ന്യൂഡൽഹി: ഇന്ത്യയ്ക്കു മേൽ യു.എസ് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാദ്ധ്യതയെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-യു.എസ് വ്യാപാര പ്രതിനിധി സംഘങ്ങളുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണിത്. കൊൽക്കത്തയിൽ മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നു പോലും പ്രതീക്ഷിച്ചിരുന്നില്ല. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാകാം 25 ശതമാനം പിഴ തീരുവയിലേക്ക് നയിച്ചത്. സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ,നവംബർ 30ന് ശേഷം അധിക തീരുവ ഉണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ് തുടർ ചർച്ചകളുടെ ഗതി പരിശോധിക്കുമ്പോൾ അധിക തീരുവയിലും മറ്റ് തീരുവകളിലും രണ്ട് മാസത്തിനുള്ളിൽ ഒരു പരിഹാരം ഉണ്ടാകേണ്ടതാണ്.
ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യാ-യു.എസ് പ്രാഥമിക ചർച്ചകളിൽ തീരുവ തർക്കവും ഉയർന്നിരുന്നു. ആഭ്യന്തര ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്താണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ കുറഞ്ഞ വിലയിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിച്ചാൽ പരിഗണിക്കുമെന്നും ചൂണ്ടിക്കാട്ടിയത്.
സൗദി അറേബ്യ ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ നൽകാമെന്ന് വാഗ്ദാനം നൽകിയ പശ്ചാത്തലത്തിലാണിത്. തർക്കം തീർക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ശ്രമം നടത്തുന്നതും നല്ല സൂചനയായാണ് ഇന്ത്യ കാണുന്നത്. വ്യാപാര ചർച്ചകൾ ഉടൻ പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരം ട്രംപാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെ സ്വാഗതവും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |