മുംബയ്: കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച 'ലോക ചാപ്ടർ വൺ: ചന്ദ്ര' തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നിർമ്മാതാവായ ദുൽഖർ സൽമാൻ. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ലോക നിർമിച്ചത്.
'ഇത് ഞങ്ങളുടെ ഏഴാമത്തെ നിർമാണമാണ്. എപ്പോഴും സുരക്ഷിതമായി കാര്യങ്ങൾ നീക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ മറ്റൊന്നും ലോകയെപ്പോലെ ആയിരുന്നില്ല. ഒരു നടൻ എന്ന നിലയിൽപ്പോലും എന്റെ ഒരു സിനിമ ഇത്രയും ഓളമുണ്ടാക്കിയില്ല. സിനിമ ജനസംഖ്യാശാസ്‌ത്രത്തെ മറികടന്ന് പോപ്പ് സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
സത്യം പറഞ്ഞാൽ, ഒരു വലിയ നഷ്ടം നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു നമ്മൾ. സിനിമയിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികപരമായി എങ്ങനെയായിരിക്കും ഫലം എന്ന് തീർച്ചയുണ്ടായിരുന്നില്ല. സിനിമ വാങ്ങാൻ ആരും വന്നില്ല. അതിനാൽതന്നെ ഫ്രാഞ്ചൈസിയുടെ ആദ്യ ഹിറ്റ് സിനിമയിൽ തൃപ്‌തിപ്പെടാമെന്ന് നമ്മൾ സമാധാനിച്ചു.
എന്നാലിപ്പോൾ പലയിടത്തുനിന്നുമുള്ള പ്രതികരണങ്ങൾ കാണുകയാണ് ഞാൻ. ഇന്നത്തെ പ്രേക്ഷകർ വ്യത്യസ്ത ഭാഷകളെയും പുതുമയുള്ള കഥപറച്ചിലുകളെയും സ്വാഗതം ചെയ്യുന്നു എന്നതിന്റെ തെളിവാണിത്. ആദ്യ ദിവസം തന്നെ ആളുകൾ സിനിമ കണ്ടു, അവലോകനം ചെയ്തു, റീലുകൾ നിർമ്മിച്ചു, അത് അതിശയകരമായിരുന്നു. ഞങ്ങൾ എല്ലാം ഞെട്ടി, ഒരൊറ്റ രാത്രികൊണ്ട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. സിനിമ വിജയിക്കുമോയെന്ന ചോദ്യത്തിൽ നിന്ന് അടുത്തത് എന്ത് എന്നതിൽ എത്തിനിൽക്കുന്നു'- ദുൽഖർ വെളിപ്പെടുത്തി.
അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്ത ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും താരനിരയിലുണ്ട്.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, വേഫെറർ ഫിലിംസ് ആണ് വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |