മലപ്പുറം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷത്തിന് പൊന്നാനി നടുവട്ടം കരുവാട്ട്മനയിൽ തുടക്കമായി. 'എത്രയും ചിത്രം ചിത്രം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ദ ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റും കേരള ലളിതകലാ അക്കാഡമിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തിയാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. എം.എം.നാരായണൻ അദ്ധ്യക്ഷനായി.
ശ്രീവത്സൻ ജെ.മേനോൻ സംഗീതാർച്ചന നടത്തി. പനമണ്ണ ശശി, ഭാരതരാജൻ എന്നിവരുടെ കേളിയും അരങ്ങേറി. കേരള ലളിതകലാ അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് ഭാരവാഹികളായ കേരള കാർട്ടൂൺ അക്കാഡമി ചെയർപേഴ്സൺ സുധീർനാഥ്, ബിനുരാജ് കലാപീഠം, നിരൂപകൻ എൻ.ഇ.സുധീർ, ചലച്ചിത്രകാരൻ അരവിന്ദന്റെ മകൻ രാമു അരവിന്ദൻ, നമ്പൂതിരിയുടെ മകനും ട്രസ്റ്റ് അംഗവുമായ കെ.എം.വാസുദേവൻ എന്നിവർ സംസാരിച്ചു.
നാളെ രാവിലെ 11ന് നിയമസഭാ സമുച്ചയത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകൾ സർക്കാരിന് വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങുമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ബാബു ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |