ആലപ്പുഴ: കേരളത്തിൽ എൽ.ഡി.എഫിന് തുടർ ഭരണവും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയവും ഉറപ്പാണെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മലയാള മണ്ണിന് വണക്കം പറഞ്ഞു കൊണ്ട് ആരംഭിച്ച രാജയുടെ പ്രസംഗത്തെ കൈയടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ സമസ്ത മേഖലകളിലും വികസന മുന്നേറ്റമാണ്..കമ്മ്യൂണിസ്റ്റുകാരുടെ ദേശ സ്നേഹം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. സ്വാതന്ത്യസമരത്തിൽൽ കാഴ്ചക്കാരായി പോലും നിൽക്കാതിരുന്ന ആർ.എസ്.എസ് ദേശീയതയെപ്പറ്റി വാചാലരാവുകയാണ്. അവർ ഫാസിസത്തിന്റെ വക്താക്കളാണ്. മോദി സർക്കാർ അദാനി , അംബാനിമാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത്. വയലാറിന്റെ മരിക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന വരികളോടെയാണ് രാജ പ്രസംഗം അവസാനിപ്പിച്ചത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.പ്രസാദ് സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗങ്ങളായ കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ കെ. പ്രകാശ് ബാബു, കെ.പി.രാജേന്ദ്രൻ, പി.സന്തോഷ് കുമാർ, ഇ.ചന്ദ്രശേഖൻ, പി.പി. സുനീർ, സത്യൻ മൊകേരി, കമല സദാനന്ദൻ, കെ.കെ. അഷ്റഫ്, മന്ത്രിമാരായ കെ.രാജൻ, ജി .ആർ.അനിൽ, ചിഞ്ചുറാണി , മുതിർന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, വി.ചാമുണ്ണി, കെ. ആർ.ചന്ദ്രമോഹൻ, കെ.ആർ ജയദേവൻ സ്വാഗത സംഘം കൺവീനർ ടി.ജെ .ആഞ്ചലോസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |