ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം
ദുബായ്: ഏഷ്യാ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് കളിയേക്കാൾ ഉപരി രാഷ്‌ട്രീയ മാനങ്ങൾ ഏറെയുള്ള ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 8 മുതലാണ് ഏല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാക് പോരാട്ടം ആരംഭിക്കുന്നത്. പഹൽ ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ ചുട്ട മറുപടി കൊടുത്ത ശേഷം ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്ന ആദ്യ ക്രിക്കറ്റ് മത്സരം കൂടിയാണ് ഇന്നത്തേത്.
ബഹിഷ്‌കരണ ആഹ്വാനം
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം നടത്തുന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യാ പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി പോലും വന്നിരുന്നു. എന്നാൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം തള്ളിയ കോടതി ഇത്ര തിടുക്കമെന്തെന്നും ആരാഞ്ഞിരുന്നു. അതേസമയം പഹൽ ഗാമിൽ രക്തസാക്ഷികളായവരുടെ ബന്ധുക്കളും ഇന്നത്തെ ഇന്ത്യ - പാക് പോരാട്ടത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരം ബഹിഷ്‌കരിക്കണമെന്ന് സൈബറിടങ്ങളിൽ നേരത്തേ മുതൽ ആഹ്വാനമുണ്ട്. മത്സരത്തിന്റെ ടിക്കറ്റു വിൽപ്പന കുറവാണെന്നും റിപ്പോർട്ടുകളുണ്ട്. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ നാല് മിനിറ്റിനുള്ലിൽ വിറ്റുപോയപ്പോഴാണ് ഇത്തവണത്തെ ടിക്കറ്റ് വിൽപ്പന മന്ദഗതിയിലായത്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ഭാരവാഹികളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജയ്‌ഷായും മത്സരം കാണാൻ എത്തിയേക്കില്ലെന്നാണ് അറിയുന്നത്. അതേസമയം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗമെന്ന നിലയിൽ നിലവിലെ ബി.സി.സി.ഐ ആക്‌ടിംഗ് സെക്രട്ടറി രാജീവ് ശുക്ല മത്സരം കാണാൻ എത്തുമെന്നാണ് അറിയുന്നു. ഇന്ത്യ വേദിയാകേണ്ട ഏഷ്യാകപ്പ് പോരാട്ടമാണ് നിലവിൽ ദുബായിൽ നടക്കുന്നത്. രാഷ്‌ട്രീയ കാരണങ്ങളാൽ ഇന്ത്യയോ പാകിസ്ഥാനോ വേദിയാകേണ്ട ഏഷ്യാ കപ്പ് മത്സരങ്ങൾ നിഷ്‌പക്ഷ വേദിയിലോ ഹൈബ്രിഡ് മോഡലിലോ നടത്തണമെന്ന് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. അതിനാലാണ് ഇത്തവണ ഏഷ്യാ കപ്പ് ദുബായിലേക്ക് മാറ്റിയത്. നേരത്തേ പാകിസ്ഥാൻ വേദിയായി നിശ്ചയിച്ചിരുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടന്നത്.
ഗ്ലാമാർ പോരാട്ടം
ഗ്രൂപ്പ് എയിൽ ആദ്യ മത്സരങ്ങളിൽ ജയം നേടിയ ഇന്ത്യയും പാകിസ്ഥാനും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങളിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ യു.എ.ഇയെ 9 വിക്കറ്റിന് തോൽപ്പിച്ച് ഗംഭീര ജയം സ്വന്തമാക്കിയിരുന്നു. പാകിസ്ഥാൻ ഒമാനെ 93 റൺസിനാണ് തോൽപ്പിച്ചത്. ഇന്നത്തെ വിജയികൾ ഗ്രൂപ്പ് ചാമ്പ്യൻമാർ ആയേക്കും.
സുസജ്ജം ഇന്ത്യ
ആദ്യ മത്സരത്തിൽ സമ്പൂർണ ജയം നേടിയതിന്റെ ആത്‌മവിശ്വാസത്തിലാണ് ഇന്ത്യ. ബൗളിംഗിലും ബാറ്റിംഗിലവും ഇന്ത്യ സമ്പൂർണ അധിപത്യം പുലർത്തി. സ്പിന്നർ കുൽദീപ് യാദവിന്റെയും ഓൾ റൗണ്ടർ ശിവം ദുബെയുടേയും മികച്ച ബൗളിംഗാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. സ്‌പെഷ്യലിസ്റ്റ് ബൗളറായി ബുംറയെമാത്രമാണ് ആദ്യ മത്സരത്തിൽ കളിപ്പിച്ചത്. ഇന്ന് മറ്റൊരു പേസർ അർഷ് ദീപിന് അവസരം ലഭിക്കുമോ അതോ രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുമായി തന്നെ ഇറങ്ങുമോയെന്ന് കാത്തിരുന്ന് കാണണം. മലയാളി താരം സഞ്ജു സാംസൺ ഇന്ന് കളിച്ചേക്കും.
പ്രതീക്ഷയോടെ പാക്
മുൻ ക്യാപ്ടൻമാരും പ്രമുഖ താരങ്ങളുമായ ബാബർ അസമിനേയും മുഹമ്മദ് റിസ്‌വാനേയും ഒഴിവാക്കി സൽമാൻ അലി ആഗയുടേ നേതൃത്വത്തിൽ ഏഷ്യാ കപ്പിനെത്തിയിരിക്കുന്ന പാകിസ്ഥാൻ ലോക ക്രിക്കറ്റിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ആദ്യ മത്സരത്തിൽ ഒമാനെതിരായ ജയം പാകിസ്ഥാന്റെ ആത്മ വിശ്വാസം കൂട്ടും.
മുഖാമുഖം
അവസനം മുഖാമുഖം വന്ന 5 മത്സരങ്ങളിൽ മൂന്നിലും ഇന്ത്യയ്‌ക്കായിരുന്നു ജയം. ഇതിന് മുമ്പ് 2024ൽ ഇന്ത്യ ചാമ്പ്യൻമാരായ ട്വന്റി-20 ലോകകപ്പിലാണ് ഇരുടീമും മുഖാമുഖം വന്നത്. 6 റൺസിന് ഇന്ത്യയ്‌ക്കായിരുന്നു ആമത്സരത്തിൽ ജയം. ട്വന്റി-20യിൽ ആകെ നേർക്കുനേർ വന്ന 13 മത്സരങ്ങളിൽ 10ലും ഇന്ത്യ ജയിച്ചു.
ലൈവ്
സോണി സ്‌പോർട്‌സ് നെറ്റ് വർക്ക്, സോണി ലിവ്, ഫാൻ കോഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |