തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റിനുള്ള ചോദ്യങ്ങൾ 20ൽ നിന്ന് 30 ആക്കി. ഇതിൽ 18 ശരിയുത്തരം (60%) ലഭിച്ചാലേ പാസാകൂ. നിലവിൽ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ ലേണേഴ്സ് പാസാകുമായിരുന്നു.
ഓരോ ചോദ്യത്തിന്റെയും ഉത്തരത്തിനുള്ള സമയം 15 സെക്കൻഡിൽ നിന്ന് 30 സെക്കൻഡായും മോട്ടോർ വാഹനവകുപ്പ് ഉയർത്തി. പുതിയ രീതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ലേണേഴ്സിനുള്ള പരിശീലനത്തിനും മോക് ടെസ്റ്റിനുമായി 'എം.വി.ഡി ലീഡ്സ്" ആപ്പും ഗതാഗത കമ്മീഷ്ണറേറ്റ് പുറത്തിറക്കി.
അതേസമയം ഡ്രൈവിംഗ് സ്‌കൂളുകളില ഇൻസ്ട്രക്ടർമാർക്കും റോഡ് സേഫ്ടി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ലീഡ്സ് ആപ്പിലൂടെ ഇൻസ്ട്രക്ടർമാരും ടെസ്റ്റ് പാസാവണം. എങ്കിലേ ഇൻസ്ട്രക്ടർ ലൈസൻസ് നിലനിർത്താനാകൂ. മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്കും റോഡ് സേഫ്ടി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പരീക്ഷാഫലം ജീവനക്കാരുടെ വാർഷിക റിപ്പോർട്ടിലും സേവനകാര്യങ്ങളിലും ഉൾപ്പെടുത്തും.
ലേണേഴ്സ് സിലബസ് 'എം.വി.ഡി ലീഡ്സിൽ"
1. ലേണേഴ്സ് ടെസ്റ്റിനുള്ള സിലബസ്, പ്രാക്ടിക്കൽ ടെസ്റ്റുകൾ എന്നിവ ആപ്പിലുണ്ട്.
2. ആപ്പിലെ മോക് ടെസ്റ്റുകൾ പാസാകുന്നവർക്ക് റോഡ് സേഫ്ടി സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കും.
3. സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് നിർബന്ധിത റോഡ് സേഫ്ടി ക്ലാസിൽ പങ്കെടുക്കേണ്ടതില്ല.
4. ആപ് ഡൗൺലോഡ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളിൽ ക്യൂ.ആർ കോഡ് കാണിച്ച് യാത്രാ ഇളവ് നേടാം
5. ഇതിലൂടെ വിദ്യാർത്ഥികളിൽ റോഡുസുരക്ഷ അവബോധമുണ്ടാകുമെന്ന് പ്രതീക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |