കേരളത്തിലെ സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2025 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. 23 വരെ രജിസ്റ്റർ ചെയ്യാം. താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് 24നും അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് 25നും പ്രസിദ്ധീകരിക്കും. 26 മുതൽ 30 വരെ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാം. വെബ്സൈറ്റ്: www.cee.kerala.gov.in.
എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
ഒന്നാംഘട്ടത്തിൽ അഡ്മിഷൻ ലഭിച്ചവരും, ഓപ്ഷൻ നൽകിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ എം.ബി.ബി.എസ്/ബി.ഡി.എസ് വിഭാഗങ്ങളിലുള്ള ഹയർ ഓപ്ഷനുകൾ റദ്ദാകുമെന്നതിനാൽ ഭാവിയിലുള്ള ഓൺലൈൻ അലോട്ട്‌മെന്റുകളിലും പരിഗണിക്കുന്നതല്ല. എന്നാൽ രണ്ടാംഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ
നടത്തിയില്ലെങ്കിലും ഒന്നാംഘട്ട അലോട്ട്‌മെന്റിലൂടെ അഡ്മിഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിലനിൽക്കും. ആദ്യ ഘട്ട അലോട്ട്‌മെന്റിലൂടെ ഏതെങ്കിലും മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ സീറ്റിൽ താത്പര്യമില്ലെങ്കിൽ
22ന് വൈകുന്നേരം 5ന് മുൻപ് വിടുതൽ നേടാം. എന്നാൽ അത്തരം വിദ്യാർത്ഥികളെ തുടർന്നുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല.
ഗവൺമെന്റ് മെഡിക്കൽ കോളേജ് കാസർകോട്, ഗവൺമെന്റ് മെഡിക്കൽ കോളേജ് വയനാട് എന്നീ കോളേജുകളിലേക്കും ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം.
ഫീസ്
..................
എം.ബി.ബി.എസ് കോഴ്‌സുകളിലെ വിവിധ കോളേജുകളിലെ ഫീസ് നിരക്ക് വെബ്‌സൈറ്റിൽ. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2025-26 വർഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് കോഴ്സിന് അലോട്ട്‌മെന്റ്
ലഭിച്ച വിദ്യാർത്ഥികൾ 2024-25 വർഷത്തെ ഫീസ് താത്ക്കാലികമായി അടയ്‌ക്കണം. പിന്നീട് സർക്കാർ ഉത്തരവ് പ്രകാരം
നിശ്ചയിക്കപ്പെടുന്ന ഈ വർഷത്തെ ഫീസ് അനുസരിച്ച് അധിക തുക അടയ്‌ക്കേണ്ടി വന്നാൽ ഈ തുക പിന്നീട് അടയ്‌ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |