തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തിൽപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നിയമസഭയിൽ എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചുകൊണ്ട് ഇന്നലെ രാഹുൽ സഭയിലെത്തിയിരുന്നു.
സഭയിൽ എത്തേണ്ടതില്ലെന്ന് പാർട്ടി രാഹുലിന് നിർദേശം നൽകിയതായാണ് വിവരം. പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം സഭയിൽ ഉന്നയിച്ച് സർക്കാരിനെതിരെ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതിനാൽ ഈ ദിവസങ്ങളിൽ രാഹുൽ സഭയിലെത്തുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.
ഇന്നലെ സഭയിലെത്തിയതിനുശേഷം നിമിഷങ്ങൾക്കുള്ളിൽ പുറത്തുനിന്നൊരു കുറിപ്പ് ലഭിക്കുകയും രാഹുൽ പുറത്തേക്ക് പോവുകയും ചെയ്തിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറങ്ങിയശേഷം തിരിച്ചു കയറിയതിനു പിന്നാലെയാണ് കുറിപ്പ് ലഭിച്ചതും രാഹുൽ സഭ വിട്ടതും. ഇതോടെ രാഹുൽ വന്നതിൽ നേതൃത്വത്തിന് അതൃപ്തി ഉണ്ടെന്ന ധാരണ പരന്നു. എന്നാൽ താൻ ആരെയും ധിക്കരിച്ചതല്ലെന്ന് രാഹുൽ പിന്നീട് സഭാകവാടത്തിൽ വച്ച് മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു.
അടൂരിലെ വീട്ടിൽ നിന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട രാഹുൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറി റെനോ പി.രാജൻ, സഹായി ഫസൽ എന്നിവരെയും കൂട്ടിയാണ് ഇന്നലെ സഭയിൽ എത്തിയത്. ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലേക്ക് പോകുമെന്നും സഭയിൽ ദിവസവും വരുമെന്നും അദ്ദേഹത്തിന്റെ സ്റ്റാഫ് സൂചിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |