തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന കേരളീയർക്ക് പാൽവിലയുടെ രൂപത്തിൽ സർക്കാർ വക അടുത്ത ഇരുട്ടടി വരുന്നു. സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ വ്യക്തമാക്കി. തോമസ് കെ തോമസ് നൽകിയ സബ്‌മിഷനുള്ള മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മിൽമയ്ക്കാണ് പാൽവില വർദ്ധിപ്പിക്കാനുള്ള അധികാരമുള്ളത്. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർദ്ധനയുണ്ടാവുന്നതെന്നും അതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.
അതേസമയം, ആവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് സഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു. വിഷയം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. 12 മണിമുതൽ രണ്ട് മണിക്കൂറാണ് ചർച്ച.വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ വിപണി ഇടപെടലുകളിലെ പോരായ്‌മകൾ ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. തുടർച്ചയായ മൂന്നാം ദിവസമാണ് നിയമസഭയിൽ അടിയന്തരപ്രമേയത്തിന്മേൽ ചർച്ച നടക്കുന്നത്.
പൊലീസ് അതിക്രമങ്ങൾ, അമീബിക് മസ്‌തിഷ്‌ക ജ്വരം എന്നിവ സംബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസവും സഭയിൽ അടിയന്തരപ്രമേയ ചർച്ച നടന്നിരുന്നു. ഇന്ന് 2025ലെ കേരള വനഭേദഗതി ബിൽ, വന്യജീവി സംരക്ഷണം കേരള ഭേദഗതി ബിൽ, കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ എന്നിവയും സഭയിൽ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |