തിരുവനന്തപുരം: കേന്ദ്ര സർക്കാർ പരിഷ്കരിച്ച ജി.എസ്.ടി നിരക്കുകൾ നിലവിൽ വന്നതോടെ, സംസ്ഥാനത്തിന് പ്രതിവർഷം 8000-9000 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
ചരക്കിനത്തിൽ മാത്രം 6300 കോടി രൂപയുടെ നഷ്ടമാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. ഇതു കണക്കിലെടുത്ത് 16- ാം ധനകാര്യ കമ്മീഷനിൽ സംസ്ഥാന സർക്കാർ ഒരു സപ്ലിമെന്ററി മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. ഇതോടൊപ്പം യു.എസിന്റെ താരിഫ് വർധന സംസ്ഥാനത്തെ കയറ്റുമതി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിലക്കയറ്റം പിടിച്ചു നിറുത്തി: ധനമന്ത്രി
വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് സർക്കാർ സംവിധാനങ്ങളായ റേഷൻ കടകൾ, സപ്ലൈകോ, കൺസ്യൂമർ ഫെഡ്, പ്രത്യേക ഫെയറുകൾ എന്നിവ വഴി ഫലപ്രദമായ ഇടപെടൽ സർക്കാർ നടത്തിവരുന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നടപ്പു സാമ്പത്തികവർഷം ഇതുവരെ വിപണി ഇടപെടലിനുവേണ്ടി 273.8 കോടി സപ്ലൈകോ വഴി മാത്രം ചെലവഴിച്ചു.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ റീട്ടെയിൽ പണപ്പെരുപ്പമുള്ള സംസ്ഥാനം കേരളമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്വർണവും വെള്ളിയും ഉൾപ്പെടുന്നവയുടെ ഉപഭോഗവും പണപ്പെരുപ്പം കണക്കാൻ ഉപയോഗിക്കുന്ന ഭക്ഷണ പാനീയങ്ങൾ അടക്കമുള്ളവയുടെ ഉപഭോഗവും വർദ്ധിച്ചതാണ് പണപ്പെരുപ്പമുയരാൻ പ്രധാനകാരണം.
കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ നടപ്പുസാമ്പത്തിക വർഷത്തെ വായ്പാ ആസ്തി 10,000 കോടിയായി ഉയർത്തും. കഴിഞ്ഞ മാർച്ച് 31വരെ 8012 കോടിയായിരുന്നു. കാർഷിക മേഖലയിലെ സംരംഭകർക്ക് 6% പലിശ നിരക്കിൽ 10 കോടിവരെ വായ്പ, മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിൽ രണ്ടുകോടി വരെ 5% നിരക്കിൽ വായ്പ തുടങ്ങിയവ കെ.എഫ്.സിയുടെ ആകർഷക പദ്ധതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |