ആലപ്പുഴ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ് )ആലപ്പുഴയിൽ സ്ഥാപിക്കാൻ മുൻകൈയെടുക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ജില്ലയുടെ ആരോഗ്യ വികസ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് നൽകുന്നു. കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലമുൾപ്പടെ ചൂണ്ടിക്കാട്ടി സമൂഹത്തിന്റെ നാനാ തുറകളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 200 ഏക്കർ സ്ഥലമാണ് എയിംസിന് ആവശ്യം. ഇത് ലഭ്യമാക്കിയാൽ അനുകൂല സമീപനമുണ്ടാകുമെന്ന് കേന്ദ്രസർക്കാർ 2014ൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വർഷങ്ങൾക്ക് ശേഷവും കാര്യങ്ങൾ മുന്നോട്ട് നീങ്ങിയിരുന്നില്ല. പകർച്ചവ്യാധികളുടെ പറുദീസ എന്ന് അറിയപ്പെട്ടിരുന്ന ആലപ്പുഴ ഇന്ന് ഏറെ മുന്നേറിയെങ്കിലും, ജനജന്യ രോഗ സാദ്ധ്യത വളരെ കൂടുതലാണ്. മത്സ്യത്തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന ജനവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന ജില്ലയിൽ ആരോഗ്യ മേഖലയിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിലും ചികത്സാസൗകര്യങ്ങളിലും വലിയ കുറവുകളും വെല്ലുവിളികളും നേരിടുന്നുണ്ട്.
ഇരുന്നൂറ് ഏക്കറോളം സ്ഥലം ലഭ്യമാക്കിയാൽ ഏയിംസ് ആലപ്പുഴയ്ക്ക് നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനം.
അനുയോജ്യമായ സ്ഥലങ്ങൾ നിരവധി
1.ആലപ്പുഴ എം.പി കെ.സി.വേണുഗോപാൽ, ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തല തുടങ്ങിയവർ വിവിധ സ്ഥങ്ങൾ നിർദ്ദിഷ്ട പദ്ധതിക്ക് വേണ്ടി ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്
2.കായംകുളം എൻ.ടി.പി.സി, അമ്പലപ്പുഴ പുറക്കാട് ഗാന്ധി സ്മൃതി വന പ്രദേശം, മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ സ്ഥലം എന്നിവ എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ ഭൂമിയാണെന്നാണ് കെ.സി.വേണുഗോപാൽ പറയുന്നത്
3.എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം ഹരിപ്പാടാണെന്ന് ചൂണ്ടിക്കാണിച്ച് രമേശ് ചെന്നിത്തല എം.എൽ.എ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു.യു.ഡി.എഫ് സർക്കാരിന്റെ കാലത്ത്, സിയാൽ മാതൃകയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന്, ഏകദേശം 25 ഏക്കർ കരുവാറ്റ പഞ്ചായത്തിൽ,ദേശീയപാതയോട് ചേർന്ന് റവന്യൂവകുപ്പ് ഏറ്റെടുത്തിരുന്നു
4.നയപരമായ കാര്യങ്ങളെ തുടർന്ന് ഹരിപ്പാട് മെഡിക്കൽ കോളേജിന്റെ നിർവഹണപ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ചതിനാൽ ഈ സ്ഥലം വെറുതെ കിടക്കുകയാണ്. ഇവിടം എയിംസിന് അനുയോജ്യമാണെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല
5. ഒരു പതിറ്റാണ്ടിലേറെയായി കേരളം കാത്തിരിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റിയിൽ കെട്ടിടം മാത്രമാണുള്ളതെന്നും അത്തരം ചികിത്സ ലഭ്യമല്ലെന്നും അവർ പറയുന്നു
അനുയോജ്യം ആലപ്പുഴ
# ജലജന്യ രോഗങ്ങളുടെ ഉത്ഭവസ്ഥാനം
# സമുദ്രനിരപ്പിന് താഴ്ന്നുകിടക്കുന്ന കുട്ടനാട്
#ചിക്കൻഗുനിയ, മന്ത് രോഗം എന്നിവയുടെ പ്രഭവകേന്ദ്രം
# ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ജില്ല
# സ്വകാര്യമേഖലയിൽ ഒരുസൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലില്ല
# പുറക്കാട് 439 ഏക്കർ സ്ഥലമുണ്ട്
# കായംകുളം താപനിലയത്തിന്റെ 800 ഏക്കർ ഉപയോഗശൂന്യമാണ്
# നൂറനാട് പ്രസി സാനിറ്റോറിയം വളപ്പിൽ 200 ഏക്കറോളം സ്ഥലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |