തിരുവനന്തപുരം: മനുഷ്യരെയും വീട്ടുമൃഗങ്ങളെയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ ഉടനടി വെടിവച്ചു കൊല്ലാം. കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെയും കാട്ടു പന്നികളെയും കൊല്ലാം. കാട്ടു പന്നികളുടെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകില്ല.
ഈ വ്യവസ്ഥകൾ ഉൾപ്പെട്ട ബിൽ നാളെ ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമത്തിൽ ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരുന്നത്.
വനമേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണിത്. അതേസമയം, ജനങ്ങൾ ഭീതിയോടെ കാണുന്ന തെരുവുനായ്ക്കൾ ഇതിന്റെ പരിധിയിൽ വരുന്നില്ല.
വന്യമൃഗം ജനവാസമേഖലയിലിറങ്ങി ജനങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ ഉടൻ കൊല്ലാൻ
ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം. അതിനുള്ള വ്യവസ്ഥയാണ് വനംവന്യജീവി സംരക്ഷണ നിയമത്തിൽ ഉൾപ്പെടുത്തുന്നത്.
ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാൽ ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽമതി. കൊല്ലുന്നതിന് നടപടി സ്വീകരിക്കാം.
നിയമസഭ പാസാക്കിയാലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലേ നടപ്പാക്കാനാവൂ. കേന്ദ്രനിയമവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ രാഷ്ട്രപതി കേന്ദ്ര സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടേ തുടർ നടപടി സ്വീകരിക്കൂ. നിലവിലെ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകളും കേന്ദ്രസർക്കാർ നടപ്പാക്കിയ നടപടി ക്രമങ്ങളും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമാണ്. ഇവ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാൻ വഴിയൊരുക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
വനപാലകരുടെ അറസ്റ്റ് അധികാരം ഒഴിവാക്കി
വനനിയമങ്ങളുടെ ലംഘനത്തിന് ആരെയും അറസ്റ്റ് ചെയ്യാൻ വനപാലകർക്ക് അധികാരം നൽകുന്ന വ്യവസ്ഥകൾ ഒഴിവാക്കിയുള്ള പുതിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. എതിർപ്പ് കാരണം കഴിഞ്ഞ സമ്മേളനത്തിൽ ഈ ബിൽ പാസാക്കാനായിരുന്നില്ല.
സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പിലൂടെ വിൽക്കുന്നതിന് ഉടമകൾക്ക് അവകാശ നൽകുന്ന 1961ലെ കേരള വനനിയമം ഭേദഗതിയാണ് കരടിൽ നിർദ്ദേശിക്കുന്നത്. നിലവിൽ ചന്ദനമരം നടാമെങ്കിലും അവകാശി സർക്കാരാണ്. ചന്ദനമരം വളർത്തുന്നത് പ്രോത്സാഹിപ്പിക്കാനും ഉടമകൾക്ക് വൻതുക വരുമാനം ലഭിക്കുന്നതിനും ഭേദഗതി സഹായിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ജനന നിയന്ത്രണം
നാടുകടത്തൽ
നിലവിൽ വന്യജീവികൾ രണ്ടു പട്ടികയിലാണുള്ളത്. ഒന്നാം പട്ടികയിൽ കടുവ,സിംഹം തുടങ്ങി ഒട്ടുമിക്ക വന്യജീവികളുമുണ്ട്. കാട്ടുപന്നി പോലുള്ളവ രണ്ടാം പട്ടികയിലുമാണ്
കേന്ദ്രനിയമത്തിൽ മനുഷ്യരെ ആക്രമിക്കുന്ന പട്ടിക ഒന്നിലെ ജീവികളെ കൊല്ലണമെങ്കിൽ നരഭോജിയായും പട്ടിക രണ്ടിലേതിനെ ക്ഷുദ്രജീവിയായും പ്രഖ്യാപിക്കണം
ഇതിന് കേന്ദ്രത്തിനാണ് അധികാരം. ഈ അധികാരം സംസ്ഥാനത്തിന് കൈമാറുന്നതാണ് വനംവന്യജീവി സംരക്ഷണ നിയമഭേദഗതി
പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചാൽ ജനന നിയന്ത്രണം, നാടുകടത്തൽ എന്നിവയ്ക്കും വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്രാഅനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാനം നിവേദനങ്ങൾ വഴിയും നിയമസഭയുടെ പ്രമേയം വഴിയും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |