തിരുവനന്തപുരം: ലൈംഗികാരോപണങ്ങളിൽ കുടുങ്ങി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിർപ്പ് വകവയ്ക്കാതെയാണ് രാഹുൽ ഇപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാൻ നിയമസഭയിൽ എത്തിയത്.
രാഹുൽ വരുന്നത് പ്രതിപക്ഷ തന്ത്രങ്ങളുടെ ധാർമ്മിക വീര്യം കുറയ്ക്കുമെന്നതുകൊണ്ടാണ് വിഡി സതീശൻ എതിർപ്പ് ഉയർത്തിയത്. എന്നാൽ, രാഹുലിനെ സഭയിൽ എത്തിക്കുമെന്ന വാശിയിലാണ് പിസി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള പഴയ എ പക്ഷം. രാഹുൽ വിഷയം ഭരണപക്ഷം ഉയർത്തിയാൽ എം മുകേഷിന്റെ അടക്കമുള്ള വിഷയമെടുത്തിട്ടാകും പ്രതിപക്ഷം പ്രതിരോധിക്കുക.
രാഹുലിനെ പ്രതിപക്ഷ ബ്ലോക്കിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് വിഡി സതീശൻ കത്തു നൽകിയിരുന്നു. ഇതേത്തുടർന്ന് രാഹുൽ ഇന്ന് പ്രത്യേക ബ്ലോക്കിലാകും ഇരിക്കുക. രാഹുൽ യുഡിഎഫിന്റെ ഭാഗമല്ലെന്നാണ് അദ്ദേഹം ഇന്നലെ വ്യക്തമാക്കിയത്. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സതീശൻ പറഞ്ഞു.
എന്നാൽ രാഹുലിനെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎയുടെ പ്രതികരണം. ഇതിന് സമാനമായ ആരോപണം കേട്ട പലരും ഭരണപക്ഷത്തുണ്ടെന്നും, ആ സ്ഥിതിക്ക് രാഹുലിന് നിയമസഭയിൽ വരുന്നതിന് തടസമില്ലെന്നുമാണ് നിലപാട്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇതേ നിലപാടിലാണ്.
കോൺഗ്രസിലെ പഴയ എ വിഭാഗക്കാരാണ് രാഹുലിന് വേണ്ടി ശക്തമായി നിലകൊള്ളുന്നത്. ഷാഫിപറമ്പിൽ എം.പി, പി.സി വിഷ്ണുനാഥ് എം.എൽ.എ എന്നിവരും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം ഹസനുമാണ് രാഹുലിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നത്. മുതിർന്ന പല നേതാക്കളും രാഹുൽ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനത്തിന് തയ്യാറായിട്ടില്ലെങ്കിലും രാഹുൽ സഭയിൽ വരുന്നതിനെ അനുകൂലിക്കുന്നവരാണ്. സതീശൻ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |