കോഴിക്കോട്: പഠനത്തോടൊപ്പം പോക്കറ്റ് മണിയും കൂൺ കൃഷിയിൽ വിജയം കൊയ്ത് ദേവഗിരിയിലെ പെൺകൂട്ട്. ഔട്ട്കം ബേസ് എഡ്യുക്കേഷന്റെ ഭാഗമായി പഠിച്ചെടുത്ത പാഠങ്ങളുടെ ബലത്തിലാണ് ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥികൾ 'ദേവ്ഷ്റൂം' ബ്രാൻഡിൽ കൂൺ കൃഷിയിലേക്കിറങ്ങിയത്. 2023ൽ മൂന്നാംവർഷ ബോട്ടണി വിദ്യാർത്ഥികൾ 15 ബെഡുകളുമായി തുടങ്ങിയ സംരംഭം ഇന്ന് തൊണ്ണൂറിലധികം മഷ്റും ബെഡുകളുള്ള സംരംഭക യൂണിറ്റായി. കഴിഞ്ഞ മാർച്ചിൽ 15 കിലോയിലധികം കൂണാണ് 20 ബെഡിൽ നിന്ന് മാത്രം വിപണിയിലെത്തിച്ചത്.
കൃഷിയ്ക്കായി നവീകരിച്ച മുറി
പ്രത്യേകം നവീകരിച്ച മുറിയിലാണ് എച്ച്.യു. സ്ട്രെയിൻ വിഭാഗത്തിൽപ്പെട്ട ചിപ്പിക്കൂണും പിങ്ക് ഓയ്സ്റ്റർ കൂണും വളരുന്നത്. ബോട്ടണി വകുപ്പിന്റെ റിവോൾവിംഗ് ഫണ്ടിൽ നിന്നാണ് പ്രാരംഭ മൂലധനം. ഐ.സി.എ.ആറിന്റെ കീഴിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അഗ്രി ബിസിനസ് ഇൻക്യുബേഷൻ സെന്ററാണ് മഷ്റും സ്പോൺ വിതരണം ചെയ്യുന്നത്. മഷ്റൂം ബെഡ് മീഡിയമായ മഷ്പെല്ലെറ്റ് കണ്ണൂരിലെ മൺസൂൺ മഷ്റൂംസിൽ നിന്നാണ് വാങ്ങുന്നത്. കൂൺ കൃഷിയ്ക്കാവശ്യമായ ബെഡ് ഒരുക്കൽ, വിത്തുനിക്ഷേപം, പരിചരണം, വിളവെടുപ്പ്, പാക്കിംഗ്, വിപണനം തുടങ്ങി എല്ലാ ഘട്ടങ്ങൾക്കും നേതൃത്വം വിദ്യാർത്ഥികൾ തന്നെ. നൂറുഗ്രാം 40 രൂപ നിരക്കിലാണ് വിപണനം. കിട്ടുന്ന ലാഭം സംരംഭകരായ വിദ്യാർത്ഥികൾ വീതിച്ചെടുക്കും.
കൂടുതൽ ഉയരങ്ങളിലേക്ക്
ദേവ്ഷ്റൂം' എന്ന ബ്രാൻഡിംഗിൽ കോളേജിന് പുറത്തെ വിപണിയിലെത്തുന്ന മഷ്റൂമിന് എഫ്എസ്എസ്എഐ രജിസ്ട്രേഷൻ കിട്ടിയിട്ടുണ്ട്. കൂടുതൽ ബെഡുകൾ സ്ഥാപിച്ച് കൃഷി യൂണിറ്റ് വിപുലീകരിക്കുക, കൂൺവിത്ത് ഉത്പാദിപ്പിക്കുക, പൊതുജനങ്ങൾക്ക് പരിശീലനം നൽകുക, പ്രൊസസിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിലേക്കുള്ള ആശയം രൂപപ്പെടുത്തുക തുടങ്ങിയവയാണ്
"ദേവ്ഷ്റൂം" ലക്ഷ്യമിടുന്നത്.
കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ബിജു ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാദർ ഡോ. ബോണി അഗസ്റ്റിൻ, ബോട്ടണി മേധാവി ഡോ. ഡെൻസ് പി. സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. സതീഷ് ,ബോട്ടണി അദ്ധ്യാപിക ഡോ. സൗമ്യ എസ്. എൽ എന്നിവരാണ് പദ്ധതിയ്ക്ക്
ചുക്കാൻ പിടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |