തിരുവനന്തപുരം: ജനത്തെ ഇടിച്ചുപിഴിയുന്ന പൊലീസിനെ നിലയ്ക്കു നിറുത്താൻ അധികാരമുള്ള സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിഷൻ വർഷങ്ങളായി ഒരു യോഗംപോലും ചേരാതെ നോക്കുകുത്തിയാകുന്നു!
പൊലീസിന്റെ പ്രവർത്തനം അവലോകനം ചെയ്ത് തിരുത്തലുകൾക്ക് നിർദ്ദേശിക്കാനും മാറ്റങ്ങൾ നടപ്പാക്കാനും അധികാരമുള്ള ഉന്നതസമിതിയാണിത്. 2007ൽ നിലവിൽവന്ന കമ്മിഷൻ 2022 ആഗസ്റ്റിൽ പുനഃസംഘടിപ്പിച്ചു. അതിനുശേഷം ഒരു യോഗംപോലും ചേർന്നിട്ടില്ല. 2016-21കാലത്തും ഒരുതവണപോലും യോഗം ചേർന്നില്ല. സുപ്രീംകോടതി ഉത്തരവുപ്രകാരം നിർബന്ധമായും വേണ്ട കമ്മിഷനാണ് നോക്കുകുത്തിയായി മാറുന്നത്.
മുഖ്യമന്ത്രിയാണ് കമ്മിഷന്റെ അദ്ധ്യക്ഷൻ. നിയമമന്ത്രി, പ്രതിപക്ഷനേതാവ്, ഹൈക്കോടതി ജഡ്ജി, ചീഫ്സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, 3സ്വതന്ത്രർ എന്നിവരാണ് അംഗങ്ങൾ. കമ്മിഷൻ സെക്രട്ടറിയായ ഡി.ജി.പിയാണ് യോഗം വിളിക്കേണ്ടത്. ആറുമാസത്തിലൊരിക്കൽ കമ്മിഷൻ യോഗം ചേരണമെന്നാണ് ചട്ടം. കാലാവധി 5 വർഷം.
പൊലീസ് അതിക്രമങ്ങൾ പ്രതിപക്ഷനേതാവിന് ചൂണ്ടിക്കാട്ടാനും മുഖ്യമന്ത്രിക്ക് മറുപടി നൽകാനും ഡി.ജി.പിയോട് വിശദീകരണം തേടാനും ജഡ്‌ജിക്ക് ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്താനും അവസരമുണ്ട്. കമ്മിഷന്റെ ഉപദേശമനുസരിച്ചേ പൊലീസിന്റെ ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാവൂ എന്നാണ് സുപ്രീംകോടതി ഉത്തരവ്.
പൊലീസ് മർദ്ദനം, അനധികൃതകസ്റ്റഡി, കള്ളക്കേസുകൾ, മോശംപെരുമാറ്റം, മനുഷ്യാവകാശലംഘനം എന്നിവയ്ക്കെല്ലാം കമ്മിഷന് നടപടിയെടുക്കാം. പൊലീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിയമസഭയിൽ സമർപ്പിക്കണം.
അധികാരം വിപുലം
പൊലീസിന്റെ പ്രവർത്തനം വിലയിരുത്താനും നിയന്ത്രിക്കാനും വിപുലമായ അധികാരമുള്ളതാണ് കമ്മിഷൻ. കുഴപ്പക്കാർക്കെതിരെ നടപടി ഉറപ്പാക്കാനുമാവും. കമ്മിഷന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ പൊലീസ് ബാദ്ധ്യസ്ഥരാണ്. ജനങ്ങളിൽ നിന്ന് പരാതിസ്വീകരിക്കില്ലെങ്കിലും മാദ്ധ്യമറിപ്പോർട്ടുകളടക്കം പരിഗണിച്ച് പൊലീസിനെ വിലയിരുത്താനാകും.
പൊലീസിനുമേലുള്ള
കടിഞ്ഞാൺ
1.കൃത്യമായ ഇടവേളകളിൽ പൊലീസിന്റെ പ്രവർത്തനം വിലയിരുത്താം. മാറ്റങ്ങൾക്ക് നിർദ്ദേശിക്കാം
2.ജനങ്ങൾക്കുള്ള സേവനം, കുറ്റകൃത്യം തടയൽ എന്നിവയിൽ മാറ്റങ്ങളും തിരുത്തലുകളും നിർദ്ദേശിക്കാം
3.പൊലീസിന്റെ പ്രവർത്തനത്തിന് നയവും ചട്ടങ്ങളുമുണ്ടാക്കാം. അടിയന്തര സ്വഭാവത്തോടെ ഇത് നടപ്പാക്കണം
4.പൊലീസിന്റെ പ്രവർത്തനം വിലയിരുത്താൻ എല്ലാവർഷവും മൂന്നംഗസമിതിയെ നിയോഗിക്കാനും അധികാരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |