധിക്കാനും മൃദുഭാവത്തിൽ രേഖപ്പെടുത്തിയ വിഷയങ്ങളിൽ നിശിത വിമർശനം നടത്താനും സമ്മേളനത്തിൽ പങ്കെടുത്ത വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ മുന്നോട്ടുവന്നു. അത്തരം പ്രതികരണങ്ങളെ കൂടി ഉൾക്കൊണ്ട് പാർട്ടിയെ മുന്നോട്ടു നയിക്കുന്നതിലാണ് സമ്മേളനം തിരഞ്ഞെടുത്ത പുതിയ നേതൃത്വം മുൻകൈയെടുക്കേണ്ടത്.
കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ബിനോയ് വിശ്വം സംസ്ഥാന സമ്മേളനത്തിന്റെ പൂർണ അംഗീകാരത്തോടെയാണ് വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ചുനിന്ന കുടുംബത്തിൽ നിന്നാണ് ബിനോയ് രാഷ്ട്രീയ പാതയിലേക്കു കടന്നുവന്നത്. പരിസ്ഥിതി പോരാളിയും, സാഹിത്യ തത്‌പരനും സർവ്വോപരി മനുഷ്യസ്‌നേഹിയുമാണ് കറപുരളാത്ത വ്യക്‌തിത്വത്തിനുടമയായ ബിനോയ് വിശ്വം. പുതിയ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഏറ്റവും അത്യാവശ്യമായ മാനവികതയിലൂന്നിയ രാഷ്ട്രീയപ്രവർത്തനമാണ് പക്വമതിയായ നേതാവെന്നു വിശേഷിപ്പിക്കാവുന്ന ബിനോയ് വിശ്വത്തിന്റേത്. യുവതലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാനും പൊതുസമൂഹത്തിന്റെ ആവശ്യങ്ങൾക്കായി പൊരുതാനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.പി.ഐക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. സംസ്ഥാന മന്ത്രിസഭയിൽ സി.പി.ഐയുടെ പ്രതിനിധികളായി പ്രവർത്തിക്കുന്ന കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരും വീണ്ടും സംസ്ഥാന കൗൺസിലിൽ എത്തിയിട്ടുണ്ട്. അവരടക്കം സംസ്ഥാന കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും അഭിനന്ദിക്കാൻ കൂടി ഈ അവസരം ഉപയോഗിക്കുന്നു.
കേരള രാഷ്ട്രീയത്തിലെ ഒരു തിരുത്തൽ ശക‌്‌തിയായിട്ടാണ് സി.പി.ഐയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്താറുള്ളത്. ഭരണത്തിലിരിക്കുമ്പോഴും ജനപക്ഷത്തുനിന്ന് അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ യാതൊരു മടിയും കാട്ടാത്ത നേതാക്കൾ നയിച്ച പാരമ്പര്യം അവകാശപ്പെടാവുന്ന പാർട്ടി കൂടിയാണ് സി.പി.ഐ. പൊതുവിഷയങ്ങളിൽ ആ നിലയിൽ പ്രതികരിക്കാൻ പാർട്ടിക്ക് ഇന്നു കഴിയുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്താനും പുതിയ നേതൃത്വത്തിനു കഴിയേണ്ടതുണ്ട്. നേതൃത്വം എന്തു നിലപാട് സ്വീകരിച്ചാലും പാർട്ടി അതാഗ്രഹിക്കുന്നുണ്ടെന്നാണ് ചർച്ചകളിൽ പങ്കെടുത്ത പ്രതിനിധികൾ പ്രകടമാക്കിയ വികാരം പ്രതിഫലിപ്പിക്കുന്നത്. ഒപ്പംതന്നെ വിഭാഗിയമായ നിലപാടുകൾ അവസാനിപ്പിക്കാനും മുതിർന്ന നേതാക്കൾ ശ്രമിക്കണം.
ചേരിതിരിഞ്ഞുള്ള പ്രവർത്തനങ്ങളും വ്യക്‌തികളുടെ നേതൃത്വ വ്യാമോഹങ്ങളുമൊന്നും ഒരു പാർട്ടിക്കും ഭൂഷണമല്ല. അനുനയത്തിന്റെ പാത സ്വീകരിക്കുകയും, അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചമർത്താതെ പരിഹരിക്കാനുള്ള ഏകോപനവും ഉണ്ടാകണം. കഴിവും പ്രായോഗിക സമീപനവും പുലർത്തുന്ന നേതാക്കളെ മാറ്റിനിറുത്താതെ പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടത് നേതൃത്വമാണ്.
കെ.ഇ. ഇസ്‌മയിലിനെപ്പോലുള്ള മുതിർന്ന നേതാവിനോടു പാർട്ടി നേതൃത്വം കുറച്ചുകൂടി സൗമനസ്യത്തോടെ പെരുമാറേണ്ടിയിരുന്നു. അവരുടെ മുൻകാല പ്രവർത്തനപാരമ്പര്യം കൂടി കണക്കിലെടുത്തിരുന്നെങ്കിൽ ആലപ്പുഴ സമ്മേളനത്തിൽ അത്തരമൊരു വിവാദം ഒഴിവാക്കാൻ കഴിയുമായിരുന്നു. പാർട്ടി ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. അത് നേതാക്കൾക്കു വേണ്ടിയും സ്ഥാനമാനങ്ങൾക്കു വേണ്ടിയുമാണെന്ന് ചിന്തിക്കുമ്പോഴാണ് വിഭാഗീയതയും ചേരിതിരിവും ഒക്കെ ഉണ്ടാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |