ഐ.ടി രംഗത്ത് മാന്ദ്യം പ്രത്യക്ഷമാകുന്ന കാലമാണിത്. ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനി, വർഷങ്ങൾക്ക് മുൻപ് 10 മില്യൺ ഡോളറിന് ചെയ്തുനൽകിയ ജോലി ഏഴെട്ടുമാസമായി അഞ്ചുമില്യൺ ഡോളറിന് ചെയ്തുകൊടുക്കേണ്ടിവരുന്നു. അതേജോലി കഴിഞ്ഞ മൂന്നുമാസമായി മൂന്നു മില്യൺ ഡോളറിന് ചെയ്യേണ്ടിയും വരുന്നു.
ചെലവുചുരുക്കലിന്റെ ഭാഗമായി കമ്പനികൾ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ജീവനക്കാരെ കുറയ്ക്കും. മാനുവൽ ടെസ്റ്റിംഗ് കുറഞ്ഞ് ഓട്ടോമാറ്റിക്ക് ടെസ്റ്റിംഗ് നടക്കുന്നു. ഇതിലൂടെ കുറേപേർക്ക് ജോലി നഷ്ടമായി. കൂടുതൽ ജീവനക്കാരെയും ബില്ലബിൾ (ഒരാൾ ചെയ്യുന്ന ജോലിക്ക് കമ്പനിക്ക് പ്രതിദിനമോ മണിക്കൂറിലോ പണം കിട്ടുന്നത്) ആക്കാനാണ് കമ്പനികളുടെ ശ്രമം. പ്രോജക്ടുകൾ ഉപേക്ഷിക്കുകയും അതിന് കീഴിൽ പ്രവർത്തിക്കുന്നവരെ പറഞ്ഞുവിടുകയുമാണ് അമേരിക്കയിലെ രീതി.
എന്നാൽ, ഇന്ത്യയിൽ ബില്ലബിൾ അല്ലാത്തവരെയും ചെലവ് കൂടുതലുള്ളവരെയും പുറത്താക്കുന്നു. 20 വർഷവും അഞ്ചുവർഷവും അനുഭവസമ്പത്തുള്ളവരുടെ ഔട്ട്പുട്ട് ഇന്ന് ഒരുപോലെയാണ്. അഞ്ചുവർഷം അനുഭവമുള്ളയാൾക്ക് കുറഞ്ഞ ശമ്പളം നൽകിയാൽ മതി. അനുഭവമുള്ളവർ പതിയെ കമ്പനിയിൽ നിന്നിറങ്ങി സ്വതന്ത്രമായി കരാർ എടുക്കുകയോ കമ്പനി തുടങ്ങുകയോ ചെയ്യും.
നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച്, എൻജിനിയറിംഗ് മേഖലയിൽ പഠിച്ചിറങ്ങുന്നവരിൽ 15 ശതമാനത്തിനുപോലും ജോലിയിൽ പ്രവേശിക്കാനുള്ള സാമർത്ഥ്യമില്ല. 100 പേരെഴുതുന്ന പരീക്ഷയിൽ കേരളത്തിന് പുറത്തുള്ളവരിൽ 40- 50പേർ പാസാകുമ്പോൾ കേരളത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് വിജയിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചയാണിത് സൂചിപ്പിക്കുന്നത്.
സെൽഫ്- ഫിനാൻസിംഗ് കോളേജുകൾ തുടങ്ങിയപ്പോൾ മാത്തമാറ്റിക്സിന് മാർക്കില്ലാത്തവർക്കും അഡ്മിഷൻ നൽകാമെന്ന തീരുമാനം നമ്മൾ സ്വീകരിച്ചു. ഇന്ന് ആ തീരുമാനങ്ങൾ തിരിച്ചടിയാകുന്നു. എൻജിനിയറിംഗ് പഠിക്കാൻ കഴിവില്ലാത്തവർ മാനേജ്മെന്റ് ക്വാട്ടകളിലും പ്രൈവറ്റ് സ്ഥാപനങ്ങളിലുമായി പഠിക്കുന്നു. ഇവർ ഒന്നുകിൽ കുറഞ്ഞ മാർക്ക് നേടുന്നു, അല്ലെങ്കിൽ പാസാവുന്നില്ല. അവർ ജോലി നേടാൻ പ്രയാസപ്പെടും.
അതുപോലെ, ഫ്രഷർ റിക്രൂട്ട്മെന്റുകളും കമ്പനികൾ കുറയ്ക്കുന്നു. 20,000പേരെ നിയമിച്ചിരുന്ന സ്ഥാപനങ്ങൾ ഇന്ന് 5,000പേരെയാണ് എടുക്കുന്നത്. യു.എസ് തീരുവ ഏർപ്പെടുത്തിയത് ഐ.ടി രംഗത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, അവിടത്തെ മൊത്തത്തിലുള്ള രാഷ്ട്രീയസാഹചര്യവും സമ്പദ്ഘടന മോശമാകുമെന്നുള്ള ആശങ്കയും ഐ.ടി മേഖലയിലാകെ അസ്ഥിരത സൃഷ്ടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |