ന്യൂഡൽഹി: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർകിയ്ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി എക്‌സിൽ കുറിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സുശീലയ്ക്ക് ആശംസകൾ അറിയിച്ചു. പശ്ചിമ ബംഗാളിന് നേപ്പാളുമായി അതിർത്തിയുണ്ട്. ജനങ്ങൾക്ക് പരസ്പരം ബന്ധമുണ്ട്. അയൽക്കാരെന്ന നിലയിൽ ആഴത്തിൽ വേരൂന്നിയ സൗഹൃദവും സഹകരണവും പരിപോഷിപ്പിക്കുന്നതിന് കാത്തിരിക്കുന്നുവെന്നും മമത പറഞ്ഞു. വെള്ളിയാഴ്ചയാണ് നേപ്പാളിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ സുശീല പ്രധാനമന്ത്രിയായി അധികാരമേറ്റത്.
നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. 2026 മാർച്ച് 5ന് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന് സുശീല അറിയിച്ചു. സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും തിങ്കളാഴ്ച നേപ്പാളിൽ യുവജന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവയ്ക്കുകയായിരുന്നു. ഇന്ത്യക്കാരി അടക്കം 51 പേർ കലാപത്തിനിടെ കൊല്ലപ്പെട്ടു.
കർഫ്യൂ നീക്കി
നേപ്പാളിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കർഫ്യൂവും നിയന്ത്രണ ഉത്തരവുകളും നീക്കി. കടകളും പച്ചക്കറി മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ദിവസങ്ങൾക്ക് ശേഷം തുറന്നു. ഗതാഗതവും പഴയ നിലയിലേക്കെത്തി. ആഭ്യന്തര കലാപത്തിനിടെ തകർക്കപ്പെട്ട സർക്കാർ കെട്ടിടങ്ങളിലും പൊതു ഇടങ്ങളിലും ശുചീകരണ ക്യാമ്പെയ്നുകളും തുടങ്ങി. കലാപത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സുശീല കാർകി ഇന്നലെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |