തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ച് 2013ൽ പഠനം നടന്നിരുന്നുവെന്നും അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ഇത് ശ്രദ്ധിച്ചില്ലെന്നും കുറ്റപ്പെടുത്തിയുള്ള മന്ത്രി വീണാ ജോർജിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി. ഈ പഠന റിപ്പോർട്ട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018ലാണ് പ്രസിദ്ധീകരിച്ചതെന്നും അത് മറച്ചുവച്ചാണ് മന്ത്രി യു.ഡി.എഫ് സർക്കാരിനെ കുറ്റപ്പെടുത്തിയതെന്നുമാണ് വിമർശനം. മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ കമന്റുകളായാണ് വിമർശനം ഏറെയും.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ
ഡോ.അന്ന ചെറിയാനും ഡോ. ആർ.ജ്യോതിയും നടത്തിയ പഠന റിപ്പോർട്ടാണിത്. കഴിഞ്ഞ ദിവസം സംസ്ഥാന മെഡിക്കൽ ബോർഡിലെ ഡോക്ടർമാരാണ് റിപ്പോർട്ട് കണ്ടെത്തിയതെന്നാണ് മന്ത്രി വീണാ ജോർജ് ഫേസ് ബുക്കിൽ കുറിച്ചത്. തുടർന്ന് താൻ ഡോക്ടർമാരെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞെന്നും മന്ത്രി കുറിച്ചു.
തുടർന്നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 2018ലാണെന്ന് ചൂണ്ടിക്കാട്ടി ചില ഡോക്ടർമാരും സാമൂഹികാരോഗ്യ പ്രവർത്തകരും രംഗത്തെത്തിയത്. ആ പഠന റിപ്പോർട്ട് അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ചല്ലെന്നും കണ്ണിനെ ബാധിക്കുന്ന 'കോർണിയ അൾസർ' കേസുകളെ സംബന്ധിച്ചാണെന്നും ചൂണ്ടിക്കാട്ടുന്നു. അതിനുകാരണം അമീബയാണെന്ന് കണ്ടെത്തിയെങ്കിലും, അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന 'നെഗ്ലേറിയ ഫൗളേറി' എന്ന അമീബയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് വിമർശകർ ഉന്നയിക്കുന്നത്.
ഇന്ത്യൻ ജേർണൽ ഒഫ് മൈക്രോബയോളജി പ്രസിദ്ധപ്പെടുത്തിയ ഗവേഷണ പ്രബന്ധത്തിന്റെ പ്രസിദ്ധീകരണ പേജിൽ നിന്ന് 2018 എന്നതും ജേർണലിന്റെ പേരും മാറ്റിയാണ് ഫേസ്ബുക്കിൽ മന്ത്രി ഷെയർ ചെയ്തതെന്നാണ് ആക്ഷേപം. എന്നാൽ, തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |