ഭാദ്രമാസത്തിൽ കന്യാരാശിയിൽ സൂര്യൻ പ്രവേശിക്കുന്ന സൂര്യകന്യാ സംക്രാന്തിയിൽ കൃഷ്‌ണപക്ഷ ചതുർദ്ദശിയിലാണ് (2025 സെപ്തംബർ 17, 1201 കന്നി 01) വിശ്വകർമ്മ ദിനം ഹിന്ദു കലണ്ടർ പ്രകാരം ആചരിക്കുന്നത്. ഈ ദിനം നേരത്തേ 'ഋഷിപഞ്ചമി" ദിനമെന്നും അറിയപ്പെട്ടിരുന്നു. വിശ്വം എന്നാൽ ലോകം. കർമ്മാവ് എന്നാൽ സ്രഷ്‌ടാവ്. ഭൂലോകത്തിലെ ഒരു ചെറുകണികപോലും വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്.
സൃഷ്‌ടിക്കു മുമ്പ് സർവം ശൂന്യമായിരുന്ന അവസ്ഥയിൽ ശബ്‌ദം (ഓംകാരം) ബ്രഹ്മമായി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബവുമായിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്, ചിത്തം, ബ്രഹ്മാവ്, വിഷ്‌ണു, രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത അവസ്ഥ! ഈ ബ്രഹ്മം പഞ്ചമുഖ ബ്രഹ്മാവായി ലോകത്തെ സൃഷ്ടിച്ച് വിശ്വകർമ്മ ദേവനായി എന്നാണ് മത്സ്യപുരാണം പറയുന്നത്.
ദൈവങ്ങളുടെ ആയുധങ്ങളായ ത്രിശൂലം, സുദർശനചക്രം, ബ്രഹ്മാസ്‌ത്രം, ഗാണ്ഡീവം മുതലായവയും അവരുടെ നഗരങ്ങളായ വൈകുണ്‌ഠം, സ്വർഗം, ദ്വാരക, ലങ്ക എന്നിവയും വാഹനങ്ങളായ പുഷ്‌പകവിമാനവും മറ്റും നിർമ്മിക്കുകയും രൂപകല്‌പന ചെയ്യുകയും ചെയ്‌തത് ദേവശില്‌പിയായ വിശ്വകർമ്മാവാണ്. ഇന്നത്തെ വിമാനങ്ങളുടെയും മറ്റ് യന്ത്രസാമഗ്രികളുടെയും കെട്ടിടങ്ങളുടെയുമൊക്കെ പുരാതനരൂപമായി ഇതിനെ കണക്കാക്കാം. വൈദഗ്ദ്ധ്യത്തിന്റെയും വിദ്യയുടെയും ഉത്തമ സ്രോതസാണ് ഇവയൊക്കെ എന്ന് ഋഗ്വേദം, യജുർവേദം, ഭാഗവതം, രാമായണം, മഹാഭാരതം എന്നീ ഹിന്ദു പുരാണങ്ങളിൽ നിന്ന് മനസിലാക്കാം.
വിശ്വകർമ്മാവിന്റെ പിൻഗാമികൾ
വിശ്വകർമ്മാവിന് അഞ്ച് പുത്രന്മാരും രണ്ടു പുത്രിമാരുമുണ്ട്. വാനര രൂപത്തിൽ നളൻ എന്ന ഒരു മകനുമുണ്ട്. പുത്രിമാർ സ്വരൂപയും ബഹിഷ്‌മതിയും. അഞ്ച് പുത്രന്മാരും അഞ്ച് കലകളെ പ്രതിനിധാനം ചെയ്യുന്നു.
മാനസാര എന്ന പുത്രൻ വാസ്‌തുവിദ്യയെയു, മയൻ ശില്‌പശാസ്‌ത്രത്തെയും, ത്വഷ്‌ടാവ് ദൈവായുധ നിർമ്മാണത്തെയും, ശില‌്‌പി ശില്‌പനിർമ്മാണത്തെയും ദേവഗന്ധർവൻ സംഗീതോപകരണ നിർമ്മാണത്തെയും പ്രതിനിധാനം ചെയ്യുന്നു എന്നാണ് സങ്കല്പം. ബ്രഹ്മാവിന്റെ അപേക്ഷപ്രകാരം തിലോത്തമ എന്ന അപ്‌സരസിനെ സൃഷ്‌ടിച്ചതും വിശ്വകർമ്മാവാണ്.
ഹസ്‌തകലയ്‌ക്ക് അനുയോജ്യമായ ജന്മാവകാശപരമായ അറിവുകൾ കൈമാറിവരുന്ന വിശ്വകർമ്മാവിന്റെ പിൻഗാമികളാണ് ഇന്നത്തെ വിശ്വകർമ്മജർ. വിശ്വബ്രാഹ്മണർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇവർ വിശ്വകർമ്മാവിനെ കുലദൈവമായി ആരാധിച്ചുവരുന്നു. വിശ്വകർമ്മാവിന്റെ വരം ലഭിച്ചവരാണെന്നാണ് വിശ്വാസം.
വിശ്വകർമ്മ ദിനത്തിൽ യന്ത്രങ്ങളും ഉപകരണങ്ങളും പണിയായുധങ്ങളും വച്ചുള്ള പൂജ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഭാഗ്യദിനമായി കാണുന്നു.
'ഓം വിശ്വകർമ്മണേ നമഃ" എന്ന മൂലമന്ത്രത്താൽ വിശ്വകർമ്മ ദേവനെ ഉപാസിക്കാം. പ്രാർത്ഥനാമന്ത്രം ഇങ്ങനെയാണ്: 'വിശ്വകർമ്മ നമസ്‌തുഭ്യം/ വിശ്വസ്യ സൂജ്യതാം പതേ/ യജ്ഞം സ്ഥാപയ മേ ദേവ/ സർവ കാമാന വാപ്‌നുയാം." ദേവശില്‌പിയായ വിശ്വകർമ്മ ദേവാ, ഞങ്ങൾ ചെയ്യുന്ന ജോലി, സംരംഭങ്ങൾ, ഉപകരണങ്ങൾ എല്ലാം ശുഭവും വിജയവുമാക്കേണമേ, അങ്ങയുടെ കൃപയാൽ ഞങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ മുന്നേറട്ടെ എന്നാണ് ഈ പ്രാർത്ഥന. വിശ്വകർമ്മ പൂജ നടത്തുന്നതിലൂടെ ജോലി സുരക്ഷിതത്വവും സമൃദ്ധിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശില്‌പശാസ്‌ത്രം, യന്ത്രോപകരണ നിർമ്മാണം, വാസ്‌തുവിദ്യ, ആഭരണ നിർമ്മാണം എന്നിവ ജീവിതോപാധിയാക്കിയവരാണ് വിശ്വകർമ്മ വിഭാഗം.
വിശ്വകർമ്മ സമുദായം
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും വിശ്വകർമ്മജർ എന്ന വിഭാഗമുണ്ട്. ഏറ്റവും കൂടുതലായി കേരളത്തിലാണ് ഉള്ളത്. വിശ്വകർമ്മാവിന്റെ അഞ്ച് മുഖങ്ങളെ അഞ്ച് ബ്രഹ്മാക്കളോ പുത്രന്മാരോ ആയി സങ്കൽപ്പിച്ച് യഥാക്രമം ഋഗ്വേദാചാര്യനായ മനു ബ്രഹ്മാവിന്റെ പിന്തുടർച്ചക്കാരായ ഇരുമ്പാചാരിമാർ (കായികമായ ആയുധങ്ങൾ നിർമ്മിക്കുന്നവർ), യജുർവേദാചാര്യനായ മയ ബ്രഹ്മാവിന്റെ പിന്തുടർച്ചക്കാരായ മരാചാരിമാർ (തടിപ്പണികളും വാദ്യോപകരണങ്ങളും മറ്റും നിർമ്മിക്കുന്നവർ), സാമവേദാധിപനായ ത്വഷ്‌ടാവിന്റെ പിൻഗാമികളായ മൂശാരിമാർ (ഓട്ടുപാത്രങ്ങളും നിലവിളക്കുകളും മറ്റും നിർമ്മിക്കുന്നു), ശില്‌പിബ്രഹ്മാവിന്റെ പിന്തുടർച്ചക്കാരായ കല്ലാചാരിമാർ (ഈശ്വരാരാധനയ്ക്കുള്ള ശില്‌പങ്ങളും മറ്റും നിർമ്മിക്കുന്നവർ). വിശ്വബ്രഹ്മാവിന്റെ പിന്തുടർച്ചക്കാരായ സ്വർണപ്പണിക്കാർ (തട്ടാന്മാർ; ഇവർ വെടിമരുന്നു നിർമ്മാണവും കുലത്തൊഴിലാക്കിയവരാണ്) എന്നിവരാണ് ഇവർ.
വിശ്വകർമ്മവിഭാഗത്തിന് പൊതുവേ 'ആചാരി" എന്നൊരു സ്ഥാനനാമമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട സമുദായത്തിന്റെ കഷ്ടപ്പാടിനും ജീവിതാനുഭവങ്ങൾക്കും സാമാന്യവും സാങ്കേതികവുമായ യാതൊരു ഉന്നമനവും ഇന്നില്ല. മുൻകാലങ്ങളിൽ അടിച്ചമർത്തപ്പെട്ടിരുന്ന പല സമുദായങ്ങൾക്കും ഇന്ന് സമൂഹത്തിൽ ഉന്നതസ്ഥാനങ്ങളുണ്ട്. കേരള ജനസംഖ്യ മൊത്തത്തിലെടുത്താൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഹിന്ദു വിഭാഗമാണ് വിശ്വകർമ്മജർ. രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ യാതൊരു പ്രാതിനിദ്ധ്യവും ഈ വിഭാഗത്തിനില്ല.
വിശ്വകർമ്മ ജനതയ്ക്ക് പ്രസക്തമായ സാമൂഹിക ശക്തിയുണ്ട്. പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നല്ലാതെ, ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണം എന്നതു പോലെ വിശ്വകർമ്മ വിഭാഗത്തിനും സംവരണം ലഭ്യമാക്കണമെന്നാണ് ഓരോ വിശ്വകർമ്മജനും ആഗ്രഹിക്കുന്നത്. ബുദ്ധിവൈഭവത്തിലും കർമ്മശേഷിയിലും മുന്നിട്ടുനിൽക്കുന്ന ഈ സമുദായത്തെ കൈപിടിച്ച് പൊതുധാരയിൽ എത്തിക്കുവാൻ നേതൃനിരയിൽ ആരുംതന്നെയില്ല. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനായി വിശ്വകർമ്മജർ കർത്തവ്യബോധത്തോടെയും സ്വാശ്രയശീലത്തോടെയും അടിസ്ഥാനപരമായ സംഘടനാ വൈഭവത്തോടെ മുന്നേറണം.
(വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ്) മുൻ ജില്ലാ പ്രസിഡന്റാണ് ലേഖകൻ. ഫോൺ: 98471 48802)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |