തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരന് അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസമാണ് പൂവാർ സ്വദേശിയായ പ്ലസ്ടുവിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 16ന് ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെത്തി സ്വിമ്മിംഗ് പൂളിൽ കുളിച്ചിരുന്നു. പനിയും തലവേദനയും ദേഹാസ്വാസ്ഥ്യവും വന്നതിനെ തുടർന്ന് തിരുവനന്തപുരത്തെ രണ്ടു സ്വകാര്യആശുപത്രികളിൽ ചികിത്സ തേടി. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം പൂട്ടി. ആരോഗ്യവകുപ്പ് അധികൃതർ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.മെഡിക്കൽ കോളേജിൽ ഒൻപത് രോഗികൾ നിരീക്ഷണത്തിലാണ്. നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ സാമ്പിളിന്റെ പരിശോധനാഫലം വന്നാൽ മാത്രമേ അവിടെ നിന്നാണോ രോഗം ഉണ്ടായതെന്ന് ഉറപ്പിക്കാനാവു. സംസ്ഥാനത്താകെ ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നും മന്ത്രി വീണാ ജോർജ് സ്ഥിരീകരിച്ചു.
വേണം ജാഗ്രത
രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.കുടുംബശ്രീ, ആശാപ്രവർത്തകർ,സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. രോഗം വഷളാകുന്നതിനു മുമ്പേ തിരിച്ചറിയാൻ സാധിക്കാത്തത് മരണനിരക്ക് ഉയർത്തുന്നുണ്ട്.കുട്ടികളിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്.
മലിനജലവുമായി സമ്പർക്കം പാടില്ല
മലിനമായ ജലത്തിൽ കുളിക്കരുത്
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്
സ്വിമ്മിംഗ് പൂളുകളിലും വാട്ടർ തീം പാർക്കുകളിലും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |