കണ്ണൂർ: 1976 മാർച്ച് എട്ട്. സഖാവ് രാജനെ ഉരുട്ടിക്കൊന്നതിനെതിരെ ടൗണിൽ പ്രതിഷേധം. ഒട്ടേറെ സഖാക്കൾ അറസ്റ്റിലായി... 76 ആഗസ്റ്റ് മൂന്ന്. തലശ്ശേരി കോടതിയിൽ കേസിനു വന്ന് തിരിച്ചുപോയ സഖാക്കളെ പൊലീസ് കള്ളക്കേസിൽപ്പെടുത്തി തല്ലിച്ചതച്ചു.
ഇത് വിപ്ളവ ഭൂമിയായ കണ്ണൂരിൽ സി.പി.എമ്മിന്റെ ചരിത്രം പറയുന്ന ബുക്കിലെ വരികൾ. ജില്ലാ കമ്മിറ്റി ഓഫീസിലെ കൂറ്റൻ ലഡ്ജർ. കൊണ്ടും കൊടുത്തുമുള്ള അനുഭവങ്ങളുടെ നേർവിവരണം. ഓരോ സാധാരണ പ്രവർത്തകന്റെ വിയർപ്പിന്റെയും ചോരയുടെയും മണമുള്ളതിനാൽ പാർട്ടിക്കിത് അമൂല്യ നിധി.
അത്യാധുനിക സംവിധാനത്തോടെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് അടുത്ത മാസം തുറക്കുമ്പോൾ, ഈ ലഡ്ജറും അങ്ങോട്ടേക്ക് മാറും. ഒപ്പം, അന്നന്നത്തെ വിവരങ്ങൾ എഴുതിച്ചേർത്ത സഖാവ് ശ്രീനിവാസനും.
1970ലാണ് ശ്രീനിവാസൻ പാർട്ടി ഓഫീസ് സെക്രട്ടറിയാവുന്നത്. ഐ.ടി.ഐ പാസായ ശ്രീനിവാസന് സർക്കാർ ജോലി കിട്ടി. പക്ഷേ, ജോലി വേണ്ടെന്നുവച്ച് പാർട്ടി പ്രവർത്തനം ജീവിതമാക്കി.
ഫോണുകളില്ലാത്ത കാലത്ത് ജില്ലയിൽ പ്രവർത്തകർ ആക്രമിക്കപ്പെട്ടാലോ നേതാക്കൾ അറസ്റ്റിലായാലോ നേതൃത്വം അറിഞ്ഞിരുന്നത് ശ്രീനിവാസന്റെ കുറിപ്പുകളിലൂടെയാണ്. ആദ്യം വാടകക്കെട്ടിടത്തിൽ, പിന്നെ പാർട്ടി വാങ്ങിയ അഴീക്കോടൻ മന്ദിരത്തിൽ. ഇനി പുതിയ മന്ദിരത്തിൽ. ശ്രീനിവാസന്റെയും ലഡജറിന്റെയും നിയോഗം ഇങ്ങനെ തുടരും.
എം.വി.ആർ മുതൽ രാഗേഷ് വരെ
എം.വി.രാഘവൻ പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ ഓഫീസ് സെക്രട്ടറിയായതാണ് ശ്രീനിവാസൻ. പിന്നെ
പാട്യം ഗോപാലൻ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ടി.ഗോവിന്ദൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ, പി.ശശി, പി.ജയരാജൻ, എം.വി.ജയരാജൻ. ഇപ്പോൾ കെ.കെ.രാഗേഷിനൊപ്പം.
അഴീക്കോടൻ മന്ദിരം
1972 സെപ്തംബർ 23ന് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടപ്പോൾ കുടുംബ സഹായ നിധി പിരിച്ചു. ഇതിൽ നിന്ന് ഒരു വിഹിതം ഉപയോഗിച്ചാണ് അഴീക്കോടൻ മന്ദിരത്തിന് കെട്ടിടം വാങ്ങിയത്. പുതിയ നാലുനില കെട്ടിടത്തിൽ എ.കെ.ജി ഹാൾ, ചടയൻ മന്ദിരം, പാട്യം ഗോപാലൻ പഠനഗവേഷണകേന്ദ്രം, ലൈബ്രറി, സോഷ്യൽ മീഡിയ സ്റ്റുഡിയോ, മിനികോൺഫറൻസ് ഹാളുകൾ, താമസ സൗകര്യം എന്നിവയുണ്ട്.
കെട്ടിടം മാറാം. പക്ഷേ ലഡ്ജറിൽ നിറഞ്ഞുനിൽക്കുന്ന ചരിത്രം, ത്യാഗങ്ങൾ, സ്വപ്നങ്ങൾ എന്നിവ ശാശ്വതമാണ്- ശ്രീനിവാസൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |