വടക്കാഞ്ചേരി: വിദ്യാർത്ഥികളെ മുഖം മൂടിയണിയിച്ച് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, കെ.അജിത് കുമാർ, പി.എൻ.വൈശാഖ് എന്നിവരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സമരത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
പ്രതിഷേധ പ്രകടനമായെത്തിയ പ്രവർത്തകരെ മാരിയമ്മൻ കോവിലിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥിതി നിയന്ത്രണാതീതമായപ്പോൾ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. ഹാക്സോ ബ്ളേഡ് ഉപയോഗിച്ച് ബാരിക്കേഡുകളുടെ കയർ മുറിച്ച് പ്രവർത്തകർ മുന്നോട്ടുപോകാൻ ശ്രമിച്ചതോടെ രണ്ട് തവണ കണ്ണീർവാതകം പ്രയോഗിച്ചു. പൊലീസ് ബസിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു. എസ്.എച്ച്.ഒയുടെ പട്ടാമ്പിയിലെ വീട്ടിലേക്കും മാർച്ച് നടത്തിയിരുന്നു. തിങ്കളാഴ്ച ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണ്ടും മാർച്ച് നടത്തും.
മകൻ തെറ്റ് ചെയ്തിട്ടില്ലെന്ന്
ഗണേഷിന്റെ പിതാവ്
വടക്കാഞ്ചേരി: 'ഒരു തെറ്റും അവൻ ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും ഉറപ്പുണ്ട്. എന്നിട്ടും എന്റെ മകനെ കൊടും ക്രിമിനലിനെയും തീവ്രവാദിയെയും പോലെ കാണേണ്ടി വന്നു...'' വടക്കാഞ്ചേരി സി.ഐ ഷാജഹാൻ, കറുത്ത തുണികൊണ്ട് തലമൂടി മകൻ ഗണേഷ് ആറ്റൂരിനെ കോടതിയിൽ ഹാജരാക്കിയതിനെ കുറിച്ച് അച്ഛൻ ഗോവിന്ദൻകുട്ടി നായർ നിറകണ്ണുകളോടെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു മക്കളെയും മാതാപിതാക്കൾ ഇത്തരത്തിൽ കാണാൻ ആഗ്രഹിക്കില്ല. അവന്റെ തലയിൽ നിന്ന് ആ കറുത്ത തുണി മാറ്റരുത്. കോടതി കാണട്ടെ, ജനങ്ങൾ കാണട്ടെ- ഗോവിന്ദൻ കുട്ടി നായർ പറഞ്ഞു. സംഭവത്തിനു ശേഷം സി.ഐ ഷാജഹാനെ മജിസ്ട്രേറ്റ് കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. കാരണം കാണിക്കൽ നോട്ടീസ് നൽകി പ്രതിഷേധം അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച ഷാജഹാനോട് നേരിട്ട് ഹാജരാവാനും കോടതി ആവശ്യപ്പെട്ടു.
ഡി.ഐ.ജി ഓഫീസിലേക്ക് മുഖം
മൂടിയണിഞ്ഞ് മാർച്ച്
തൃശൂർ: വടക്കാഞ്ചേരിയിൽ നടത്തിയ മാർച്ചിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗുരുതരമായി പരിക്കേൽപ്പിച്ച നടപടിയിലും കെ.എസ്.യു നേതാക്കളെ മുഖം മൂടിയണിയിച്ച് കോടതിയിൽ ഹാജരാക്കിയതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖം മൂടിയണിഞ്ഞ് ഡി.ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് സമരം നടത്തിയ ശേഷം മുഖം മൂടി ക്രിമിനലുകളായ പൊലീസുകൾക്ക് അണിയിച്ച് കൊടുക്കാൻ ഡി.ഐ.ജിക്ക് സമർപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.
പൊലീസ് നടപടി
അപരിഷ്കൃതം:
സണ്ണി ജോസഫ്
തൃശൂർ: കെ.എസ്.യു നേതാക്കളെ കറുത്ത തുണി മുഖത്തണിയിച്ചും കൈയ്യാമം വച്ചും കോടതിയിലും ജയിലിലും കൊണ്ടുപോയ വടക്കാഞ്ചേരി പൊലീസിന്റെ നടപടി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.
റിമാൻഡിൽ കഴിയുന്ന കെ.എസ്.യു നേതാക്കളായ ഗണേഷ് ആറ്റൂർ, അൽ അമീൻ, അസ്ലം എന്നിവരെ വിയ്യൂർ സബ് ജയിലിലും പൊലീസിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവരെ എരുമപ്പെട്ടി പൊലീസ് സറ്റേഷനിലും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എമ്മിന്റെ പ്രീതിക്കായാണ് പൊലീസ് ഇത്തരത്തിൽ പെരുമാറിയത്. കിരാതവും നിയമവിരുദ്ധവുമായ വടക്കാഞ്ചേരി പൊലീസിന്റെ നടപടി കോടതി തന്നെ ചോദ്യം ചെയ്യുകയും ഷോക്കോസ് നോട്ടീസ് നൽകുകയും ചെയ്തു. പൊലീസിന്റെ ചട്ടലംഘനത്തെ കുറിച്ച് ആഭ്യന്തര വകുപ്പ് വിശദീകരിക്കണം. രാഷ്ട്രീയ എതിരാളികൾക്കെതിരെ പൊലീസിനെ ഉപയോഗിക്കുന്ന പിണറായി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് പൊലീസിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |