ന്യൂഡൽഹി: വംശീയ കലാപം പൊട്ടിപുറപ്പെട്ട ശേഷം ആദ്യമായി മണിപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന് ആഹ്വാനം ചെയ്‌തു. വികസനം വേരോടണമെങ്കിൽ സമാധാനം അനിവാര്യമാണെന്ന് വ്യക്തമാക്കിയ മോദി, മേഖലയിലെ എല്ലാ സംഘടനകളും ആ പാത തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടു. മണിപ്പൂരിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കണമെന്നും പറഞ്ഞു. കലാപത്തിൽ സർവതും നഷ്‌ടപ്പെട്ട കുക്കി, മെയ്‌തി വിഭാഗത്തിലുള്ളവരെ മോദി കണ്ടു. പുനരധിവാസ ക്യാമ്പുകളിലേക്ക് പോയില്ല. കുക്കികളുമായി ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലും മെയ്‌തികളുമായി ഇംഫാലിലെ കൻഗ്ല ഫോർട്ട് കോംപ്ലക്‌സിലും കൂടിക്കാഴ്ച നടത്തി. കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം ആശങ്കകൾ കേട്ടു. കലാപത്തിന്റെ വേദന പങ്കുവയ്‌ക്കുന്നതിനിടെ ചില കുട്ടികൾ പൊട്ടിക്കരഞ്ഞു. മോദി അവരെ ആശ്വസിപ്പിച്ചു. ഒപ്പമുണ്ടെന്ന് വാഗ്ദാനം നൽകി. ചുരാചന്ദ്പൂരിലെയും ഇംഫാലിലെയും പൊതുസമ്മേളനങ്ങളിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്‌തു. ചുരാചന്ദ്പൂരിൽ 7,300 കോടിയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്‌തു. അതേസമയം, രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ ഭരണപ്രതിസന്ധി പരിഹരിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളുണ്ടായില്ല.
ഐക്യത്തിന്റെ പാലം ഉയരണം
ക്യാമ്പുകളിൽ കഴിയുന്നവരെ കേട്ടതിൽ നിന്ന്, മണിപ്പൂരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പുതിയ പ്രഭാതം ഉദിച്ചുയരുകയാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്ന് മോദി. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ കേന്ദ്രം പ്രവർത്തിക്കുന്നു. കുക്കികൾക്കും മെയ്‌തികൾക്കുമിടയിൽ ഐക്യത്തിന്റെ പാലം നിർമ്മിക്കാൻ നിരന്തരം സമവായ ചർച്ചകളുണ്ടാകണം. മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമാക്കി മാറ്രുകയാണ് ലക്ഷ്യം. മണിപ്പൂർ പ്രതീക്ഷയുടെ നാടാണ്. ഇത്രയധികം മനോഹരമായ മേഖലയിൽ അക്രമങ്ങൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്. പൂർവ്വികരോടും ഭാവി തലമുറയോടും കാണിക്കുന്ന കടുത്ത അനീതിയാണ്.ഗോത്ര സമൂഹത്തിന്റെ വികസനം രാജ്യത്തിന്റെ മുൻഗണനയാണെന്നും മോദി പറഞ്ഞു. പരമ്പരാഗത വേഷത്തിലാണ് രണ്ടിടങ്ങളിലും മോദി പ്രസംഗിച്ചത്.
കനത്തമഴ
ഇംഫാൽ വിമാനത്താവളത്തിൽ ഇന്നലെ ഉച്ചയ്‌ക്ക് മോദി വിമാനമിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴ. ചുരാചന്ദ്പൂരിലേക്ക് ഹെലികോപ്റ്ററിൽ പോകാൻ കഴിയുന്ന കാലാവസ്ഥയായിരുന്നില്ല. ഇതോടെ റോഡ് വഴി തിരിച്ചു. ഒന്നര മണിക്കൂർ സമയമെടുത്താണ് ചുരാചന്ദ്പൂരിലെ വേദിയിലെത്തിയത്. വൻസുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. വൈകിട്ടോടെ അസാമിലേക്ക് പോയി.
മോദിയുടെ മൂന്നു മണിക്കൂർ സന്ദർശനം പ്രഹസനം. മണിപ്പൂർ ജനതയെ അപമാനിക്കൽ. കലാപം തുടങ്ങിയ ശേഷം 46 വിദേശ സന്ദർശനങ്ങൾ മോദി നടത്തി. ഒരു തവണ പോലും മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ല. മോദിയുടെ 'ഡബിൾ എൻജിൻ' സർക്കാർ മണിപ്പൂരിലെ നിഷ്‌കളങ്ക ജീവിതങ്ങളെ തകർത്തു.
-മല്ലികാർജ്ജുൻ ഖാർഗെ
കോൺഗ്രസ് അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |