തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ പാലോടിന് സമീപം യുവാവ് സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്തി. ഇടിഞ്ഞാര്‍ മൈലാടുംകുന്നില്‍ ക്ഷേത്ര പൂജാരിയായ രാജേന്ദ്രന്‍ കാണി (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകളുടെ മകന്‍ സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. രാജേന്ദ്രന്‍ കാണിയെ പിന്തുടര്‍ന്ന് എത്തിയാണ് സന്ദീപ് കൊലപ്പെടുത്തിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഒരു വര്‍ഷം മുമ്പാണ് രാജേന്ദ്രന്‍ കാണിയുടെ ഭാര്യ പാലോട് ടൗണില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ചത്. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് രാജേന്ദ്രന്‍ കൈണിക്ക് അടുത്തിടെ നഷ്ടപരിഹാര തുക നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഒരേ വീട്ടില്‍ താമസിച്ചിരുന്ന സന്ദീപ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പണത്തിനായി മുത്തച്ഛനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പണത്തിനായി ശല്യം തുടര്‍ന്നതോടെ രാജേന്ദ്രന്‍ കാണി വീട്ടില്‍ നിന്നിറങ്ങി ഇടിഞ്ഞാറില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇവിടെ വന്നും സന്ദീപ് ശല്യം തുടര്‍ന്നു.
വൈകുന്നേരം ക്ഷേത്രത്തിലെ നട തുറക്കാനായി രാജേന്ദ്രന്‍ കാണി എത്തിയപ്പോഴാണ് സന്ദീപ് ആദ്യം ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ടതിന് പിന്നാലെ സമീപത്തെ ഒരു കടയിലേക്ക് ഇയാള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നാലെയെത്തിയ സന്ദീപ് കടയില്‍ നിന്ന് രാജേന്ദ്രനെ വലിച്ച് പുറത്തിറക്കി വീണ്ടും ആക്രമിക്കുകയായിരുന്നു. രാജേന്ദ്രന്‍ കാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവച്ച സന്ദീപിനെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |