വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും സന്തോഷവാനായ
തടവുകാരനെക്കുറിച്ച് നിങ്ങൾക്കറിയുമോ...
ആറു വയസ്സുകാരന്റെ ഐക്യു ലെവൽ മാത്രമുളള 23 കാരന്റെ വധശിക്ഷയുടെ കഥ!
കല്ലുകൊണ്ടുളള ഇടനാഴിയിൽ
ഏത് വാർഡനാണ് കരയുന്നത്
ഗ്ലാസിലൂടെ നോക്കുന്ന ദുഃഖിതമായ
കണ്ണുകൾ ഏതൊക്കെയാണ്
ദ ക്ലിനിക്ക് എന്ന കവിതയിൽ മാർഗരറ്റ് യങ് കുറിച്ച വരികളാണിത്.
പറഞ്ഞുവരുന്നത് ജോ അരിഡിയെകുറിച്ചാണ് ! ഡെത്ത് റോയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് . ഏറ്റവും നിഷ്‌കളങ്കമായ ചിരിയോടെ മരണം സ്വീകരിച്ച, മരണം വരിക്കാൻ ഗ്യാസ് ചേംബറിലേക്ക് കൊണ്ടു പോകുമ്പോൾ തന്റെ പ്രിയപ്പെട്ട കളിപ്പാട്ട ട്രെയിൻ സഹ തടവുകാരന് സമ്മാനിച്ച ജോ അരിഡി.
വധശിക്ഷ ഏറ്റുവാങ്ങുമ്പോൾ ജോയ്ക്ക് ആറു വയസ്സുകാരന്റെ മാനസിക നില മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഐക്യു ലെവൽ 46 ആയിരുന്നു.മരണത്തിന്റെ ഗൗരവമോ തനിക്കെതിരെ നടന്ന അനീതിയോ മനസ്സിലാക്കാനുളള മാനസികശേഷി അദ്ദേഹത്തിനുണ്ടായിരുന്നില്ല.തടവറ ദിനങ്ങളിൽ ഏറ്റവും സന്തോഷവാനായിരുന്ന ജോ സഹതടവുകാർക്കൊപ്പം ഭക്ഷണം കഴിച്ചും തന്റെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ എടുത്ത് കളിച്ചും സമയം ചെലവഴിച്ചു. ജെയിൽ വാർഡൻ റോയ് ബെസ്റ്റ് ജോയെ സ്വന്തം മകനെപ്പോലെ പരിചരിച്ചു.
ആരായിരുന്നു ജോ അരിഡി
1915 ഏപ്രിൽ 29 ന് കൊളറാഡോയിലെ പ്യൂബ്ലോയിൽ സിറിയൻ ദമ്പതികളായ ഹെന്റിയുടെയും മേരി അരിഡിയുടെയും മകനായാണ് ജോ അരിഡിയുടെ ജനനം. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും കടുത്ത മാനസിക വെല്ലുവിളികൾ അവൻ നേരിട്ടിരുന്നു.പഠിക്കാൻ കഴിവില്ലെന്ന് പറഞ്ഞ് പ്രിൻസിപ്പൽ അദ്ദേഹത്തെ വീട്ടിൽ നിർത്താൻ ആവശ്യപ്പെടുകയും . മാതാപിതാക്കൾക്ക് ജോയെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതായതോടെ മാനസിക വെല്ലുവിളി നേരിടുന്നവർക്കായുളള കേന്ദ്രത്തിലാക്കുകയും ചെയ്യുന്നു. ഭ്രാന്താശുപത്രിക്ക് സമാനമായ അവിടുത്തെ ചുറ്റുപാടുകൾ ജോയെ കൂടുതൽ ദുർബലനാക്കി. 1936 ൽ അവിടെ നിന്നും പുറത്തുചാടിയ ജോ പലയിടങ്ങളിൽ ഇടങ്ങളിൽ അലഞ്ഞുതിരിഞ്ഞു ഒടുവിൽ റെയിൽവേ ഡിറ്റക്ടീവുകളുടെ പിടിയിൽ ആവുകയും ജയിലിലാകുകയും ചെയ്യുന്നു .
ഇവിടം മുതലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന അനീതികളുടെയും നിർഭാഗ്യങ്ങളുടെയും കഥകൾ ആരംഭിക്കുന്നത്. ജയിലിലേക്കു കൊണ്ടുവന്ന ജോയെ ഷെരീഫ് ജോർജ്ജ് ജെ.കരോൾ എന്ന ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്നു. പ്യുബ്‌ളോ നഗരത്തെ നടുക്കിയ പെൺകുട്ടികളുടെ കൊലപാതകക്കേസിലെ പ്രതികൾക്കായുളള തെരച്ചിൽ സമാന്തരമായി നടക്കുന്ന സമയമായിരുന്നു ഇത്. ചോദ്യം ചെയ്യലിൽ താൻ പ്യുബ്‌ളോ സ്വദേശിയാണെന്നും കൊളറാഡോയിൽ നിന്ന് ട്രെയിൻ മാർഗം നഗരത്തിൽ യാത്രചെയ്തുവെന്നും ജോ പറഞ്ഞപ്പോൾ ഷെരീഫ് ജോർജ്ജ് ജെ. രോൾ ബലാൽസംഗ കേസിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുന്നു. നിയമനടപടിക്രമങ്ങളെ കുറിച്ചും തന്റെ അവകാശങ്ങളെ കുറിച്ചും അറിയാത്ത ജോ കുറ്റസമ്മതം നടത്തി. തെറ്റായ ഈ കുറ്റസമ്മതം ജോയുടെ മാനസിക വൈകല്യത്തിന്റെ ദാരുണമായ ഫലമായിരുന്നു.
കരോൾ കുറ്റവാളി ജോ ആണെന്ന് വരുത്തിതീർക്കുന്നു. തെളിവുകളുടെ അഭാവമുണ്ടായിട്ടും കുറ്റസമ്മതത്തിന്റെ രേഖകൾ ഇല്ലാതിരുന്നിട്ടും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി വധശിക്ഷക്കു വിധിക്കുന്നു. യഥാർഥ പ്രതിയെ പിന്നീട് കണ്ടെത്തി വധശിക്ഷക്കു വിധേയനാക്കിയപ്പോൾ ജോയുടെ നിരപരാധിത്വം കൂടുതൽ വ്യക്തമായതാണ്. എന്നിട്ടും തെളിവുകളുടേയും വിദഗ്ധരുടേയും അഭിപ്രായങ്ങൾ അവഗണിച്ച് വിചാരണ മുന്നോട്ടു പോയി. 1939 ജനുവരി 6 ന് ജോയുടെ വധശിക്ഷ നടന്നു.
നിയപരമായ പിഴവിലും നീതിന്യായ വ്യവസ്ഥയുടെ പരാജയത്തിലും എണ്ണിയാലൊടുങ്ങാത്ത നിരപരാധികൾക്ക് ജീവൻ നഷ്ടമാകുന്ന കാലത്ത് ജോയുടെ ജീവിതം ശക്തമായ ഓർമപ്പെടുത്തലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |