മുമ്പ് നാടകങ്ങളിലും നോവലുകളിലും മറ്റും 'കോൺസ്റ്റബിൾ കുട്ടൻ പിള്ള" എന്നൊരു ദുഷ്ട കഥാപാത്രമുണ്ടായിരുന്നു. സംസ്കാരശൂന്യനായ സാക്ഷാൽ ഇടിയൻ പൊലീസ്. നിയമപാലകർ നിക്കറിട്ടിരുന്ന കാലത്തെ തിന്മകളുടെ പ്രതീകം. അന്ന് പൊലീസിന്റെ പൊതുവേയുള്ള പെരുമാറ്റം അങ്ങനെയൊക്കെയായിരുന്നു. രാജൻ കേസും നക്സലൈറ്റ് വർഗീസ് വധവുമടക്കം പൊന്തി വന്നിട്ടും പൊലീസ് നന്നായിരുന്നില്ല. ട്രൗസറിട്ട പൊലീസിന് പകരം പാന്റിട്ട വിദ്യാസമ്പന്നർ എത്തിയെങ്കിലും സേനയുടെ പരിഷ്ക്കരണത്തിനും ജനമൈത്രി പൊലീസിന്റെ അവതരണത്തിനും വീണ്ടും സമയമെടുത്തു. എന്നാൽ എല്ലാം പുറംപൂച്ച് മാത്രമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കോളിളക്കമുണ്ടാക്കിയ കുന്നംകുളം പൊലീസ് മർദ്ദനത്തിന് പിന്നാലെ ഡസൻ കണക്കിന് സംഭവങ്ങളാണ് പുറത്തുവരുന്നത്. പല ലോക്കപ്പ് മർദ്ദനത്തിലും ഇരകളായവർ നീതി തേടി മജിസ്ട്രേറ്റ് കോടതിയിലെത്തിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യാേഗസ്ഥർക്കെതിരേ നടപടിക്ക് ശുപാർശയും ഉണ്ടായിട്ടുണ്ട്. ചിലർക്കെതിരേ നടപടിയുണ്ടായി. എന്നാൽ കുറ്റക്കാരായ പല പൊലീസ് ഉദ്യോഗസ്ഥരും ഭരണത്തിന്റെ തണലിൽ സംരക്ഷിക്കപ്പെടുകയായിരുന്നു.
സമീപകാലത്തെ പല പൊലീസ് പീഡനങ്ങളിലും നായകനായ ഡി.വൈ.എസ്.പി മധു ബാബുവിന് പ്രൊമോഷനും ഡി.ജി.പിയുടെ പ്രശംസാപത്രവും ലഭിച്ചത് ഉദാഹരണം. വെളിപ്പെടുത്തലുകളുടെ ട്രെൻഡ് നിലനിൽക്കുന്ന ഈ സമയത്ത് ഏതാനും കേസുകൾ ഹൈക്കോടതിയുടെ പരിഗണയിലുമെത്തിയിരിക്കുകയാണ്. സേനയെ കാടടച്ചു കുറ്റപ്പെടുത്താനാകില്ലെങ്കിലും അവസരത്തിനൊത്ത് നിറം മാറുന്നവരാണ് അതിലേറെയും.
നന്നാവാൻ മനസില്ല
പൊലീസ് സേനയെ നവീകരിക്കാനായി കോടികൾ മുടക്കി വിപുലമായ പരിപാടികൾ കാലാകാലങ്ങളിൽ നടപ്പാക്കുന്നുണ്ട്. പൊലീസ് പരിഷ്കരണ സമിതിയും പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിയുമെല്ലാം സജ്ജമാണ്. പേരിനെങ്കിലും ചില ശുപാർശകളും നടപടികളുമെടുക്കാറുണ്ട്. പൊലീസ് ജനങ്ങളോട് എങ്ങനെ പെരുമാറണം, കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ തുടങ്ങിയവയെല്ലാം ന്യായ സംഹിതയിലും പൊലീസ് ആക്ടിലുമെല്ലാം വ്യക്തമാണ്. സുപ്രീം കോടതിയും പല ഉത്തരവിട്ടിട്ടുണ്ട്. എങ്കിലും പൊലീസ് ക്രൂരത സംബന്ധിച്ച അക്ഷേപങ്ങൾ തുടരുകയാണ്. ഹൈക്കോടതിക്ക് പലവട്ടം ഓർമ്മപ്പെടുത്തലുകൾ നൽകേണ്ടി വന്നു. അന്വേഷണത്തിന്റെ പേരിൽ പൊലീസ് അസമയത്ത് വീടുകളിൽ ചെന്ന് വാതിലിൽ മുട്ടരുതെന്ന് ഉത്തരവുണ്ടായി. കസ്റ്റഡിയിലെടുക്കുന്നവരെ ഉടൻ വിട്ടയച്ചില്ലെങ്കിൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കണമെന്നാണ് ചട്ടം. എന്നാൽ പലരേയും രണ്ടോ മൂന്നോ ദിവസം ചോദ്യം ചെയ്ത ശേഷമാണ് ഹാജരാക്കാറുള്ളത്. അറസ്റ്റിലായ തീയതി തെറ്റായി കാണിക്കുന്നതാണ് പൊലീസ് രീതി. ഇത് പാടില്ലെന്നും ഹൈക്കോടതി വിധിയുണ്ടായി. വാസ്തവത്തിൽ പൊലീസിന്റെ തല്ലു കൊള്ളുന്നവർ പൊതുവേ നിശബ്ദത പാലിക്കാറാണ് പതിവ്. പരാതിക്ക് പോയാൽ ജീവിതത്തിൽ പിന്നെ സ്വസ്ഥത കാണില്ല. അതാണ് കാക്കിയുടെ പവറ്. എന്നാൽ യുവനേതാക്കൾ ഇരകളായ രണ്ട് കേസുകളിൽ മറിച്ചാണ് സംഭവിച്ചത്.
കുന്നംകുളവും കോന്നിയും
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ക്രൂരമർദ്ദനം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പൊലീസ് നടപടിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ വി.എസ്. സുജിത്തിനെ കസ്റ്റഡിയിലെടുത്ത് കൂട്ടമർദ്ദനത്തിന് ഇരയാക്കിയത്. അല്ലാതെ ക്രിമിനൽ കുറ്റങ്ങളുടെ പേരിലായിരുന്നില്ല. 2023ൽ നടന്ന സംഭവം പകൽപോലെ തെളിയിക്കാൻ സുജിത്തിനും മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ വർഗീസിനും രണ്ടുവർഷം കാത്തിരിക്കേണ്ടി വന്നു. പ്രശ്നം തീർക്കാൻ പല പ്രലോഭനങ്ങളും ഉണ്ടായെങ്കിലും വഴങ്ങിയില്ല. ഒടുവിൽ വിവരാവകാശ അപേക്ഷയിലൂടെ ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചതോടെ കേരളം ഞെട്ടി. പേരിനു മാത്രം നടപടി നേരിട്ടിരുന്ന പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചു. ഇപ്പോൾ കൂടുതൽ വിപുലമായ ആവശ്യങ്ങളുമായി സുജിത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പൊലീസ് സ്റ്റേഷനുകളിലെ സി.സി ടി.വികളുടെ പ്രവർത്തനം, മനുഷ്യാവകാശക്കോടതികളുടെ നടപടിക്രമങ്ങൾ എന്നിവ കാര്യക്ഷമമാക്കാൻ നടപടി വേണമെന്നാണ് സുജിത് അടക്കം നൽകിയ പൊതുതാത്പര്യ ഹർജികളിലെ ആവശ്യം. വിഷയത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. എല്ലാ സ്റ്റേഷനുകളിലും ക്യാമറ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നതിലടക്കമാണ് വിശദീകരണം നൽകേണ്ടത്. മനുഷ്യാവകാശ നിയമത്തിൽ പരാമർശിക്കുന്ന കോടതികളുടെ (ചുമതലപ്പെടുത്തിയ സെഷൻസ് കോടതികൾ) ഫലപ്രദമായ പ്രവർത്തനം ഉറപ്പുവരുത്താൻ അധികൃതർക്ക് മാർഗനിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. മനുഷ്യാവകാശക്കോടതികളുടെ പ്രവർത്തനം സംസ്ഥാനത്ത് കാര്യക്ഷമമല്ലെന്ന് ഹർജിയിൽ പറയുന്നു. ഓരോ ജില്ലയിലും ഓരോ സെഷൻസ് കോടതികളെ പ്രത്യേക മനുഷ്യാവകാശ കോടതികളായി ചീഫ് ജസ്റ്റിസ് വിജ്ഞാപനം ചെയ്യണമെന്നാണ് വ്യവസ്ഥ. ഈ കോടതികൾക്ക് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുമാകും. ബന്ധപ്പെട്ട നിയമങ്ങളുടെ അഭാവവും ഇത്തരം കോടതികളുടെ പ്രവർത്തനത്തിന് തടസമാണെന്ന് ഹർജിയിൽ പറയുന്നു. ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായിട്ടും വേഗത്തിൽ നീതി ലഭിക്കാൻ സുജിതിന് മനുഷ്യാവകാശ കോടതിയെ സമീപിക്കാൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
കോന്നിയിലെ സ്റ്റേഷൻ മർദ്ദനത്തിന് ഇരയായത് എസ്.എഫ്.ഐ മുൻ നേതാവ് പത്തനംതിട്ട തണ്ണിത്തോട് സ്വദേശി കെ. ജയകൃഷ്ണനാണ്. 2012ൽ നടന്ന സംഭവത്തിന് പിന്നാലെ തന്നെയുണ്ട് ജയകൃഷ്ണൻ. കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷൻ നടപടിയാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇതിലും സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അന്നത്തെ സി.ഐയായിരുന്ന ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബു, കോന്നി മുൻ എസ്.ഐ കെ. ഗോപകുമാർ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹർജി.
ശരീരമാസകലം മർദ്ദിക്കുകയും മുളക്‌സ്‌പ്രേ അടിക്കുകയും കാൽപാദത്തിൽ നിരന്തരം അടിക്കുകയും ചെയ്തിരുന്നു. പിടികൂടിയ കേസിൽ താൻ കുറ്റവാളിയല്ലെന്ന് കണ്ടെത്തിയെങ്കിലും തെളിയാതെ കിടന്ന ചില കേസുകളിൽ പ്രതിയാക്കി തടവിലിട്ടതായും ഹർജിയിൽ പറയുന്നു. മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരത വ്യക്തമാക്കി ഇവർക്കെതിരെ നടപടിക്ക് നിർദേശിച്ച് 2016ൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, സ്ഥാനക്കയറ്റത്തിന് റിപ്പോർട്ട് തടസമാകരുതെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ മറവിൽ ഇവർക്കെതിരായ നടപടി ഡി.ജി.പി തടയുകയായിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളിൽ ആരോപണ വിധേയനാണ് മധു ബാബുവെന്നും ഹർജിയിൽ പറയുന്നു. സർക്കാരിനും ഡി.ജി.പിക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ജയകൃഷ്ണൻ ഹൈക്കോടതിയിൽ എത്തിയത്.
പൊലീസിന്റെ പെരുമാറ്റവും നടപടിക്രമങ്ങളും സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും ഏറെയുണ്ട്. അതിനാൽ പുതിയ വ്യവസ്ഥകൾ കൊണ്ടുവരേണ്ട ആവശ്യമില്ല. എങ്കിലും നിയമപാലകർ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൈക്കോടതിയുടെ കൂടുതൽ മാർഗനിർദ്ദേശങ്ങളുണ്ടാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |