തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജന്റെ (59) മരണത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. വയോധികനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനം പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണെന്ന് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച അഞ്ചുമണിക്ക് റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ട് കാർ നിർത്താതെ പോയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. വാഹനം അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആർ. അപകടശേഷം ഈ വാഹനം വർക്ക്ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപണി ചെയ്തതായാണ് വിവരം. വാഹനമിടിച്ച ശേഷം രാജൻ റോഡിൽ ചോരവാർന്ന് ഒരു മണിക്കൂറോളം കിടന്നിരുന്നു. ആറ് മണിയോടെയാണ് നാട്ടുകാർ രാജനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കിളിമാനൂർ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വാഹനം ഓടിച്ചത് അനിൽകുമാറാണോ എന്ന് പരിശോധിക്കും. അനിൽകുമാറാണ് ഡ്രൈവറാണെന്ന് തെളിഞ്ഞാൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കും. സമീപത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രൈവർ ആരാണെന്ന് തിരിച്ചറിയാൻ ശ്രമിക്കുകയാണ്. അടുത്ത ദിവസം അനിൽകുമാറിനെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പോലീസ് തീരുമാനമെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കാനും സാദ്ധ്യതയുള്ളതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |