കോട്ടയം: ' സംഗീതത്തിൽ ഏഴുസ്വരങ്ങൾ.ചിത്രരചനയിൽ ഏഴു വർണങ്ങൾ.ഇവയെ ക്യാൻവാസിലെ നിറക്കൂട്ടുകളായി സമന്വയിപ്പിക്കുകയാണ് എൺപത്തെട്ടിന്റെ പടി കയറി നിൽക്കുന്ന നാദസ്വര ചക്രവർത്തി തിരുവിഴ ജയശങ്കർ. രാഗങ്ങളും പ്രകൃതിയുമായുള്ള ബന്ധം ഒരു വർഷമെടുത്താണ് കാൻവാസിൽ പകർത്തിയത് .
'തൃപ്പൂണിത്തുറ സംഗീത കോളേജിൽ ഞാൻ യേശുദാസിനൊപ്പം പഠിച്ചത് ശാസ്ത്രീയ സംഗീതമാണെങ്കിലും . ശ്രദ്ധേയനായത് കോ ട്ടയം തിരുനക്കര ക്ഷേത്രത്തിൽ നാദസ്വര വായനക്കാരനായിരുന്നപിതാവ് തിരുവിഴ രാഘവ പണിക്കരിൽ നിന്നു പകർന്നു കിട്ടിയനാദസ്വര വായനയിലൂടെയാണ് . പതിനഞ്ചാം വയസിൽ അച്ഛനു പകരം ഭഗവാനെ പള്ളി ഉണർത്താൻ ഭൂപാള രാഗത്തിലുള്ള കീർത്തനം നാദസ്വരത്തിലൂടെ വായിച്ചു. പുറത്തിറങ്ങി പുലർച്ചെ ആകാശത്തേക്കു നോക്കിയപ്പോഴുള്ള വർണ വിസ്മയം രാഗങ്ങളായി മനസിൽ പതിഞ്ഞതാണ് വർഷങ്ങൾക്കു ശേഷം ക്യാൻവാസിൽ ചാലിച്ചെടുത്തത്.
ഭൂപാളത്തിനു പുറമേ മോഹനം, അമൃതവർഷിണി, ആനന്ദ ഭൈരവി, ആഭേരി, ശങ്കരാഭരണം, നീലാംബരിഎന്നീ രാഗങ്ങൾക്ക് പ്രകൃതിയുമായുള്ള ബന്ധമാണ് കാൻവാസിൽ പകർത്തിയത് . അതും ആകാശവാണിയിൽ നിന്നു വിരമിച്ചശേഷം .ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും വരയ്ക്കണമെന്നു തോന്നി . ഏഴു രാഗങ്ങളും വർണക്കൂട്ടിലാക്കിയ രാഗഭാവ വിസ്മയം പൊതുജനങ്ങൾ കൂടി മനസിലാക്കണമെന്നുതോന്നിയാണ് പ്രദർശനം നടത്തുന്നത്.
ഭൂപാളത്തിൽ ഉദയ സൂര്യനെങ്കിൽ .മോഹനത്തിൽ അസ്തമയ സൂര്യൻ .ആനന്ദഭൈരവിയിൽ സമയ ഭേദങ്ങളില്ല .അമൃതവർഷിണിയിൽ രാഗദേവതയുടെ ജലപ്രവാഹം .ശങ്കരാഭരണത്തിൽ ശിവലിംഗം .ആഭേരിയിൽ വികാരങ്ങളുടെ വിവിധ ഭാവങ്ങൾ .നീലാമ്പരിയിൽ താരാട്ടുപാടുന്ന അമ്മയുടെ സ്വാന്തനം .ഓരോ സമയത്തും വായിക്കേണ്ടഏഴു രാഗങ്ങളും വർണവൈവിദ്ധ്യമാണ്. ഓരോന്നിനും ഉപയോഗിച്ച നിറക്കൂട്ടുകളും വ്യത്യസ്തം . സംഗീതം ഈശ്വരാംശം നിറഞ്ഞ പ്രകൃതിയാണെന്നു സമർത്ഥിക്കാനാണ് ശ്രമം .
## ആകാശവാണി തിരുവനന്തപുരം നിലയത്തിൽ മുപ്പതു വർഷം പ്രോഗ്രാം അനൗൺസറായി ജോലി നോക്കിയ തിരുവിഴജയശങ്കർ തകിൽവിദ്വാൻ വളയപ്പെട്ടി എ.ആർ. സുബ്രഹ്മണ്യത്തിനൊപ്പം ഇന്ത്യയിലും പുറത്തുമായി 34 വർഷം നാദസ്വരകച്ചേരി നടത്തി .തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചു. മുംബൈ ഷണ്മുഖാനന്ദ സഭ രണ്ടര ലക്ഷം രൂപ സമ്മാനതുകയും സ്വർണപതക്കവുമടങ്ങുന്ന രാജരത്തനം പിള്ള സംഗീതഅവാർഡ് നൽകി ആദരിച്ചത് അടുത്ത നാളിലായിരുന്നു . കേരളത്തിൽ ആദ്യമായാണ് ഒരു കലാകാരന് ഈ അവാർഡ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |