ന്യൂയോർക്ക്: പാലസ്‌തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) പൊതുസഭയിൽ ഫ്രാൻസ് അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ അടക്കം 142 രാജ്യങ്ങൾ. ഇസ്രയേൽ, യു.എസ്, ഹംഗറി, അർജന്റീന തുടങ്ങി 10 രാജ്യങ്ങൾ എതിർത്ത് വോട്ടു ചെയ്തു. 12 രാജ്യങ്ങൾ വിട്ടുനിന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഇസ്രയേൽ - പാലസ്തീൻ സംഘർഷത്തിന് നീതിയുക്തവും സമാധാനപരവും ശാശ്വതവുമായ പരിഹാരം കൈവരിക്കുന്നതിനും കൂട്ടായ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പാലസ്തീനികളും ഇസ്രയേലികളും അടക്കം മേഖലയിലെ എല്ലാ ജനങ്ങൾക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടി. ഇസ്രയേലിൽ 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ പ്രമേയത്തിൽ അപലപിച്ചു. ഹമാസ് ആയുധം താഴെവയ്ക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിൽ ഹമാസിന്റെ പങ്കാളിത്തമുണ്ടാകരുതെന്നും വ്യക്തമാക്കുന്നു.
ഗാസയിലെ സാധാരണക്കാർക്കെതിരെയുള്ള ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും കിഴക്കൻ ജെറുസലേം അടക്കം പാലസ്തീൻ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റങ്ങൾ നിറുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |